|    Apr 20 Fri, 2018 9:03 am
FLASH NEWS

9/11ഉം സൗദി നോവല്‍സാഹിത്യത്തിലെ പുത്തന്‍ പ്രവണതകളും

Published : 31st August 2015 | Posted By: admin

ഡോ. യൂസുഫ് എ.കെ.

ഈയിടെ പ്രസിദ്ധീകൃതമായ ക്വന്താര മാസികയില്‍ പത്രപ്രവര്‍ത്തകന്‍ ഫക്‌രി സാലിഹ് സൗദി അറേബ്യന്‍ സാഹിത്യത്തിന്റെ ഭൂമിശാസ്ത്രം വരച്ചുകാട്ടുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൗദി അറേബ്യയിലെ സാഹിത്യത്തിന്റെ ഇപ്പോഴത്തെ വമ്പിച്ച ഉണര്‍വിനു കാരണം 9/11മായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ്. അതെന്തായാലും, ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു സാഹിത്യമണ്ഡലത്തില്‍ നിന്നു വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒത്തിരി എഴുത്തുകാരുണ്ടായി എന്നത് ഈ രാജ്യത്തെക്കുറിച്ച് സാഹിത്യവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ധാരണകള്‍ ഒട്ടൊക്കെ മാറ്റുന്നതിനു സഹായകമാണെന്നു തോന്നുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ അറബ് എഴുത്തുകാരനായിരുന്നു അബ്ദുര്‍റഹ്മാന്‍ മുനീഫ് (1933-2004). നവനോവല്‍ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ തന്നെ സ്ഥാനമുറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഉപ്പിന്റെ നഗരങ്ങള്‍ എന്ന പഞ്ചനോവല്‍ ‘മരിക്കുന്നതിനു മുമ്പ് നിങ്ങള്‍ നിര്‍ബന്ധമായും വായിക്കണം’ എന്ന് സിനാന്‍ അന്‍തൂന്‍ ആവശ്യപ്പെടുന്നു. നൂറു നോവല്‍ എന്ന പുസ്തകത്തില്‍ ഡാനിയേല്‍ ബെര്‍ട്ട് എക്കാലത്തെയും ഏറ്റവും മികച്ച നോവലുകളില്‍ 71ാം സ്ഥാനമാണ് ഈ നോവലിനു നല്‍കിയത്. ഡെന്നിസ് ജോണ്‍സന്‍ ഡേവീസ് അറബ് ഭാഷയില്‍ എഴുതുന്നവരില്‍ ഉള്‍പെടുത്തി അറബ് നോവല്‍ പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേരു നിര്‍ദേശിക്കാതിരുന്നതിനു കാരണം ഒരുപക്ഷേ 1987ല്‍ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ അദ്ദേഹത്തിന്റെ എഴുത്തുകളൊന്നും മൊഴിമാറ്റം ചെയ്യപ്പെടാതിരുന്നതുകൊണ്ടാവാം. ഈ പുരസ്‌കാരം 1988ല്‍ നജീബ് മഹ്ഫൂസിനു നല്‍കപ്പെട്ടു. പോരാത്തതിന്, ഉപ്പിന്റെ നഗരങ്ങള്‍ 1989 വരെ പൂര്‍ണമായും പുറത്തുവരുകയും ചെയ്തിരുന്നില്ല. സാലിഹ് അഭിപ്രായപ്പെടുന്നതുപോലെ മുനീഫിന്റെ കൃതികളിലെ (കഥാസാഹിത്യവും അല്ലാത്തതും) പ്രധാന കഥാതന്തു സര്‍വാധിപത്യത്തെയും അറേബ്യയുടെ സര്‍വനാശത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്. എഴുത്തുകാരന്റെ പ്രവചനാത്മകമായ കാല്‍പ്പനികത അധികാരിവര്‍ഗത്തിനു തലവേദന സൃഷ്ടിക്കാറുണ്ടെന്നത് സുവിദിതമാണല്ലോ. ഇറാഖി ഉമ്മയും സൗദി ബാപ്പയുമുണ്ടായിരുന്ന