92ലും യുവത്വം തുളുമ്പി തലൈവര്‍

ചെന്നൈ: വാര്‍ധക്യസഹജമായ അസുഖങ്ങളുടെ അലട്ടലുണ്ടെങ്കിലും പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കേണ്ടത് ആരെന്നു ചോദിച്ചാല്‍ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ക്ക് മറിച്ചൊന്നു ചിന്തിക്കേണ്ട ആവശ്യമില്ല. ഒരേ സ്വരത്തില്‍ പറയും അതു തലൈവരെന്ന്. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയെ സ്‌നേഹത്തോടെ തലൈവരെന്നു വിളിക്കുന്ന അണികള്‍ക്ക് അദ്ദേഹം കണ്‍കണ്ട ദൈവമാണ്. സംസ്ഥാന രൂപീകരണ നാള്‍ തൊട്ട് തിരഞ്ഞെടുപ്പു ഗോദയില്‍ പൊടി പാറിച്ചവന്‍, മല്‍സരിച്ചിടത്തെല്ലാം വെന്നിക്കൊടി നാട്ടിയവന്‍ തുടങ്ങി നിരവധി പൊന്‍തൂവലുകള്‍ ചൂടിയ കരുണാനിധി ഇത്തവണ ജനവിധി തേടുന്നത് തിരുവാരൂരില്‍ നിന്നു തന്നെ. ജന്‍മനാട് തിരുക്കുവലൈക്കടുത്തുള്ള മണ്ഡലം. രണ്ടാം തവണയാണ് തിരുവാരൂര്‍ മണ്ഡലത്തില്‍ നിന്ന് കരുണാനിധി മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ പാര്‍ട്ടി കനത്ത തോല്‍വി ഏറ്റു വാങ്ങിയപ്പോഴും കരുണാനിധിയെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലമാണിത്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കരുണാനിധിക്ക് ചെന്നൈയിലോ സ്വന്തം മണ്ഡലത്തിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോര. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ചക്ര കസേരയിലിരുന്ന് പ്രചാരണം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രചാരണത്തിന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തേണ്ടതില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും കരുണാനിധി ചെവികൊടുത്തിട്ടില്ല. സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് മൂന്നു ദിവസം അദ്ദേഹം മാറ്റിവച്ചിട്ടുണ്ട്. 1957ല്‍ കുലിത്തലായില്‍ മല്‍സരിച്ചാണ് കരുണാനിധി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെത്തിയത്. സൈദാപേട്ട്, ചീപോക്ക്, ചെന്നൈ ഹാര്‍ബര്‍ തുടങ്ങിയ മണ്ഡലങ്ങളിലും മല്‍സരിച്ചു വിജയിച്ചു. പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട 1991ല്‍ രണ്ട് സീറ്റില്‍ മാത്രമാണ് ഡിഎംകെ ജയിച്ചത്, അതിലൊന്ന് കരുണാനിധിയുടെ ഹാര്‍ബര്‍ മണ്ഡലമായിരുന്നു. 2011ല്‍ തിരുവാരൂരില്‍ അദ്ദേഹത്തിനു വേണ്ടി പ്രചാരണം നടത്തിയത് പെണ്‍മക്കളായ കനിമൊഴിയും സെല്‍വിയുമാണ്. 1.9 ലക്ഷം വോട്ട് നേടിയ കരുണാനിധിക്ക് 50,000ലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പക്ഷേ, സംസ്ഥാനത്ത് അണ്ണാ ഡിഎംകെ തകര്‍പ്പന്‍ വിജയം കാഴ്ചവച്ചതോടെ കരുണാനിധിയുടെ വിജയത്തിന്റെ തിളക്കം മങ്ങി.
Next Story

RELATED STORIES

Share it