800 കോടിയുമായി വിക്രം കോത്താരി നാടുവിട്ടു
Published : 19th February 2018 | Posted By: kasim kzm
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു ബാങ്ക് തട്ടിപ്പുകഥ കൂടി പുറത്തുവരുന്നു. അഞ്ചു ബാങ്കുകളില്‍ നിന്ന് എടുത്ത 800 കോടി രൂപയിലേറെ വരുന്ന വായ്പ തിരിച്ചടയ്ക്കാതെ റോട്ടോമാക് പേനക്കമ്പനി ഉടമ വിക്രം കോത്താരി മുങ്ങി.
യൂനിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയും കടമെടുത്താണ് കോത്താരി അപ്രത്യക്ഷനായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്പാ തുകയോ പലിശയോ ഇയാള്‍ അടച്ചിട്ടില്ല. ഒരാഴ്ചയായി ഇയാളെ കാണാനുമില്ല. കാണ്‍പൂര്‍ സിറ്റി സെന്ററിലെ കോത്താരിയുടെ ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്നു കണ്ടെത്താന്‍ ഇനിയും അധികൃതര്‍ക്കു സാധിച്ചിട്ടില്ല.
രാജ്യം വിട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ബാങ്കുകള്‍ കോത്താരിക്ക് വായ്പ അനുവദിച്ചത് എന്നാണു റിപോര്‍ട്ടുകള്‍. നീരവ് മോദി നടത്തിയതിനു സമാനമായ ബാങ്ക് തട്ടിപ്പാണ് കോത്താരിയും നടത്തിയിട്ടുള്ളതെന്നാണ് സൂചന.
45 വര്‍ഷത്തോളം റോട്ടോമാക് പേനകളുടെ ഉല്പാദകരായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു കോത്താരി. കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്ത്യയിലെ കയറ്റുമതി സംഘടനകളുടെ ഫെഡറേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്ന് ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.
റോട്ടോമാക് എക്സ്പോര്‍ട്ട്സ്, കോത്താരി ഫുഡ്സ് ആന്റ് ഫ്രാഗ്രന്‍സസ്, മോഹന്‍ സ്റ്റീല്‍സ്, ക്രൗണ്‍ അല്‍ബ റൈറ്റിങ് ഇന്‍സ്ട്രുമെന്റ്സ്, റേവ് ഇന്‍വെസ്റ്റ്മെന്റ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായിരുന്ന കോത്താരിക്ക് ലഖ്നോ, അഹ്മദാബാദ്, ഡെറാഡൂണ്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുമുണ്ട്.
600 കോടിയുടെ വണ്ടിച്ചെക്ക് കേസ് ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ സപ്തംബറില്‍ ഇയാളുടെ മൂന്ന് വീടുകള്‍ ലേലം ചെയ്യാന്‍ അലഹബാദ് ബാങ്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇയാളുടെ സ്വാധീനത്തെ തുടര്‍ന്ന് പ്രദേശത്തെ ആരുംതന്നെ ലേലവുമായി സഹകരിക്കാന്‍ തയ്യാറായില്ല.
പേനകള്‍, ആശംസാകാര്‍ഡുകള്‍, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലൂടെയാണ് കോത്താരി വ്യാപാര രംഗത്തേക്ക് കടക്കുന്നത്. 1973ല്‍ പുറത്തിറക്കിയ പാന്‍പരാഗ് എന്ന ഉല്പന്നത്തിലൂടെ കോത്താരി ഏറെ പ്രശസ്തനായി. എണ്‍പതുകളില്‍ ഏറ്റവും വലിയ ടെലിവിഷന്‍ പരസ്യദാതാക്കളായിരുന്നു പാന്‍പരാഗ്.
റെയ്നോള്‍ഡ്സ് കമ്പനിയുടെ പ്രശസ്തമായ പേനകളോടായിരുന്നു റോട്ടോമാക്കിന്റെ പ്രധാന മല്‍സരം. സല്മാന്ഖാന്, റവീണ ടണ്ഠന് തുടങ്ങിയ ഒന്നാംനിര ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളിലൂടെയാണ് റോട്ടോമാക് പേന ഇന്ത്യന്‍ വിപണി പിടിച്ചടക്കിയത്. ‘ലിക്തേ ലിക്തേ ലവ് ഹോ ജായേ’ എന്നായിരുന്നു റോട്ടോമാക്കിന്റെ പ്രശസ്തമായ പരസ്യവാചകം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.