964 അനാഥാലയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

964 അനാഥാലയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍
X
orphanage-new

പി അനീബ്


കോഴിക്കോട്: സംസ്ഥാനത്തെ 42.65 ശതമാനം അനാഥാലയങ്ങളും/ കെയര്‍ഹോമുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപോര്‍ട്ട്. ആകെയുള്ള 2260 സ്ഥാപനങ്ങളില്‍ 964 എണ്ണം പ്രതിസന്ധി നേരിടുന്നതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 2013-14ലെ എന്‍പിഐ-ഓര്‍ഫനേജ്/കെയര്‍ ഹോം സര്‍വേ റിപോര്‍ട്ട് പറയുന്നു.
31 സ്ഥാപനങ്ങള്‍ നിയമപ്രശ്‌നങ്ങളും 13 എണ്ണം പ്രാദേശിക ജനതയുമായുള്ള പ്രശ്‌നങ്ങളും 51 എണ്ണം സാമ്പത്തികവും നിയമപരവുമായ പ്രശ്‌നങ്ങളും 11 എണ്ണം സാമ്പത്തികവും ജനങ്ങളുമായുള്ള പ്രശ്‌നങ്ങളും നേരിടുന്നു. 119 എണ്ണം എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയിലാണ് അനാഥാലയങ്ങള്‍ അധികവും- 383 എണ്ണം. കാസര്‍കോട്ടാണ് ഏറ്റവും കുറവ്- 70 എണ്ണം. കണ്ണൂര്‍ 154, വയനാട് 98, കോഴിക്കോട് 122, മലപ്പുറം 136, പാലക്കാട് 164, തൃശൂര്‍ 260, ഇടുക്കി 151, കോട്ടയം 238, ആലപ്പുഴ 93, പത്തനംതിട്ട 91, കൊല്ലം 101, തിരുവനന്തപുരം 199 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
കുട്ടികള്‍ക്കായി 1220ഉം ഭിന്നശേഷിക്കാര്‍ക്ക് 342ഉം വൃദ്ധജനങ്ങള്‍ക്ക് 521ഉം സ്ത്രീകള്‍ക്ക് 102ഉം മറ്റ് വിഭാഗങ്ങള്‍ക്കായി 75ഉം അനാഥാലയങ്ങള്‍/കെയര്‍ഹോമുകള്‍ ഉണ്ട്. ഹിന്ദുമത സ്ഥാപനങ്ങള്‍ 80ഉം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ 1180ഉം മുസ്‌ലിം സ്ഥാപനങ്ങള്‍ 384ഉം മതപരമല്ലാത്ത സ്ഥാപനങ്ങള്‍ 616ഉം അനാഥാലയങ്ങള്‍ നടത്തുന്നതായി റിപോര്‍ട്ട് പറയുന്നു. 1367 അനാഥാലയങ്ങള്‍ അഥവാ 60.5 ശതമാനം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്. 136 സ്ഥാപനങ്ങള്‍ സര്‍ക്കാരിനു കീഴിലും 477 എണ്ണം സാമൂഹിക നീതി വകുപ്പിന് കീഴിലുമാണു പ്രവര്‍ത്തിക്കുന്നത്. 173 എണ്ണം ഒരു അംഗീകാരവുമില്ലാത്തതാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2000-2010 കാലയളവിലാണ് ഏറ്റവുമധികം അനാഥാലയങ്ങള്‍ ആരംഭിച്ചത്. 819 എണ്ണം. 224 സ്ഥാപനങ്ങള്‍ മാത്രമാണ് 2010നു ശേഷം ആരംഭിച്ചത്.
തമിഴ്‌നാട്ടില്‍ നിന്ന് 1741 പേരും കര്‍ണാടകയില്‍ നിന്ന് 1139 പേരും ആന്ധ്രപ്രദേശില്‍ നിന്ന് 310 പേരും പശ്ചിമബംഗാളില്‍ നിന്ന് 403 പേരും ഒഡീഷയില്‍ നിന്ന് 274 പേരും അസമില്‍ നിന്ന് 96 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് 287 പേരും ബിഹാറില്‍ നിന്ന് 468 പേരും വിവിധ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നായി 250 പേരുമുണ്ട്. അനാഥാലയ മാനേജ്‌മെന്റുകള്‍ 2398 വിദ്യാഭ്യാസ സ്ഥാപനങ്ങളും 491 ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങളും നടത്തുന്നുണ്ട്.
അനാഥാലയങ്ങളിലെ 70.5 ശതമാനം കുട്ടികള്‍ക്കും മതിയായ സര്‍ട്ടിഫിക്കറ്റുകളുണ്ട്. ബാലമന്ദിരങ്ങളിലെ 50,975 കുട്ടികളില്‍ 57.8 ശതമാനം കുട്ടികളും ദാരിദ്ര്യം, അനാഥത്വം, രോഗം തുടങ്ങിയവ മൂലമാണ് എത്തിയത്. 286 പേര്‍ ഇവിടെ നിന്ന് ഓടിപ്പോവുകയും ചെയ്തു. 18,823 പേരാണ് അനാഥാലയങ്ങളില്‍ ജോലിയെടുക്കുന്നത്.
ഇതില്‍ 5294 പേര്‍ സൗജന്യമായാണു പ്രവര്‍ത്തിക്കുന്നത്. വിദേശ സഹായം ലഭിക്കാന്‍ 409 സ്ഥാപനങ്ങള്‍ എഫ്‌സിആര്‍എ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 263.08 കോടി രൂപയാണ് മൊത്തം വരുമാനമായി ലഭിച്ചത്. 264.28 കോടി ചെലവു വന്നു. സ്ഥാപനങ്ങളുടെ മൊത്തം ആസ്തി 4335.51 കോടി.
Next Story

RELATED STORIES

Share it