അബ്ദുര്‍റഹ്മാന്‍ മുനീഫ് 1933ല്‍ ജോര്‍ദാനിലാണ് ജനിച്ചത്. തലസ്ഥാനമായ അമ്മാനിലാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലവും യുവത്വത്തിന്റെ ആദ്യകാലവും ചെലവിട്ടത്. ജോര്‍ദാന്‍ വിട്ടിട്ടും സൗദി അറേബ്യയിലേക്കു തിരിച്ചുപോകുന്നതിനു പകരം അദ്ദേഹം പഠനകാലം ചെലവിട്ടത് ബഗ്ദാദിലും പാരിസിലും ദമസ്‌കസിലുമാണ്. അദ്ദേഹത്തെ സൗദി നോവലിസ്റ്റാക്കിയത് ദേശീയതയല്ല, നോവലുകളുടെ ഉള്ളടക്കമാണ്. 1970കളില്‍ മുനീഫിനെ അറബ് നോവലിസ്റ്റുകളില്‍ പ്രഥമഗണനീയനാക്കിയത് തന്റെ എഴുത്തിന്റെ ആദ്യഘട്ടത്തിലെ രണ്ടു പരീക്ഷണ നോവലുകളായ മെഡിറ്ററേനിയന്റെ കിഴക്കും മരങ്ങളും മര്‍സൂഖിന്റെ വധവുമാണ്. പിന്നീട് അദ്ദേഹം സ്വാതന്ത്ര്യത്തിനു ശേഷമുള്ള അടുത്ത കാലത്തെ ചരിത്രം വായിക്കുന്നതിലൂടെ അറബ്‌നാശത്തിന്റെയും 1967ലെ യുദ്ധപരാജയത്തിന്റെയും വേരുകള്‍ തേടിപ്പോവുകയും ചെയ്തു. എങ്കിലും ഉപ്പിന്റെ നഗരങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷമാണ് അറബ് സാഹിത്യത്തില്‍ 20ാം നൂറ്റാണ്ടിലെ മുന്‍നിര നോവലിസ്റ്റുകളുടെ സ്ഥാനത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുന്നത്. മെഡിറ്ററേനിയന്റെ കിഴക്കില്‍ പ്രതിപാദിച്ച അറേബ്യന്‍ ചരിത്രം പുനരെഴുത്തു നടത്തുക എന്ന കഥാതന്തു തന്നെയാണ് ഈ നോവലിലും സ്വീകരിച്ചിരിക്കുന്നത്. ഈ ബഹുവാല്യ നോവലില്‍ അദ്ദേഹം എണ്ണസാമ്രാജ്യത്വം കൊണ്ടുവന്ന മാറ്റത്തിന്റെ പ്രക്രിയകളാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. അറബ് നാശത്തിന്റെയും സര്‍വാധിപത്യത്തിന്റെയും കഥകള്‍ പറയുമ്പോഴും മുനീഫിനെപ്പോലെ കരുത്തോടെ എഴുതാന്‍ ഒരു സൗദി എഴുത്തുകാരനും കഴിഞ്ഞില്ലെന്നു ഫക്‌രി സാലിഹ് കണ്ടെത്തുന്നു. അതിനു കാരണം 1980ലും 1990കളിലും ഒരുതരത്തിലുമുള്ള സര്‍വാധിപത്യവും ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്തതാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മുനീഫ് എന്ന എഴുത്തുകാരന്‍ സൗദിയിലേക്ക് തിരിച്ചുവരുകയും ഏറ്റവും പ്രിയപ്പെട്ട വായനയ്ക്ക് അതുവഴി കളമൊരുങ്ങുകയും ചെയ്തുവെന്നത് സാഹിത്യലോകത്ത് സൗദി അറേബ്യ നേടിയ ഏറ്റവും വലിയ കാല്‍വയ്പാണ്. സൗദി രാജഭരണത്തില്‍ മന്ത്രിയായിരുന്ന ഖാസി അല്‍ ഗുസൈബി (1940-2010) കവിയും നോവലിസ്റ്റും പരിഷ്‌കരണവാദിയുമായിരുന്നു. 2010 ആഗസ്തിലാണ് അദ്ദേഹം നിര്യാതനായത്. സ്വാതന്ത്ര്യം എന്നു വിളിക്കപ്പെട്ട ഒരു വാസസ്ഥലം (അി അുമൃാേലി േഇമഹഹലറ എൃലലറീാ) അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ നോവലാണ്. 1996ല്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. 