|    Aug 19 Sat, 2017 7:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

90 ശതമാനം അംഗപരിമിതനായ എന്നെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഭയപ്പെടുന്നത്? ഡോ. ജി എന്‍ സായിബാബ

Published : 9th March 2017 | Posted By: fsq

dr-saibaba01

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത, ശരീരത്തിന്റെ 90 ശതമാനം ചലനശേഷിയും നഷ്ടപ്പെട്ട ഒരു മനുഷ്യന്റേതാണ് ഈ ചോദ്യം. നിരോധിത മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് നീണ്ട 14 മാസം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ച ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ ഡോ. ജി എന്‍ സായിബാബയുടേതാണ് ഈ വാക്കുകള്‍. മാവോവാദി ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു ജില്ലാ സെഷന്‍സ് കോടതി സായിബാബയ്ക്കും മറ്റു അഞ്ചു പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ അഹേരിയില്‍ നിന്നു കണ്ടെടുത്ത ചില മോഷണവസ്തുക്കളുടെ അന്വേഷണത്തിന്റെ മറവിലായിരുന്നു ആദ്യമായി 2013 സപ്തംബര്‍ 13നു സായിബാബയുടെ ഡല്‍ഹി സര്‍വകലാശാലാ കാംപസിലുള്ള വസതിയില്‍ പോലിസ് പരിശോധന നടത്തിയത്. പിന്നീട് ഒമ്പതു മാസത്തിനു ശേഷം 2014 മെയ് 9ന് സര്‍വകലാശാലയിലെ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് അദ്ദേഹത്തെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. യുഎപിഎ എന്ന വിവാദ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ്. നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലിലെ ഏകാന്തവാസം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാക്കുന്നുവെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ജൂലൈ 3നു ബോംബെ ഹൈക്കോടതി അദ്ദേഹത്തിനു മൂന്നു മാസത്തെ ജാമ്യം നല്‍കി. അഞ്ചാം വയസ്സില്‍ പിടിപെട്ട പോളിയോ രോഗം തളര്‍ത്തിയ ശരീരവുമായി വീ ല്‍ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന സായിബാബ ചോദിക്കുന്നത്, 90 ശതമാനവും അംഗപരിമിതനായ തന്നെ ഭരണകൂടം എന്തിനാണ് ഭയപ്പെടുന്നതെന്നാണ്. എനിക്ക് മാവോവാദികള്‍ക്കു വേണ്ടി പോലും കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരുകള്‍ക്ക് അറിയാം. ശാരീരിക വൈകല്യമുള്ള എനിക്കത് അസാധ്യമാണ്. പക്ഷേ, ഞാന്‍ ചിന്തിക്കുന്നു, എഴുതുന്നു. യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നതും സമീപനങ്ങളില്‍ ധൈര്യം കാണിക്കുന്നതും തങ്ങള്‍ക്കു ഭീഷണിയാണെന്നാണ് ഭരണകൂടം കരുതുന്നത്. പ്രകൃതിവിഭവങ്ങള്‍, ജനങ്ങളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എന്റെ ആശയങ്ങള്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായതിനാലാണ് അവരുടെ മുമ്പില്‍ ഞാന്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്നത്. അതിനാല്‍ എന്നെ നിശബ്ദനാക്കണം. ഞാന്‍ ഒരു അധ്യാപകനാണ്. ഞാന്‍ സംവാദങ്ങള്‍ നടത്തും. ഞാന്‍ എഴുതും. 14 മാസത്തെ ജയില്‍ജീവിതത്തിനിടെ തനിക്കു മനസ്സിലായത് രാജ്യസുരക്ഷ കൂടുതല്‍ കേന്ദ്രീകൃതമായി മാറിയിരിക്കുന്നുവെന്നാണ്. ഭരണകൂടം അധികാരത്തിനായുള്ള സുരക്ഷയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസ്ഥാനുസാരമായ അതിക്രമങ്ങള്‍ നിറഞ്ഞതാണ് ഭരണകൂടം. ഇതിനെ നാം ചെറുത്തുതോല്‍പിക്കേണ്ടതുണ്ടെന്നും സായിബാബ പറഞ്ഞു. വീണ്ടും ജയിലിലേക്കു പോകുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് രക്തസമ്മര്‍ദം വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഡോ. സായിബാബ ആശുപത്രിയിലാവുന്നത്. ജയിലിലായിരുന്നപ്പോള്‍ മരുന്നുകള്‍ കഴിക്കാതിരുന്നതുകൊണ്ടായിരുന്നു അത്. ജാമ്യത്തിലായിരുന്നപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയും സായിബാബയെ പീഡിപ്പിക്കുകയായിരുന്നു. സസ്‌പെന്‍ഷനിലുള്ള അധ്യാപകര്‍ക്ക് 90 ശതമാനം വേതനം നല്‍കുമ്പോള്‍ സായിബാബക്ക് നല്‍കിയത് വെറും 25 ശതമാനം. ക്രമസമാധാനനില തകരാറിലാവുമെന്ന് ആരോപിച്ച് കാംപസിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം തടയുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക