98ാം വയസ്സില്‍ രാജ്കുമാറിന് ബിരുദാനന്തര ബിരുദം

പട്‌ന: 98ാം വയസ്സില്‍ ബിരുദാനന്തര ബിരുദം. രാജ്കുമാര്‍ വൈശ് എന്നയാളാണ് 98ാം വയസ്സില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയെടുത്തത്. നളന്ദ സര്‍വകലാശാലയുടെ 12ാം ബിരുദദാന സമ്മേളനത്തില്‍ 98കാരനായ വൈശിന് ബിരുദാനന്തര ബിരുദം സമ്മാനിച്ചു. മേഘാലയ ഗവര്‍ണര്‍ ഗംഗാ പ്രസാദില്‍ നിന്നാണു രാജ്കുമാര്‍ വൈശ് ബിരുദാനന്തര ബിരുദം ഏറ്റുവാങ്ങിയത്.
2015ലാണ് വൈശ് എംഎ സാമ്പത്തിക ശാസ്ത്രത്തിനു ചേര്‍ന്നത്. താന്‍ കഠിനാധ്വാനം ചെയ്തുവെന്നും സ്വപ്‌നം സാക്ഷാല്‍ക്കരിച്ചുവെന്നും വൈശ് പറഞ്ഞു. ഈ വര്‍ഷം 22,100 കുട്ടികള്‍ ബിരുദത്തിന് അര്‍ഹരായെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ എസ് പി സിന്‍ഹ പറഞ്ഞു.
സ്വര്‍ണ മെഡല്‍ ജേതാക്കളടക്കം 2,780 പേരെയാണ് ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. വൈശ് അവരിലൊരാളാണെന്ന് അദ്ദേഹം പറഞ്ഞു.
വൈശിന് ഈ പ്രായത്തിലും എവിടെ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്ന് അദ്ഭുതപ്പെടുന്നുവെന്നും സിന്‍ഹ പറഞ്ഞു. ഈ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം ലഭിച്ച ഏറ്റവും പ്രായകൂടിയ വ്യക്തിയാണു വൈശ്. പിതാവിന്റെ സ്വപ്‌നം നിറവേറ്റിയതില്‍ സന്തോഷമുണ്ടെന്ന് വൈശിന്റെ മകനും എന്‍ഐടി റിട്ട. പ്രഫസറുമായ സന്തോഷ് കുമാര്‍ പറഞ്ഞു. 1938ല്‍ ആഗ്ര സര്‍വകലാശാലയില്‍ നിന്ന് വൈശ് ബിരുദമെടുത്തിരുന്നു.
Next Story

RELATED STORIES

Share it