1950കളില്‍ കൈറോയിലേക്ക് പഠിക്കാന്‍ പോയ നാലു യുവാക്കളുടെ കഥയാണ് നോവലിന്റെ പ്രതിപാദ്യവിഷയം. അവര്‍ ജനിച്ചുവളര്‍ന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കു തിരിച്ചുവരുന്നതു വരെയുള്ള സംഭവവികാസങ്ങള്‍ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. തര്‍ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മറ്റു കൃതികളില്‍ ഏഴ്, ഗള്‍ഫ് പ്രതിസന്ധി (കഥേതരം), ഒരു പ്രണയകഥ എന്നിവ  കൂടി ഉള്‍പ്പെടുന്നു. തുര്‍കി അല്‍ ഹമദ് പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ നോവല്‍ത്രയം ഹിശാം അല്‍ അബിര്‍ എന്ന കൗമാരക്കാരനായ സൗദി പൗരന്റെ ജീവിതകഥ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടെങ്കിലും ഈ നോവല്‍ പതിനായിരക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. തുര്‍കിയുടെ നോവല്‍ത്രയം അത്രയധികം  സ്‌ഫോടനാത്മകമല്ലെന്നാണ് അദ്ദേഹത്തിന്റെ പുസ്തകം നിരൂപണം ചെയ്ത വില്‍സണ്‍ ഗോള്‍ഡീ അഭിപ്രായപ്പെടുന്നത്. 1960കളുടെയും 70കളുടെയും ഇടയില്‍  സംഭവിച്ച സൗദി അറേബ്യയിലെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ പശ്ചാത്തലം ഇതില്‍ കഥാപാത്രമായി വരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.1970ല്‍ ജമാല്‍ അബ്ദുന്നാസിര്‍ മരിക്കുന്നതിന്റെയും 67ല്‍ ആരംഭിച്ച ഏഴു ദിവസത്തെ ഗള്‍ഫ് യുദ്ധത്തിന്റെയും എണ്ണ കണ്ടുപിടിച്ചതിന്റെയും ഒക്കെ പശ്ചാത്തലം അദ്ദേഹത്തിന്റെ നോവലില്‍ വരുന്നുണ്ട്. നോവല്‍ത്രയത്തെക്കുറിച്ച് അല്‍ ഹമദ് പറയുന്നത് കേള്‍ക്കൂ: ”ഞാന്‍ ജീവിക്കുന്നിടത്ത് മൂന്നു വിലക്കപ്പെട്ട കാര്യങ്ങളുണ്ട്: മതം, രാഷ്ട്രീയം, ലൈംഗികത. ഇവയെക്കുറിച്ച് സംസാരിക്കുന്നത് നിഷിദ്ധമാണ്. ഈ നോവല്‍ത്രയം ഞാനെഴുതിയത് കാര്യങ്ങളൊക്കെ നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ വേണ്ടിയാണ്.” അവള്‍ ദുര്‍ഗങ്ങളുടെ ഉയരത്തില്‍ തീപ്പൊരികള്‍ ചീറ്റുന്നു എന്ന നോവലിന് അറബ് ബുക്കര്‍ സമ്മാനം ലഭിച്ച അബ്ദൂ കാല്‍ (1962) പ്രസിദ്ധിയുടെ കൊടുമുടിയില്‍ എത്തിയ എഴുത്തുകാരനാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ  ജീവിതങ്ങള്‍ക്കു മേല്‍ നടത്തപ്പെട്ട അതിക്രമങ്ങളാണ് അബ്ദൂ കാല്‍ ചിത്രീകരിക്കുന്നത്. അധികാരത്തിന്റെ കരുത്തുപയോഗിച്ച് അതില്ലാത്തവരുടെ മേല്‍ നടത്തപ്പെട്ട കൊടിയ അക്രമം. സൗദി സാഹിത്യം ഏറ്റവും കൂടുതല്‍  ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത ആന്റണി കാല്‍ഡര്‍ബന്‍കിന്റെ തര്‍ജമയുടെ ഒരു ഭാഗം ഇങ്ങനെ വായിക്കാം: ”ഞങ്ങളുടെ ഇടത്തിന്റെ പേര് കുഴി, ഉപ്പുഖനി, നരകത്തിന്റെ അടിത്തട്ട് അല്ലെങ്കില്‍ അഗ്‌നിമേഖല എന്നൊക്കെയാണ്. ഈ പദങ്ങളെല്ലാം കഷ്ടപ്പാട്, അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതങ്ങള്‍ പ്രതിഫലിക്കുന്നവയാണ്.” കുവൈത്തി എഴുത്തുകാരനായ അല്‍ രിഫായി ബുക്കര്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞത് ”നോവല്‍ വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള  ബന്ധം ആഴത്തില്‍ ഗവേഷണം ചെയ്യുന്നു. ദ്വിമാനസ്വഭാവമുള്ള നായകന്റെ കണ്ണിലൂടെ കൊട്ടാരത്തിലെ അമിതത്വത്തിന്റെ ഭീകരയാഥാര്‍ഥ്യം രുചിക്കാന്‍ അവസരം നല്‍കുന്നു” എന്നാണ്. യൂസുഫ് അല്‍ മുഹൈമീദ് പ്രണയത്തെക്കുറിച്ചും നിരാലംബരെക്കുറിച്ചും എഴുതുന്നു. അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ ഇംഗ്ലീഷില്‍ തര്‍ജമ ചെയ്തിട്ടുണ്ട്. നിലാച്ചന്ദ്രനിലെ ചെന്നായകള്‍, മുനീറയുടെ കുപ്പി എന്നിവയാണവ. ഇതില്‍ ആദ്യത്തെ കഥയില്‍ വളരെ രസകരങ്ങളായ മൂന്നു കഥാപാത്രങ്ങള്‍ (തുറാദ്, നസീര്‍, അം തൗഫീഖ്), ജീവനോടെ കുഴിച്ചുമൂടപ്പെട്ടവന്‍, ഉപേക്ഷിക്കപ്പെട്ട കുട്ടി, അടിമത്തം എന്നീ അവസ്ഥകള്‍, സൗദി ജനതയുടെ വിധി എന്നിവ പ്രധാനമായും ഇടം നേടിയിരിക്കുന്നു. സൗദി അറേബ്യയിലെ കീഴ്‌വര്‍ഗത്തിന്റെ ആശങ്കകള്‍ അഭിസംബോധന ചെയ്യുകയാണ് ഈ എഴുത്തുകാരന്‍ മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത്. സാലിഹിന്റെ അഭിപ്രായത്തില്‍ രണ്ടു സൗദി വനിതാ എഴുത്തുകാരാണ് ശൈലിയില്‍ പരീക്ഷണം നടത്താന്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്- റജാ ആലം, ലൈല അല്‍ ജോഹാനി എന്നിവര്‍. സില്‍ക്ക് റോഡ് എന്ന നോവലില്‍ റജാ ആലം മക്കയിലേക്കുള്ള തീര്‍ത്ഥാടനമായ ഹജ്ജ് നിര്‍വഹിക്കാന്‍ ഇസ്‌ലാമിക ലോകത്തു നിന്നു വരുന്ന വ്യത്യസ്ത ജനങ്ങളുടെ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 1970ല്‍ ജനിച്ച റജാ ഫാത്തിമ അറേബ്യയെക്കുറിച്ച് ഒരു നോവല്‍, എന്റെ ആയിരത്തൊന്നു രാവുകള്‍, മക്കയെക്കുറിച്ച് ഒരു നോവല്‍ എന്നിവ ടോം മക്‌ഡോനോഖുമായി ചേര്‍ന്നു രചിച്ചിട്ടുണ്ട്. 1981ല്‍ ജനിച്ച റജാ അല്‍സാനിയ ‘മധ്യപൂര്‍വേഷ്യയിലെ കാരി ബ്രാഡ്‌ഷോ’ എന്നാണ് അറിയപ്പെടുന്നത്. ഈ എഴുത്തുകാരിയുടെ 2005ല്‍ പ്രസിദ്ധീകരിച്ച റിയാദിലെ പെണ്‍കുട്ടികള്‍ എന്ന അറബിഭാഷയിലെ നോവലും 2007ലെ വിവാദമായ ഇംഗ്ലീഷ് തര്‍ജമയും ഏറെ പ്രസിദ്ധി നേടിയിട്ടുണ്ട്. പെണ്‍സാഹിത്യത്തില്‍ അതീവ ശ്രദ്ധ നേടിയ ഈ നോവല്‍ സൗദി സ്ത്രീസാഹിത്യത്തില്‍ പുതുതരംഗം തുടങ്ങിവച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധമായത്. മറ്റു ‘പ്രതിഭാസങ്ങള്‍’ എന്ന വിഭാഗത്തില്‍ സാലിഹ് ഉള്‍പ്പെടുത്തുന്ന