wayanad local

88 പേര്‍ക്ക് ജോലി ലഭിച്ചു; 38 പേര്‍ ഗോത്ര വിഭാഗക്കാര്‍

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയു- ജികെവൈ) പദ്ധതി പ്രകാരം ജില്ലയില്‍ 88 പേര്‍ക്ക് ജോലി ലഭിച്ചു. പരിശീലനത്തോടൊപ്പം തൊഴില്‍ നല്‍കുന്ന പദ്ധതി മുഖേന ഏറ്റവും കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കിയ ജില്ലയാണ് വയനാട്. ജില്ലയില്‍ ആറ് ഏജന്‍സികള്‍ മുഖേന ഏഴു സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയ്ക്കു പുറത്തുള്ള രണ്ടു സെന്ററുകളിലും പഠിതാക്കളുണ്ട്. ഒമ്പതു സെന്ററുകളിലായി 703 പേര്‍ പരിശീലനം നടത്തുന്നു. 157 പേര്‍ പഠനം പൂര്‍ത്തിയാക്കുകയും 88 പേര്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്തു. ഇതില്‍ 38 പേര്‍ ഗോത്ര വിഭാഗക്കാരാണ്.
പഠിതാക്കള്‍ക്ക് ആവശ്യമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരിശീലനം പൂര്‍ണമായി സൗജന്യമാണ്. ഭക്ഷണം, താമസം, യാത്ര, പഠനോപകരണങ്ങള്‍, യൂനിഫോം എന്നിവ ഏജന്‍സികള്‍ പഠിതാക്കള്‍ക്ക് നല്‍കും. പരീക്ഷ കഴിഞ്ഞ് ജോലി ഉറപ്പുവരുത്തുന്നതോടെ 6,000 മുതല്‍ 15,000 വരെ പ്രതിമാസ വരുമാനം ഉറപ്പാക്കും.
ഇറ്റ്‌കോട്ട് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വീസ് ലിമിറ്റഡ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, എയ്‌സ് സ്‌കില്‍സ്, ലൈഫ് തോളോണ്‍സ്, ഡോണ്‍ബോസ്‌കോ ടെക്, എവോണ്‍, ലൈഫ് കാപ്സ്റ്റണ്‍, സെന്‍ഡം മുക്കം, ടീം ലീസ് എന്നീ ഏജന്‍സികള്‍ മുഖേനയാണ് പരിശീലനം.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ 18നും 35നുമിടയിലുള്ള യുവാക്കള്‍ക്കും 18നും 45നുമിടയിലുള്ള സ്ത്രീകള്‍ക്കുമാണ് വിവിധ ഏജന്‍സികള്‍ മുഖേന വൈദഗ്ധ്യ പരിശീലനം നല്‍കുന്നത്. ഫുഡ് പ്രൊസസിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ സര്‍വീസ്, സെക്യൂരിറ്റി ഗാര്‍ഡ്, തയ്യല്‍, ടൂര്‍ ഓപറേറ്റര്‍, അക്കൗണ്ടിങ്, ഐടി ടെക്‌നിക്കല്‍ സപോര്‍ട്ട്, ഫുഡ് ആന്റ് ബിവറേജ് സര്‍വീസിങ്, ബിസിനസ് ബാങ്കിങ് കറസ്‌പോണ്ടന്റ്, സെയില്‍ എക്‌സിക്യൂട്ടീവ് തുടങ്ങി വേഗത്തില്‍ തൊഴില്‍ നേടാന്‍ കഴിയുന്ന കോഴ്‌സുകള്‍ക്കാണ് പരിശീലനം. മൂന്നു മുതല്‍ 12 മാസം വരെയുള്ള പരിശീലനമാണിവിടെ. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍സിവിടി, എസ്എസ്‌സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
കോഴ്‌സുകളില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് മാനന്തവാടിയില്‍ നടക്കുന്ന ജനകീയ മേളയില്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാവും. വിവിധ ഏജന്‍സികളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിക്കും. 26 സിഡിഎസ് ഓഫിസുകളിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഫെബ്രുവരി അവസാന വാരം പ്രത്യേക ജോബ് മേള സംഘടിപ്പിക്കും. ഡിഡിയു- ജികെവൈ ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു പ്രവര്‍ത്തനം വിലയിരുത്തി. പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗം വിളിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ്, സ്‌കില്‍ കണ്‍സള്‍ട്ടന്റ് സി എസ് കിരണ്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, വൈശാഖ് എം ചാക്കോ, കെ ബിജോയ് പങ്കെടുത്തു.
Next Story

RELATED STORIES

Share it