|    May 25 Thu, 2017 12:11 pm
FLASH NEWS

82 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അന്തിമസാധ്യതാപട്ടികയായി

Published : 27th March 2016 | Posted By: RKN

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സിറ്റിങ് എംഎല്‍എമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി 82 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ സാധ്യതാപട്ടിക തയ്യാറായി. ജില്ലാഘടകങ്ങള്‍ നിര്‍ദേശിച്ച ഭൂരിപക്ഷം പേരുകളും നിലനിര്‍ത്തിയുള്ള സാധ്യതാ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് കൈമാറാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് തയ്യാറാക്കിയത്. ഇന്നലെ വൈകീട്ട് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നല്‍കി. സ്ഥാനാര്‍ഥി പട്ടികയുടെ തുടര്‍ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിക്ക് പോവും. ഇന്ന് ഡല്‍ഹിക്ക് തിരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് യാത്ര നാളത്തേക്ക് മാറ്റിയത്. സിറ്റിങ് എംഎല്‍എമാരുടെ പേരുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദും പട്ടികയില്‍ ഇടംപിടിച്ചു. സ്ഥാനാര്‍ഥി പട്ടിക ചുരുക്കണമെന്ന് കെപിസിസി പ്രസിഡന്റിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിനോട് യോജിച്ചില്ല. മുഖ്യമന്ത്രി മല്‍സരിക്കുന്ന പുതുപ്പള്ളി, രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, കെ എസ് ശബരീനാഥിന്റെ അരുവിക്കര, പി കെ ജയലക്ഷ്മിയുടെ മാനന്തവാടി, ബത്തേരി, തൃത്താല, ചിറ്റൂര്‍, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളില്‍ ഒറ്റപ്പേര് മാത്രമേയുള്ളൂ. ബാക്കിയുള്ള മണ്ഡലങ്ങളില്‍ രണ്ടുമുതല്‍ മുകളിലോട്ട് സ്ഥാനാര്‍ഥികളുടെ പേരുകള്‍ സാധ്യതാ പട്ടികയിലുണ്ട്. സാധ്യതാ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി ഇന്നലെ രാവിലെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് പട്ടിക പരമാവധി ചുരുക്കണമെന്ന നിലപാട് സുധീരന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, തര്‍ക്കമുള്ള മണ്ഡലങ്ങളില്‍ ജില്ലാ ഘടകങ്ങള്‍ നല്‍കിയ പട്ടിക കാര്യമായ മാറ്റമില്ലാതെ ഹൈക്കമാന്‍ഡിന് അയക്കണമെന്ന സമീപനമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചത്. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന പൊതുനിലപാടില്‍ നേതാക്കളെത്തുകയായിരുന്നു. നാലുതവണ മല്‍സരിച്ചവരെ ഒഴിവാക്കുക, ആരോപണവിധേയരായവരെ മല്‍സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തുക തുടങ്ങിയ പൊതുമാനദണ്ഡങ്ങള്‍ തിരഞ്ഞെടുപ്പില്‍ വേണമോയെന്നതില്‍ ഹൈക്കമാന്‍ഡായിരിക്കും തീരുമാനമെടുക്കുക. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം, മുഴുവന്‍ സിറ്റിങ് എംഎല്‍എമാരും മല്‍സരിക്കണമെന്നില്ലെന്നും നാലുതവണ മല്‍സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ല. ചിലയിടങ്ങളില്‍ ഒരാളുടെ പേരുമാത്രമേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളൂ. പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. ബാക്കി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. തന്റെ പേര് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day