എഴുത്തുകാരെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. സൗദി സ്ത്രീസാഹിത്യരംഗത്ത് ലൈംഗിക കഥകള്‍ അടങ്ങിയ കൃതികള്‍ എഴുതിയവരാണ് ഇവരിലധികവും. സമര്‍ അല്‍ മുഖ്‌രിന്‍ എഴുതിയ അധാര്‍മിക സ്ത്രീകള്‍, സിബ അല്‍ ഹര്‍സീന്റെ മറ്റുള്ളവര്‍, വഫ അബ്ദുര്‍റഹ്മാന്റെ തലസ്ഥാനത്തെ പ്രണയം, സൈനബ് ഹനഫിയുടെ സവിശേഷതകള്‍ എന്നിവ ഈ വിഭാഗങ്ങളില്‍ പെടുന്നു. റജാ അല്‍ സാനിയയും ഈ വിഭാഗത്തില്‍ ചിലര്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു. അബ്ദുല്ല ബിന്‍ ബഖീതിന്റെ വാത്സല്യങ്ങളുടെ തെരുവ്, ഉമൈമ അല്‍ ഖമീസിന്റെ ഇലയുള്ള മരം എന്നിവ 2010ലെ അറബ് ബുക്കര്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിരുന്നു. 40നു താഴെ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ച എഴുത്തുകാരുടെ മത്സരത്തില്‍ സൗദിയില്‍ നിന്നുള്ള അബ്ദുല്ല താബിറ്റ്, മുഹമ്മദ് ഹസന്‍ അല്‍വാന്‍, യഹ്‌യ അം ഖസ്സീം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.സൗദി സാഹിത്യത്തിന്റെ ഇത്തരത്തിലുള്ള വന്‍കുതിപ്പിനു കാരണം 9/11ലെ അമേരിക്കന്‍ ആക്രമണമാണ് എന്നാണ് ഫക്‌രി സാലിഹിന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കാലങ്ങളായി സൗദി ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇടപെടലും വഹാബികളുടെ കര്‍ശനമായ മതാധികാരവും കൂട്ടുചേര്‍ന്ന് ഇവിടത്തെ സാംസ്‌കാരിക-സാമൂഹിക മുന്നേറ്റത്തെ തടുത്തുനിര്‍ത്തിയിരിക്കുകയായിരുന്നു. 2001ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സാഹിത്യരംഗത്ത് പുതിയ ഒരു ഉണര്‍വുണ്ടാവുകയും സ്ത്രീസാഹിത്യരംഗത്ത് പുതുശബ്ദങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അബ്ദുര്‍റഹ്മാന്‍ മുനീഫിന്റെ പേര് വൈരുധ്യം ഉണ്ടാക്കുന്നതുപോലെത്തന്നെ സൗദി നോവല്‍ സാഹിത്യത്തിന്റെ പിന്മാറ്റം എവിടന്നു തുടങ്ങിയതാണെന്നു പറയാന്‍ കഴിയില്ലെന്ന് സാലിഹ് പ്രസ്താവിക്കുന്നു. സാഹിത്യരൂപത്തിന്റെ ആധുനികവല്‍ക്കരണത്തില്‍, യാഥാസ്ഥിതിക ലോകകാഴ്ചപ്പാട് കൊണ്ടുനടക്കുന്ന സൗദിസമൂഹം വലിയൊരു വിലങ്ങുതടി തന്നെ സൃഷ്ടിച്ചിട്ടുണ്ട്.  കവിത അന്നും ഇന്നും അറബ് സംസ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യരൂപമാണ്. അറബികളുടെ ദിവാന്‍ എന്നാണ് സാഹിത്യചരിത്രകാരന്മാര്‍ അറബ് കവിതയെ വിശേഷിപ്പിക്കുന്നത്. എങ്കില്‍ പോലും മറ്റു രാജ്യങ്ങളായ ഇറാഖ്, ഈജിപ്ത്, സിറിയ, ലബനാന്‍ എന്നിവിടങ്ങളില്‍ നടന്നതുപോലെ കവിതയില്‍ കാതലായ യാതൊരു പരിവര്‍ത്തനങ്ങളും സൗദി അറേബ്യയില്‍ സംഭവിച്ചിട്ടില്ല. റജാ അല്‍ സാനിയയുടെ റിയാദിലെ പെണ്‍കുട്ടികള്‍, അടയ്ക്കപ്പെട്ട സൗദിലോകത്തിന്റെ ഒരു ചിത്രം