|    Jun 23 Fri, 2017 10:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

85 ശതമാനം തൊഴിലാളികള്‍ വേതന സംരക്ഷണത്തിന് കീഴില്‍

Published : 3rd November 2016 | Posted By: SMR

ദോഹ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ 40,000ഓളം കമ്പനികള്‍ വേതന സംരക്ഷണ നിയമം(ഡബ്ല്യുപിഎസ്) നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിലെ 85 ശതമാനം തൊഴിലാളികള്‍ക്കും(18 ലക്ഷത്തോളം പേര്‍) ബാങ്ക് വഴി ശമ്പളം ലഭിച്ചു തുടങ്ങിയതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.
എന്നാല്‍, മൂന്ന് ലക്ഷത്തോളം ശമ്പളക്കാരായ തൊഴിലാളികള്‍ തങ്ങളുടെ കമ്പനികള്‍ ഡബ്ല്യുപിഎസ് നടപ്പാക്കുന്നത് കാത്തിരിക്കുകയാണ്. പുതിയ നിയമം നടപ്പിലാക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഇവയില്‍ പല കമ്പനികളും അറിയിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ പരിശോധകരുടെ കര്‍ശന ഇടപെടലില്‍ 6,700 കമ്പനികള്‍ കൂടി ഉടന്‍ ഡബ്ല്യുപിഎസ് സംവിധാനത്തിലേക്കു മാറുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
2015 ഫെബ്രുവരിയില്‍ അമീര്‍ ഒപ്പിട്ട ഡബ്ല്യുപിഎസ് നിയമം അതേ വര്‍ഷം നവംബറിലാണ് നിലവില്‍ വന്നത്. ശമ്പളം കൃത്യമായി ലഭിക്കാത്തത് സംബന്ധിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന പരാതികള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഡബ്ല്യുപിഎസ്  സംവിധാനം കൊണ്ടുവന്നത്.
ലോകത്താകമാനം ചില തൊഴിലുടമകള്‍ വേതനം പണമായി നേരിട്ട് നല്‍കുന്ന സംവിധാനം ചൂഷണ ഉപാധിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഡബ്ല്യുപിഎസ് ഒന്നാം വാര്‍ഷിക വേളയില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഭരണ വികസന-തൊഴില്‍-സാമൂഹിക കാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി പറഞ്ഞു. ഡബ്ല്യുപിഎസ് കൊണ്ടു വന്നതിലൂടെ തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നതില്‍ പൂര്‍ണ സുരക്ഷയും സുതാര്യതയുമാണ് ഉറപ്പു വരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡബ്ല്യുപിഎസ് നടപ്പാക്കുകയും എന്നാല്‍, സമയത്ത് ശമ്പളം നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത 385 നിയമലംഘനങ്ങള്‍ ഇതിനകം വിവിധ കമ്പനികള്‍ക്കെതിരേ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴയും ഒരു മാസം വരെ തടവുമാണ് ഇതിനുള്ള ശിക്ഷ.
ഇതിനു പുറമേ വേതനം സംബന്ധിച്ച തൊഴിലാളികളുടെ പരാതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ കുറവും വന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക