9000 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ കാണാനില്ലെന്ന് പോലിസ്

കൊച്ചി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബവും ആരോപണവിധേയരായ കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 9000 ഏക്കര്‍ ഭൂമിയുടെ വിശദാംശങ്ങളടങ്ങുന്ന രേഖകള്‍ കാണാനില്ലെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 58/1ല്‍ പെടുന്ന ഭൂമിയുടെ വിശദാംശങ്ങളടങ്ങുന്ന ഒന്ന്, രണ്ട് നമ്പറുകളിലെ രജിസ്റ്ററുകള്‍ ദേവികുളം താലൂക്ക് ഓഫിസില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. രണ്ടാം നമ്പര്‍ രജിസ്റ്ററിലാണ് ഭൂമി പതിച്ചു നല്‍കല്‍ സംബന്ധിച്ച ലാന്റ് അസൈന്‍മെ ന്റ്് കമ്മിറ്റിയുടെ തീരുമാനമുള്ളത്. ഭൂമി പതിച്ചു നല്‍കല്‍ അപേക്ഷയടങ്ങുന്ന എല്‍എ ഫയലുകള്‍, സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫിസര്‍ തയാറാക്കിയ സ്‌കെച്ച് പ്ലാന്‍ തുടങ്ങിയ രേഖകള്‍ റവന്യൂ അധികൃതരുടെ കൈയില്‍ ലഭ്യമാണ്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗം, കോട്ടയത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, എറണാകുളത്തെ സംഘടിത കുറ്റകൃത്യ വിഭാഗം സൂപ്രണ്ട്, ഇടുക്കി സംഘടിത കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരോട് ഫയലുകള്‍ സംബന്ധിച്ച് ആരാഞ്ഞെങ്കിലും അവരുടെ കൈവശമില്ലെന്ന് മറുപടി ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ഫയലുകള്‍ തന്റെ കൈവശവും ലഭ്യമല്ലെന്ന വിവരമാണ് ഒക്‌ടോബര്‍ 31ന് ജില്ലാ കലക്ടറും അറിയിച്ചിട്ടുള്ളത്. റീസര്‍വേ സമയത്ത് ഭൂമി ആരുടെ കൈവശമായിരുന്നുവെന്നറിയാന്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ റീസര്‍വേ ഓഫിസ്, തൊടുപുഴയിലെ അസി. ഡയറക്ടര്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഇത് സംബന്ധിച്ച രേഖകള്‍ തേടിയെങ്കിലും കൊട്ടക്കാമ്പൂര്‍ വില്ലജുമായി ബന്ധപ്പെട്ട ലാന്റ് രജിസ്റ്റര്‍ കൈവശമില്ലെന്ന മറുപടിയാണ് ലഭിച്ചത്. വ്യാജരേഖ ചമച്ച് ഭൂമി കൈയേറിയ കേസ് സിബിെഎക്ക് വിടണമെന്നാവശ്യപ്പെടുന്ന രണ്ടു ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഭൂമി കൈയേറ്റത്തില്‍ എട്ട് പേരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ദേവികുളം പോലിസ് സ്‌റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൊട്ടക്കാമ്പൂരില്‍ അഞ്ച് ഏക്കറോളം പട്ടയ ഭൂമി 1995ല്‍ തനിക്ക് ഉണ്ടായിരുന്നുവെന്നാണ് ഒന്നാം പ്രതി പാലിയത്ത് ജോര്‍ജ് മൊഴി നല്‍കിയിട്ടുള്ളത്. പട്ടയമില്ലാത്ത നാലേക്കര്‍ വീതം അയല്‍വാസികള്‍ വില്‍ക്കാന്‍ തയ്യാറായപ്പോള്‍ ഏക്കറിന് 30000 രൂപ വീതം നല്‍കി വാങ്ങുകയായിരുന്നു. പട്ടയം ലഭിക്കുന്ന മുറയ്ക്ക് കൈമാറണമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലം വില്‍പന. പട്ടയം ലഭിച്ചപ്പോള്‍ 2001ലാണ് പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്ത് സ്ഥലം കൈമാറിയത്. അന്ന് 50000 രൂപ വീതം ഏക്കറിന് ആവശ്യപ്പെട്ടത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2005ല്‍ ഭൂമി ഭാര്യക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി കൈമാറുകയായിരുന്നെന്നും താന്‍ ആരെയും ചതിച്ചിട്ടില്ലെന്നുമാണ് ജോര്‍ജ് മൊഴി നല്‍കിയിട്ടുള്ളത്. ആരും തങ്ങളുടെ ഭൂമി വ്യാജ രേഖ ചമച്ച് കൈയേറിയിട്ടില്ലെന്ന മൊഴിയാണ് മുന്‍ ഉടമകളും നല്‍കിയിട്ടുള്ളത്. പട്ടയം റദ്ദാക്കാന്‍ കാരണമായ ദേവികുളം ആര്‍ഡി ഓഫിസിലെ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എത്രയും വേഗം പരിശോധന പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it