നല്‍കുന്നുണ്ടെങ്കിലും ഒരു മഹത്തായ സാഹിത്യകൃതിയായി ഗണിക്കാന്‍ കഴിയില്ല എന്ന് സാലിഹ് അഭിപ്രായപ്പെടുന്നു. പുതിയ സാഹിത്യരൂപങ്ങളായ നോവല്‍, നാടകം തുടങ്ങിയവ ഈയടുത്ത കാലം വരെ സൗദിയില്‍ പ്രയോഗിക്കപ്പെട്ടിരുന്നില്ല. വഹാബി കാഴ്ചപ്പാട് അവിടത്തെ സാഹിത്യസംരംഭങ്ങളെ ശ്വാസംമുട്ടിച്ചു. വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന പുണ്യഭൂമി എന്നതിനു പുറമേ, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം കൂടിയായ സൗദി അറേബ്യ അതിന്റെ വിശുദ്ധമായ ഭൂതകാലത്തിനും വര്‍ത്തമാന യാഥാര്‍ഥ്യത്തിനും ഇടയ്ക്കും, ജീവിതത്തിന്റെ പാരമ്പര്യ രൂപങ്ങള്‍ക്കും ആധുനികതയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഇടയിലും കുടുങ്ങിപ്പോയിരുന്നു എന്ന് ഫക്‌രി സാലിഹ് ചൂണ്ടിക്കാണിക്കുന്നു. ഒരു വലിയ അസ്തിത്വപ്രക്രിയ വഹാബിമതപ്രസ്ഥാനവുമായി രാഷ്ട്രത്തിനുള്ള വിശുദ്ധ ബന്ധം സൗദി സമൂഹത്തിന്റെ വികാസത്തെ ബാധിക്കുന്ന രഹസ്യ അടിച്ചമര്‍ത്തലിന്റെ രൂപങ്ങളെ പുറത്തുകൊണ്ടുവരാന്‍ കവികള്‍ക്കും നോവലിസ്റ്റുകള്‍ക്കും സാധിക്കാത്തവിധം വിഷമകരമായിത്തീര്‍ന്നു. സാലിഹ് അഭിപ്രായപ്പെടുന്നതുപോലെ വിപ്ലവവല്‍ക്കരിക്കേണ്ട ഒരു രൂപത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. സഹോദര അറബ് രാജ്യങ്ങളില്‍ നിന്ന് കടംകൊള്ളേണ്ട നോവല്‍ പോലുള്ള പുതിയ സാഹിത്യരൂപങ്ങളുടെയും പ്രശ്‌നമല്ല. മറിച്ച്, ഒരു അസ്തിത്വപ്രക്രിയ തന്നെ നടക്കേണ്ടതായിരുന്നു. എല്ലാ സൗദി നോവലിസ്റ്റുകളും ഒന്നുകില്‍ ബെയ്‌റൂത്തില്‍ നിന്നോ കെയ്‌റോയില്‍ നിന്നോ ചിലപ്പോള്‍ യൂറോപ്പില്‍ നിന്നോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കാരണം, അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ കര്‍ശനമായ വിലക്കുകളുണ്ട്. ഈയടുത്ത കാലം വരെ മുനീഫിന്റെ നോവലുകള്‍ സൗദിയില്‍ നിരോധിക്കപ്പെട്ടു. അദ്ദേഹം മരിച്ചെങ്കിലും അച്ചടിച്ച വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ കുറച്ചൊക്കെ പുരോഗമനം ഉണ്ടായിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും ഇപ്പോഴും ഈ രാജ്യത്തു വിലക്കിയിരിക്കുകയാണ്. സാഹിത്യപ്രവര്‍ത്തനത്തിന്റെ പേരില്‍ രണ്ടു പ്രാവശ്യമെങ്കിലും തന്റെ രാഷ്ട്രീയസ്ഥാനങ്ങള്‍ ത്യജിക്കേണ്ടിവന്ന വ്യക്തിയായിരുന്നു ഈയിടെ നിര്യാതനായ ഖാസി അല്‍ ഗുസൈബി. സാഹിത്യരൂപങ്ങളെ ആധുനികവല്‍ക്കരണത്തിനും പരീക്ഷണപരതയ്ക്കും തുറന്നിട്ടുകൊണ്ട് സൗദിസാഹിത്യത്തില്‍ പുതിയ അന്തരീക്ഷം പിറവികൊണ്ടു. 