Flash News

97.3 ശതമാനം തദ്ദേശ സ്ഥാപനങ്ങളും പദ്ധതി രൂപീകരണവുമായി മുന്നോട്ട് ; പദ്ധതി സമര്‍പ്പണത്തില്‍ ചരിത്രനേട്ടം



എന്‍ എ ശിഹാബ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വര്‍ഷത്തെ പദ്ധതി സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കെ സംസ്ഥാനത്തെ 32 തദ്ദേശ സ്ഥാപനങ്ങള്‍ ഇനിയും പദ്ധതി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി 97.3 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി. ആകെ സമര്‍പ്പിച്ച 2,53,745 പദ്ധതികളില്‍ 51.8 ശതമാനം പദ്ധതികള്‍ക്കാണ് ഡിപിസി അംഗീകാരം നല്‍കിയത്. ആകെ 1,31,416 പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമായി. എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളും പദ്ധതി സമര്‍പ്പിച്ചു. പത്തനംതിട്ട ജില്ലയാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ജില്ലകളുടെ പ്രകടനം ഇങ്ങനെ (ജില്ല, തദ്ദേശ സ്ഥാപനങ്ങള്‍, പദ്ധതി സമര്‍പ്പിച്ചവ എന്ന ക്രമത്തില്‍): തിരുവനന്തപുരം 90, 86, കൊല്ലം 85, 84, പത്തനംതിട്ട 66, 61, ആലപ്പുഴ 91, 89, കോട്ടയം 89, 87, ഇടുക്കി 63, 61, എറണാകുളം 111, 111, തൃശൂര്‍ 111, 110, പാലക്കാട് 109, 109, മലപ്പുറം 122, 117, കോഴിക്കോട് 91, 86, വയനാട് 31, 30, കണ്ണൂര്‍ 93, 89, കാസര്‍കോട് 48, 48, ആകെ 1200, 1168. ബ്ലോക്ക് പഞ്ചായത്തില്‍ 152-150ഉം കോര്‍പറേഷനില്‍ 6ല്‍ 4ഉം ജില്ലാ പഞ്ചായത്തില്‍ 14ല്‍ 12ഉം ഗ്രാമപ്പഞ്ചായത്തില്‍ 941ല്‍ 924ഉം മുനിസിപ്പാലിറ്റിയില്‍ 87ല്‍ 78ഉം സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടി. ഉല്‍പാദനം, സേവനം, പശ്ചാത്തല വികസനം എന്നീ മൂന്നു മേഖലകളിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖ്യമായും പദ്ധതി തയ്യാറാക്കുന്നത്. മുമ്പില്ലാത്ത വിധം സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതിനാല്‍ സംസ്ഥാനമൊട്ടാകെ പദ്ധതി തയ്യാറാക്കലും ആലോചനാ യോഗങ്ങളും ദ്രുതഗതിയില്‍ നടന്നിരുന്നു. 10നു മുമ്പ് ഓണ്‍ലൈനായി പദ്ധതിരേഖ സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും പല സ്ഥാപനങ്ങളും പിന്നാക്കം നിന്നതോടെ ഇന്നുവരെ നീട്ടിനല്‍കിയിരുന്നു. 15നു സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതിവിഹിതം നഷ്ടമാവുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. പൂര്‍ത്തിയാവാത്ത പദ്ധതികളും പുതിയ പദ്ധതികളും ചേര്‍ത്തു സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കു വിധേയമായി പദ്ധതി രൂപീകരിക്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വെല്ലുവിളിയായിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എന്‍ജിനീയര്‍മാരില്ലാത്തതും ഒട്ടേറെ ജനപ്രതിനിധികള്‍ പനിയും ഡെങ്കിപ്പനിയും ബാധിച്ചു കിടപ്പിലായതും പദ്ധതിരേഖാ സമര്‍പ്പണത്തെ ബാധിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം തദ്ദേശ സ്ഥാപനങ്ങള്‍ ജൂണില്‍ തന്നെ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടുന്നത്. ഇക്കുറി ജൂലൈയില്‍ തന്നെ പദ്ധതികളുടെ പ്രവൃത്തി തുടങ്ങാനാണ് സര്‍ക്കാരിന്റെ അതിവേഗ നീക്കം. ഇതുവഴി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പതു മാസം ലഭിക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ പദ്ധതി സമര്‍പ്പണം ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ നീണ്ടിരുന്നു. അംഗീകാരം ലഭിച്ച് ഇവ നടപ്പാക്കിത്തുടങ്ങുമ്പോള്‍ ഡിസംബറാകും. പിന്നെ ആകെയുള്ള മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മിക്ക പദ്ധതികളും പാതിവഴിയില്‍ അവസാനിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ തിടുക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത് പലവിധ പാകപ്പിഴകള്‍ക്കും ഇടയാക്കുന്നു. നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന റോഡ് നവീകരണം, അഴുക്കുചാല്‍ നിര്‍മാണം, ഭവന നിര്‍മാണം, സ്‌കൂള്‍ കെട്ടിടങ്ങളുടെയും അങ്കണവാടികളുടെയും നവീകരണം, പട്ടികജാതി-പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍.
Next Story

RELATED STORIES

Share it