Alappuzha local

98.72 ശതമാനം വിജയം

ആലപ്പുഴ: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98.725 ശതമാനം പേരും വിജയിച്ചു.
പരീക്ഷയെഴുതിയ 26,269 വിദ്യാര്‍ഥികളില്‍ 25,934 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. ജില്ലയില്‍ 1232 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 440 പേരായിരുന്നു. എന്നാല്‍ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 26,470 പേര്‍ വിജയിച്ച് 99.09 ശതമാനം വിജയം നേടിയപ്പോള്‍ ഇക്കുറി 98.72 ശതമാണ് വിജയം.
ജില്ലയിലെ ആകെ 198 സ്‌കൂളുകളില്‍ 104 എണ്ണത്തില്‍ നൂറ് ശതമാനം കുട്ടികളും വിജയിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലക്കാണ് ഏറ്റവുമധികം വിജയശതമാനം. 99.34 ശതമാനം. ഇവിടെ 2,427 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,411 പേര്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടി.
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 7870 പേര്‍ പരീക്ഷയെഴുതിയതില്‍ 7768 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 98.7. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 7715 പേര്‍ പരീക്ഷയെഴുതിയതില്‍ 7602 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 98.54.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഇവിടെ 8257 പേര്‍ പരീക്ഷയെഴുതിയതില്‍ 8153 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 98.74. എ പ്ലസ് ലഭിച്ചവര്‍ ഏറ്റവുമധികം പേര്‍ ഇവിടെയാണ്. 538 പേര്‍ക്ക് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ പകുതിയിലധികം സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. ഇവിടെ ആകെയുള്ള 33 സ്‌കൂളുകളില്‍ 26 എണ്ണം നൂറു ശതമാനം വിജയം കരസ്ഥമാക്കി. ചേര്‍ത്തലയിലെ 47 സ്‌കൂളുകളില്‍ 24 എണ്ണം നൂറ് ശതമാനം വിജയം നേടിയപ്പോള്‍ ആലപ്പുഴയിലെ 45 സ്‌കൂളുകളില്‍ 15 എണ്ണം നൂറിന്റെ പട്ടികയില്‍ കടന്നുകൂടി.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ആകെയുള്ള 73 സ്‌കൂളുകളില്‍ 39 എണ്ണത്തിന് നൂറ് ശതമാനം വിജയം നേടാനായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം വിദ്യാഭ്യാസ ജില്ല തിരിച്ച്: ചേര്‍ത്തല ( 289), ആലപ്പുഴ (321), കുട്ടനാട് (84), മാവേലിക്കര ( 538).
Next Story

RELATED STORIES

Share it