81 അംഗങ്ങളില്‍ 55 പേര്‍ ദില്‍മയ്‌ക്കെതിരേ വോട്ട് ചെയ്തു; കുറ്റവിചാരണ: സെനറ്റ് അംഗീകാരം നല്‍കി

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണാ നടപടികള്‍ക്ക് സെനറ്റിന്റെ അംഗീകാരം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കുന്നതിനായി ബജറ്റില്‍ ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് റൂസഫിനെതിരായ വിചാരണ. ബ്രസീല്‍ പാര്‍ലമെന്റിന്റെ ഉപരിസഭ സെനറ്റിലെ 81 അംഗങ്ങളില്‍ 55 പേര്‍ കുറ്റവിചാരണയെ അനുകൂലിച്ചും 22 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. കുറ്റവിചാരണയ്ക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ ദില്‍മയെ ആറുമാസത്തേക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു താല്‍ക്കാലികമായി മാറ്റി വൈസ് പ്രസിഡന്റ് മൈക്കല്‍ തെമറിന് അധികച്ചുമതല നല്‍കി.
ആറുമാസക്കാലയളവില്‍ നടക്കുന്ന കുറ്റവിചാരണാ നടപടിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ദില്‍മ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ നില്‍ക്കണോ എന്നു തീരുമാനിക്കുക. ദില്‍മയ്‌ക്കെതിരായ നടപടികള്‍ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് അവരെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാന്‍ കഴിയുക. ദില്‍മയെ നീക്കിയാല്‍ 2018ലെ തിരഞ്ഞെടുപ്പു വരെ മൈക്കല്‍ തെമര്‍ പ്രസിഡന്റ് സ്ഥാനത്തു തുടരും.
അഴിമതി ആരോപണങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശനങ്ങള്‍ ദില്‍മ സര്‍ക്കാരിന് കോട്ടങ്ങള്‍ വരുത്തിയിരുന്നു. ദില്‍മയ്‌ക്കെതിരേ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ലെ. എന്നാല്‍ 2014ല്‍ പുനര്‍ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെ ബജറ്റ് ചട്ടങ്ങള്‍ ലംഘിച്ചതാണ് അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിനു കാരണമായത്.
അതേസമയം തനിക്കെതിരായ കുറ്റവിചാരണാ നടപടികള്‍ തട്ടിപ്പാണെന്നും അട്ടിമറി നീക്കങ്ങളുടെ ഭാഗമാണെന്നും ദില്‍മ റൂസഫ് പ്രതികരിച്ചു. വോട്ടര്‍മാരുടെ പരമാധികാരം ചോദ്യംചെയ്യുന്നതും കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം നേടിയ സാമൂഹിക പുരോഗതിയെ വെല്ലുവിളിക്കുന്നതുമാണ് നടപടിയെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it