ചോക്കാട് യുഡിഎഫിലും മഞ്ഞുരുക്കം വാര്‍ഡംഗത്തിനെതിരെയുള്ള കേസ് പിന്‍വലിച്ചേക്കും
കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള പിണക്കം അവസാനിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപപ്പെട്ട സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തി സിപിഎം ഭരണം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
ഇതിന്റെ മുന്നോടിയായി ഇരു പാര്‍ട്ടികളിലേയും നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞദിവസം വണ്ടൂരില്‍ വച്ച് എംഎല്‍എ എ പി അനില്‍കുമാര്‍ നടത്തിയ വിരുന്നില്‍ ഇരു പാര്‍ട്ടികളിലേയും നേതാക്കന്മാര്‍ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി ചേര്‍ന്ന് നടത്തുന്ന ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഭരണസമിതിയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ആദ്യ പകുതി പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയതെങ്കിലും പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്ന് വരികയും പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. ഉദരംപൊയില്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന എം എ ഹമീദിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ കേസ് അംഗമായി തിരഞ്ഞെടുത്തതിന് ശേഷവും തുടരുകയാണ്.
മെംബറായി തിരഞ്ഞെടുത്ത ഹമീദിനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട പരാതി കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഉദരംപൊയില്‍ അംഗത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേസ് കൊടുത്ത വ്യക്തിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മണ്ഡലം കമ്മറ്റിക്കോ വാര്‍ഡ് കമ്മിറ്റിക്കോ അങ്ങനെ ഒരു വിവരവും കിട്ടിയിരുന്നില്ല. മാത്രവുമല്ല മറ്റ് ഏതോ സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റായി ഇദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പുറത്താക്കിയതായ ഒരു വിവരവും കിട്ടിയില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവമായി തുടരുകയും ചെയ്യുന്നുണ്ട്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായിട്ടുമില്ല. അതേസമയം ഹമീദിന് വേണ്ടി കേസ് യു ഡി എഫ് ഏറ്റെടുക്കുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും കേസ് പിന്‍വലിക്കാതെ മുന്നണിയാകണ്ടെന്നുമാണ് ലീഗിലെ ഒരു ഭാഗം പറയുന്നത്.
Next Story

RELATED STORIES

Share it