kasaragod local

99 ബൂത്തുകളെ ഓണ്‍ലൈനില്‍ നിരീക്ഷിച്ചു; വെബ്കാസ്റ്റിങ് വിജയം

കാസര്‍കോട്: നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 99 പോളിങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റിങ് സംവിധാനം പൂര്‍ണ്ണമായും വിജയകരമായിരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. അക്ഷയ, എന്‍ഐസി, ജില്ലാ ഐടി സെല്‍, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, സംസ്ഥാന ഐടി മിഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. പോളിങിന് തൊട്ടു മുമ്പ് മുതല്‍ അവസാന വോട്ടും പോള്‍ ചെയ്ത് പ്രിസൈഡിങ് ഓഫിസര്‍ വോട്ടിങ് യന്ത്രത്തില്‍ സീല്‍ ചെയ്യുന്നത് വരെയുള്ള നടപടികളാണ് ഓണ്‍ലൈനായി നിരീക്ഷിച്ചത്.
വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയ ബൂത്തുകളിലെ പോളിങ് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു. കലക്ടറേറ്റിലാണ് വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ തല്‍സമയ പരിശോധന നടത്തിയിരുന്നു. സാങ്കേതിക സഹായത്തിനായി ഏഴു ടീമുകളെ നിയോഗിച്ചിരുന്നു. ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും ഉടന്‍ പരിഹരിച്ചാണ് പോളിങ് ഓണ്‍ലൈനായി നിരീക്ഷിച്ചത്.
വെബ്കാസ്റ്റിങ് സംബന്ധിച്ച് അക്ഷയ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ വി എസ് അനില്‍, ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ രാജന്‍, കെഎസ്ഇബി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി ജയകൃഷ്ണന്‍, കാസര്‍കോട് സിബിസിഐഡി എഎസ്‌ഐ എം പുരുഷോത്തമന്‍, ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എന്‍ജിനിയര്‍ കെ ഗോവിന്ദ ഭട്ട്, ജില്ലാ ഐടി സെല്‍ കോ-ഓഡിനേറ്റര്‍ ടി കെ വിനോദ്, കലക്ടറേറ്റിലെ ജെ എസ് വിജയമ്മ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it