20 വര്‍ഷമായി സൗദിയില്‍ ഇങ്ങനെ മാറ്റം സംഭവിക്കാന്‍ തുടങ്ങിയെങ്കിലും അറബ് സാഹിത്യരംഗത്ത് നോവലിലെ പരീക്ഷണപരത കാണാന്‍ തുടങ്ങിയത് ഈയിടെ മാത്രം. ഖാസി അല്‍ഗുസൈബിയും സൗദിസമൂഹത്തില്‍ പരിഷ്‌കരണം വേണമെന്ന് ആഹ്വാനം ചെയ്ത ലിബറല്‍ ചിന്തകന്‍ തുര്‍കി അല്‍ ഹമദും 20ാം നൂറ്റാണ്ടിലെ അറബികളെക്കുറിച്ചും സൗദിസമൂഹത്തെക്കുറിച്ചും ഒക്കെ നോവലെഴുതാന്‍ തുടങ്ങി. ഇന്ന് പത്തിലധികം സൗദി നോവലിസ്റ്റുകള്‍ അറബ് വായനക്കാര്‍ക്ക് പരിചിതരാണ്. അവരില്‍ പലരുടെയും കൃതികള്‍ ഒന്നില്‍ കൂടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഭിജാതകുടുംബങ്ങളില്‍ പെട്ട സൗദി പെണ്‍കുട്ടികളുടെ ദൈനംദിന ജീവിതം പകര്‍ത്തിയ നോവലാണ് റിയാദിലെ പെണ്‍കുട്ടികള്‍. ജീവിതങ്ങളുടെ മൂര്‍ച്ചയുള്ള ആവിഷ്‌കാരംലോകവീക്ഷണത്തിലും ശൈലിയിലും വളരെ ലാളിത്യമുള്ള റിയാദിലെ പെണ്‍കുട്ടികള്‍ ഒരു ബെസ്റ്റ് സെല്ലറാണ്. അതീവ ദുരൂഹമായ ഒരു ലോകത്തിന്റെ മുഖംമൂടി എടുത്തുമാറ്റുന്ന ഈ കൃതി അറബിക് ആഖ്യാനത്തിലെ ഒരു ഉത്തമ കൃതിയൊന്നുമല്ല. സൗദിലോകത്തിന്റെ മുഖംമൂടി മാറ്റുന്ന നോവലിസ്റ്റുകള്‍ അബ്ദു ഖാലും യൂസുഫ് അല്‍ മുഹൈമീദും ലൈല അല്‍ ജോഹാനിയുമാണെന്നു സാലിഹ് സാക്ഷ്യപ്പെടുത്തുന്നു. റജാ ആലമിന് പുറമേ ഈ എഴുത്തുകാര്‍ സൗദി ജനതയുടെ പീഡിതവും ദുരൂഹവുമായ ജീവിതത്തെ കീറിപ്പരിശോധിക്കുന്നു. ബുറൈദയില്‍ പ്രാവുകള്‍ പറക്കുന്നില്ല എന്ന നോവലില്‍ വിഭജിക്കപ്പെട്ടതും വിഭാഗീയവും പിതൃകേന്ദ്രിതവുമായ ഒരു സമൂഹത്തെ യൂസുഫ് അല്‍ മുഹൈമീദ് അവതരിപ്പിക്കുന്നു. സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും അബ്ദു ഖാലിന്റെ നോവലുകള്‍ പരക്കെ വായിക്കപ്പെടുന്നവയാണ്. വിവാദമായ തന്റെ നോവലില്‍ വേദന തിന്നുന്ന നായകന്റെ മൂര്‍ച്ചയുള്ളതും ശക്തവുമായ കഥ പറയുന്നു. ചേരികളില്‍ ജീവിക്കുന്ന സൗദികളെപ്പോലെ തന്നെ അവരുടെ ജീവിതങ്ങളില്‍ നിഴല്‍ വീഴ്ത്തുന്ന കൊട്ടാരങ്ങളില്‍ ജീവിക്കുന്നവരുടെയും അനുഭവം അദ്ദേഹം ചിത്രീകരിക്കുന്നു. നരകത്തെക്കുറിച്ചുള്ള ഒരു ഖുര്‍ആന്‍ പരാമര്‍ശമാണ് ഈ നോവലിന്റെ തലക്കെട്ട്. സ്വര്‍ഗത്തിനും നരകത്തിനും ഇടയില്‍ വിഭജിക്കപ്പെട്ട ജിദ്ദ നഗരത്തിന്റെ അവസ്ഥയാണ് നോവല്‍ ആഖ്യാനം ചെയ്യുന്നത്. കൊട്ടാരം അപഹരിച്ചെടുത്ത കടലിനോട് ചേര്‍ന്ന ഒരു ചേരിയിലാണ് മുഖ്യ കഥാപാത്രം ജനിച്ചതും വളര്‍ന്നതും. കൊട്ടാരത്തിലെ രാജകുമാരന്റെ കൈയിലെ ഒരു ഉപകരണമായി ഈ കഥാപാത്രം മാറുന്നു: രാജകുമാരന്റെ പുരുഷ എതിരാളികളെ ബലാല്‍സംഗം ചെയ്യുകയാണ് കഥാപാത്രത്തിന്റെ ജോലി. ഇതിന്റെ ആഖ്യായിക മുഴുവന്‍ ഒരു വേദനാജനകമായ ആത്മഭാഷണമാണ്. തന്റെ ശരിയായ വികാരങ്ങള്‍ നായകന്‍ ഇവിടെ വെളിപ്പെടുത്തുന്നു: തന്റെ അശ്ലീലതയെ തൊട്ടുകൊണ്ട് അയാള്‍ ഉള്ളിലടക്കിയ കുറ്റബോധം