94 എംപിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തിയില്

ലന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നൂറോളം പാര്‍ലമെന്റ് അംഗങ്ങള്‍ ഇതുവരെയും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപോര്‍ട്ട്. ലോക്‌സഭയിലെ 65 എംപിമാരും രാജ്യസഭയിലെ 29 എംപിമാരുമാണ് ഇതുവരെയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്തത്. ചട്ടപ്രകാരം പാര്‍ലമെന്റംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസത്തിനകം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നിരിക്കെയാണ് കാലാവധി അവസാനിക്കാറായിട്ടും ഇത്രയും എംപിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്തത്. സാമൂഹിക പ്രവര്‍ത്തകയായ രച്‌ന കര്‍ളയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് സ്വത്തുവിവരം വെളിപ്പെടുത്താത്ത എംപിമാരുടെ കണക്ക് പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭാ എംപിമാരില്‍ 61 പേര്‍ 2014ലെ തിരഞ്ഞെടുപ്പിലും നാലുപേര്‍ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചവരാണ്. ആഗസ്ത് ഒമ്പതുവരെയുള്ള കണക്കുപ്രകാരം രാജ്യസഭയില്‍ 29 അംഗങ്ങള്‍ ആസ്തിയും ബാധ്യതകളും വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും രാജ്യസഭയില്‍ ഒപ്പത്തിനൊപ്പമാണ്. ഇരു പാര്‍ട്ടികളില്‍ നിന്നും ആറ് അംഗങ്ങള്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2004ലെ മെംബേഴ്‌സ് ഓഫ് രാജ്യസഭ (ആസ്തികളുടെയും ബാധ്യതകളുടെയും പ്രഖ്യാപനം) നിയമപ്രകാരം 90 ദിവസത്തിനകം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ചട്ടം. ലോക്‌സഭയില്‍ കോണ്‍ഗ്രസ്സും തെലുഗുദേശം പാര്‍ട്ടിയുമാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. ഇരു പാര്‍ട്ടികളുടെയും ഒമ്പത് അംഗങ്ങള്‍ ഇതുവരെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നാലംഗങ്ങള്‍ വീതമുള്ള ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, എസ്പി, ടിആര്‍എസ്, രാംവിലാസ് പാസ്വാന്റെ എല്‍ജെഎസ്പി എന്നിവരാണ് രണ്ടാംസ്ഥാനത്ത്. ലോക്‌സഭയില്‍ നാലംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടിയുടെ മൂന്നംഗങ്ങള്‍ക്കും ഇതുവരെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ല.



Next Story

RELATED STORIES

Share it