88 ബോട്ടുകളിലെ തൊഴിലാളികളെകുറിച്ചു വിവരമില്ല

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ ബോട്ടുകളില്‍ 27 ബോട്ടുകളും അതിലെ 239 തൊഴിലാളികളെക്കുറിച്ചും വിവരം ലഭിച്ചു. അതേസമയം 88 ബോട്ടുകളും അതിലെ തൊഴിലാളികളെക്കുറിച്ചും വിവരമില്ല.കാണാതായ 115 ബോട്ടുകളില്‍ ഇന്നലെ 14 ബോട്ടുകളും അതിലെ 86 തൊഴിലാളികളും കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയ 13 ബോട്ടുകള്‍ ലക്ഷദ്വീപിലും മാതാ എന്ന ബോട്ട് ഗോവയിലും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പുറപ്പെട്ട് കാണാതായ  കാര്‍മല്‍ മാത, ആവേ മരിയ, സെന്റ് മേരീസ്, അമ്മ മരിയ, ടി മുരുകന്‍, സാംസണ്‍, മേരി അമ്മ, ബാരക്, റയാ കോ മോന്‍ എന്ന മാതാ ബോട്ടുകളാണ് ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നു ലക്ഷദ്വീപില്‍ അടുക്കാന്‍ കഴിയാതെ ഒഴുകിനടക്കുകയായിരുന്നു കാര്‍മല്‍ മാത എന്ന ബോട്ട്.കൊച്ചിയില്‍ നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെ, കോസ്റ്റല്‍ പോലിസാണ് ബോട്ട് കെട്ടിവലിച്ച് എത്തിച്ചത്. ഒരു മലയാളി ഉള്‍പ്പെടെ 11 തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി ഹസയ്‌നാര്‍ (55), തമിഴ്‌നാട് സ്വദേശികളായ മെല്‍ക്കിയാസ് (56), രാജു ( 54), ബോബന്‍ (27), ആന്റണി (52), സുധന്‍ (42), ജിന്‍സന്‍ മിരാന്‍ഡ (24), അമലാദാസ് (55), മില്‍ക്കിയാസ് (45), സാജു (40), രാജന്‍ (21) എന്നിവരാണ് കാര്‍മല്‍ മാത എന്ന ബോട്ടിലെ തൊഴിലാളികള്‍.  അതേ സമയം പുറംകടലില്‍ഒഴുകി നടന്ന  ഒരു മൃതദേഹം  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്  കണ്ടെത്തി. തുടര്‍ന്ന് രാത്രിയേടെ കൊച്ചിയിലെത്തിച്ച  മൃ തദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.   നാഗപട്ടണത്തു നിന്നു മല്‍സ്യബന്ധനത്തിനു പോയ ആറു ബോട്ടുകളും അതിലെ 36 തൊഴിലാളികളും ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. 120ഓളം തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കൊച്ചി കേന്ദ്രീകരിച്ചു മല്‍സ്യബന്ധനം നടത്തുന്ന ചുണ്ടയ്ക്കു പോവുന്ന ഫൈബര്‍ ബോട്ടുകളും അതിലെ തൊഴിലാളികളെക്കുറിച്ചും വിവരമില്ല. ബോട്ടുകള്‍ക്ക് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു തരകന്‍മാരുള്ളതിനെ തുടര്‍ന്നാണു ബോട്ടുകള്‍ എത്രയെന്ന വിവരം ലഭിക്കുന്നത്. എന്നാല്‍ ദിവസങ്ങളോളം പുറംകടലില്‍ പോയി ചൂണ്ടയിടുന്ന ഫൈബര്‍ വള്ളങ്ങള്‍ ഏതൊക്കെയാണെന്നു വിവരമില്ല. തമിഴ്‌നാട്ടുകാരുടെ 50ഓളം ഫൈബര്‍ വള്ളങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുതായി ലോങ്‌ലൈന്‍ ബോട്ട് ആന്റ് ബായിങ് ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ് പറഞ്ഞു.
Next Story

RELATED STORIES

Share it