പ്രകടിപ്പിക്കുകയാണ്. ഈ ബലാല്‍സംഗകന്റെ മാത്രമല്ല, ഭ്രാന്തന്‍ രാജകുമാരന്റെയും അയാളുടെ കൈയിലെ പാവകളെയും വിവിധ മാര്‍ഗത്തിലൂടെ കൊട്ടാരത്തിലെത്തിക്കപ്പെട്ട സ്ത്രീവേശ്യകളെയും കുറിച്ച് നോവല്‍ പ്രതിപാദിക്കുന്നു. വിവേചനത്തിന്റെ ഉറവിടങ്ങള്‍യൂസുഫ് അല്‍ മുഹൈമീദ് ബുറൈദയില്‍ പ്രാവുകള്‍ പറക്കുന്നില്ല എന്ന നോവലില്‍, യഥാര്‍ഥ പ്രണയത്തെ വിലക്കുകയും ജനങ്ങളുടെ ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തുനിന്ന് ഒളിച്ചോടി ബ്രിട്ടനില്‍ എത്തിപ്പെട്ട ഒരു ഉപേക്ഷിക്കപ്പെട്ട സൗദി യുവാവിന്റെ കഥ പറയുകയാണ്. കുട്ടിക്കാലം തൊട്ടു യൗവനം വരെ ആഖ്യാനം ചെയ്തുകൊണ്ട് നായകന്‍, വിഭജിക്കപ്പെട്ടതും പുരുഷകേന്ദ്രിതവും വിഭാഗീയവുമായ ഒരു സമൂഹത്തിന്റെ മുഖംമൂടി അഴിച്ചുമാറ്റുന്നു. പുരുഷ-സ്ത്രീപ്രണയം നിഷിദ്ധമാക്കപ്പെട്ടതുകൊണ്ട്, ഒളിച്ചുവയ്ക്കപ്പെട്ട മറ്റൊരു സ്വവര്‍ഗജീവിതം രഹസ്യമായി സംഭവിക്കുന്നു എന്നു നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാല്‍, ഈ രഹസ്യ ലൈംഗികതയുടെ ഫലം തടവറയോ രാജ്യത്തുനിന്നുള്ള നിഷ്‌കാസനമോ ആണ്. പുതിയ നോവലുകള്‍ ഓരോ വര്‍ഷവും ഉണ്ടാവുന്നു എന്ന നിരീക്ഷണത്തോടൊപ്പം 9/11, സൗദിയില്‍ ജീവിതമാറ്റത്തിന്റെ പ്രക്രിയയ്ക്ക് ആക്കംകൂട്ടിയെന്ന് ഫക്‌രി സാലിഹ് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യം, തമോവൃതമായ ഒരു സമൂഹത്തില്‍ നിന്നു മുഖാവരണം മാറ്റി ലോകത്തിനും അല്ലെങ്കില്‍ തങ്ങളുടെ നേര്‍ക്കുതന്നെയും വെളിപ്പെടുത്തുന്നതില്‍ ഉസാമ ബിന്‍ലാദിന്‍ ഒരു രാസത്വരകമായി പ്രവര്‍ത്തിചിട്ടില്ലേ എന്നാണ്. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും സൗദി അറേബ്യന്‍ സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ലോകത്തെമ്പാടുമുള്ള സാഹിത്യകുതുകികള്‍ വളരെയധികം താല്‍പ്പര്യത്തോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. റിയാദില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ലോകപുസ്തകമേളയും അതോടനുബന്ധിച്ച് നടത്തപ്പെടുന്ന സാഹിത്യ-മാധ്യമ ചര്‍ച്ചകളും ഈ വളര്‍ച്ചയുടെ വലിയൊരു കാഴ്ച തന്നെയാണ്. ലോകസാഹിത്യത്തില്‍ വീണ്ടും ഒരു മജ്‌നുവും ലൈലയും ഒരുപക്ഷേ അറബ് സാഹിത്യത്തില്‍ നിന്നു വന്നാല്‍ അതിശയപ്പെടേണ്ടതില്ല. സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി പൗരസ്ത്യ സാഹിത്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അന്തര്‍ധാരകള്‍ പശ്ചിമേഷ്യന്‍ സാഹിത്യലോകം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നു പ്രത്യാശിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss