|    Dec 16 Sun, 2018 7:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലുപേര്‍ പിടിയില്‍

Published : 9th November 2018 | Posted By: kasim kzm

നിലമ്പൂര്‍: 85 ലക്ഷം രൂപയുടെ നിരോധിച്ച 1000, 500 കറന്‍സി നോട്ടുകളുമായി നാലു പേരെ പൂക്കോട്ടുംപാടം പോലിസ് പിടികൂടി. രണ്ടു വര്‍ഷം മുമ്പ് നവംബര്‍ 8ന് നിരോധിച്ചു രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് നിരോധിത നോട്ടുകളുമായി ഇവര്‍ പിടിയിലാവുന്നത്.
അരീക്കോട് കീഴുപറമ്പ് കുനിയില്‍ സ്വദേശി കൊക്കഞ്ചേരി വീട്ടില്‍ മന്‍സൂര്‍ അലി (30), മുക്കം എരഞ്ഞിമാവ് നെഞ്ചീരിപ്പറമ്പ് കോലോത്തുംതൊടിക റഫീഖ് (28), അരീക്കോട് കുറ്റൂളി മത്തങ്ങാപ്പൊയില്‍ ദിവിന്‍ (31), മുക്കം എരഞ്ഞിമാവ് പന്നിക്കോട് നെഞ്ചീരിപ്പറമ്പില്‍ അന്‍സാര്‍ (29) എന്നിവരെയാണു പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പോലിസ് പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയിലാണു പണം ഒളിപ്പിച്ചിരുന്നത്. നിരോധിത നോട്ടുകളുടെ വിപണനവും വിതരണവും ജില്ലയ്ക്കകത്തും പുറത്തും രഹസ്യമായി നടക്കുന്നുണ്ടെന്നു മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരം സംഘങ്ങളെക്കുറിച്ചും അവര്‍ നടത്തുന്ന വിപണന രീതികളെക്കുറിച്ചും മനസ്സിലാക്കി പൂക്കോട്ടുംപാടം സബ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഷാഡോ പോലിസ് ടീം നടത്തിയ അന്വേഷണത്തിലാണ് നിരോധിത നോട്ടുകളുമായി അമരമ്പലം പാലത്തിന് സമീപം വച്ച് ഇവര്‍ പിടിയിലാവുന്നത്.
വയനാട്, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലുള്ള സംഘമാണ് ഇവര്‍ക്കു വിതരണത്തിനായി പണം കൈമാറിയത്. ഒരുകോടിക്ക് 32 ലക്ഷം രൂപയുടെ പുതിയ കറന്‍സിയുടെ കൈമാറ്റം എന്ന് പറഞ്ഞുറപ്പിച്ചാണ് പണം കൈമാറിയതെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് എസ്‌ഐ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇത്തരത്തില്‍ നടക്കുന്ന നിരോധിത കറസികളുടെയും കുഴല്‍പ്പണമിടപാടുകളുടെയും വിതരണത്തിലും വിപണനത്തിലുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം എസ്‌ഐ പി വിഷ്ണു, ടൗണ്‍ ഷാഡോ ടീമിലെ അംഗങ്ങളായ എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, സി പി മുരളി, റിയാസ് ചീനി, അന്‍സാര്‍, അനിറ്റ് മനു മാത്യു, സുദേവ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss