80,461 അപേക്ഷകളില്‍ പലിശരഹിത വായ്പയ്ക്കുള്ള നടപടിയായി

തിരുവനന്തപുരം: പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം ഏതാണ്ടു പൂര്‍ത്തിയായതായി സര്‍ക്കാര്‍. ഇതുവരെ അഞ്ചരലക്ഷം പേര്‍ക്കു സഹായം നല്‍കി. മരണപ്പെട്ടവര്‍ക്കുളള സഹായം 300ഓളം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളത്.
80,461 വീട്ടമ്മമാര്‍ക്കു കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായി. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 1,79,000 വീടുകളില്‍ സര്‍െേവ പൂര്‍ത്തിയായി. 50,000ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കു കേന്ദ്ര മാനദണ്ഡമനുസരിച്ചുളളതിനേക്കാള്‍ വലിയ തുക ലഭിക്കുമെന്നു റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രം ഹെക്റ്ററിന് 37,500 രൂപയാണു ഭൂമി നഷ്ടപ്പെട്ടവര്‍ക്കായി നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്കു സ്വന്തമായി മറ്റു ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്ര മാനദണ്ഡമനുസരിച്ച് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരമാണ് സംസ്ഥാനം നല്‍കുന്നത്. പൂര്‍ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോര മേഖലയില്‍ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ 10 ലക്ഷം രൂപ ലഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ 80 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വീടുകളും സ്‌കൂളുകളും ആശുപത്രികളും മറ്റ് പൊതു സ്ഥാപനങ്ങളും നിര്‍മിച്ചുനല്‍കാനും അറ്റകുറ്റപ്പണി നടത്താനും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സംഘടനകളും സന്നദ്ധത അറിയിക്കുന്നുണ്ട്. ഇവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it