|    Jan 25 Wed, 2017 5:11 am
FLASH NEWS

96 ഫോറസ്റ്റ് ഗാര്‍ഡുമാരുടെ തസ്തികയില്‍ സ്ഥിര നിയമനമില്ല; ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടി വനംവകുപ്പ്

Published : 24th January 2016 | Posted By: SMR

മാനന്തവാടി: വന്യജീവി ശല്യവും കാട്ടുതീയും വ്യാപകമായിട്ടും ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന 96 ഫോറസ്റ്റ് ഗാര്‍ഡുമാരുടെ (ബീറ്റ് ഓഫിസര്‍) തസ്തികയില്‍ സ്ഥിര നിയമനം നടത്താന്‍ സര്‍ക്കാരിന് അലംഭാവം. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ജില്ലയില്‍ ഇത്രയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1962ലെ വനംവകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ജില്ലയില്‍ ആകെ ആവശ്യമുള്ളത് 264 ബീറ്റ് ഓഫിസര്‍മാരാണ്.
ഒരു ഓഫിസര്‍ 4.9 ചതുരശ്ര സ്‌ക്വയര്‍ കിലോമീറ്റര്‍ വനത്തിന്റെ ചുമതലയാണ് വഹിക്കേണ്ടത്. എന്നാല്‍, വന്യജവികള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നതും ജില്ലയില്‍ നിത്യസംഭവമായിട്ടും സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടതി വ്യവഹാരങ്ങള്‍ വര്‍ധിക്കുകയും പുതുതായി രൂപീകരിച്ച വന സംരക്ഷണ സമിതികളുടെ സെക്രട്ടറി ചുമതലയേല്‍ക്കേണ്ടി വന്നതും വനംവകുപ്പിന്റെ കീഴില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നിരവധി തുടങ്ങിയതുമെല്ലാം വനംവകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണമാണ് വന്യജീവികള്‍ വേട്ടയാടപ്പെടാതെ വംശവര്‍ധനവിനിടയാക്കുന്നതെന്നും ഈ വര്‍ധനവാണ് കൃഷിയിടങ്ങളിലുള്‍പ്പെടെ വന്യജീവികളിറങ്ങാന്‍ കാരണമാവുന്നതെന്നും ഈയിടെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഇത്രയേറെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും ജോലിഭാരം ലഘൂകരിക്കാനുള്ള യാതൊരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നു വനംവകുപ്പ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ ബീറ്റ് ഓഫിസര്‍ തസതികയിലേക്ക് നിയമനം നടത്താന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. 2010 ആഗസ്തിലെ നിയമപ്രകാരം ബീറ്റ് ഓഫിസര്‍മാര്‍ക്ക് വേണ്ട യോഗ്യത സയന്‍സ് കണക്ക് വിഷയത്തോടെ പ്ലസ്ടു വിജയമാണെങ്കില്‍ 2010ല്‍ ഇത് പ്ലസ്ടു മാത്രമാക്കി.
ഈ നോട്ടിഫിക്കേഷന്‍ ലഭിച്ചില്ലെന്ന കാരണത്താലാണ് പിഎസ്‌സി അപേക്ഷ ക്ഷണിക്കാതിരുന്നത്. എന്നാല്‍, ഈ നോട്ടിഫിക്കേഷന്‍ ആറു മാസം മുമ്പ് പിഎസ്‌സി സെക്രട്ടറിക്ക് എത്തിച്ചപ്പോള്‍ ഇത്രയും തസ്തികകളില്‍ നിയമനം ആവശ്യമാണെന്ന് വനംകുപ്പ് നേരിട്ടറിയിക്കണമെന്നായിരുന്നു പിഎസ്‌സിയുടെ പക്ഷം. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രം പാലിക്കുന്ന ഈ നിബന്ധനയും വനംവകുപ്പ് പഴയ സ്റ്റാഫ് പാറ്റേണിലുള്ള നിയമനത്തിനായി അംഗീകരിച്ചെങ്കിലും അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനത്തിനായുള്ള യാതൊരു നീക്കവും പിഎസ്‌സിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നിലവില്‍ ജില്ലയില്‍ എംപ്ലോയ്‌മെ്ന്റ് ഓഫിസ് മുഖേന ആറു മാസ കാലാവധിക്ക് നിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും താല്‍കാലികക്കാരായതിനാല്‍ ജോലിയില്‍ വേണ്ടത്ര ശുഷ്‌കാന്തിയില്ലെന്നു പരാതിയുണ്ട്. കാട്ടുതീ പ്രതിരോധ ഫണ്ടുള്‍പ്പെടെ വെട്ടിക്കുറച്ച സാഹചര്യത്തിലും സ്ഥിര നിയമനം വൈകുന്ന സാഹചര്യത്തിലും നിലവിലെ ജീവനക്കാരില്‍ അസംതൃപ്തി പടരുകയാണെന്നും പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക