800 വര്‍ഷത്തെ മതസൗഹാര്‍ദ്ദ പാരമ്പര്യം: ക്ഷേത്രോല്‍സവത്തിനു ക്ഷണിക്കാന്‍ കോലധാരികള്‍ പള്ളിമുറ്റത്ത്

റഹ്മാന്‍ ഉദ്യാവര്‍

മഞ്ചേശ്വരം: 800 വര്‍ഷത്തോളം പഴക്കമുള്ള മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ക്ഷേത്രോല്‍സവത്തിനു ക്ഷണിക്കാന്‍ കോലധാരികള്‍ പള്ളിവളപ്പിലെത്തി. ഉദ്യാവരം ശ്രീഅരസു മഞ്ചിഷ്ണാര്‍ ക്ഷേത്രം ഭാരവാഹികളും കോലധാരികളുമാണ് ഇന്നലെ ജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയ ഉദ്യാവരം ജുമാഅത്ത് ഭാരവാഹികളെയും നാട്ടുകാരെയും ക്ഷണിക്കാന്‍ പള്ളിമുറ്റത്തെത്തിയത്.
മെയ് എട്ടുമുതല്‍ 11 വരെ നടക്കുന്ന മാഡ ക്ഷേത്രോല്‍സവത്തിന് വര്‍ഷംതോറും ജമാഅത്തിനെ ക്ഷണിക്കാന്‍ കോലധാരികള്‍ എത്താറുണ്ട്. ഇന്നലെ ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ ഇറങ്ങുന്നതിനിടയിലാണ് മാഡ ക്ഷേത്രഭാരവാഹികളും കോലധാരികളും പരമ്പരാഗത രീതിയില്‍ മുസ്‌ലിംകളെ ക്ഷണിക്കാനെത്തിയത്. വര്‍ഷംതോറും നടത്തിവരുന്ന ഉല്‍സവം ഇത്തവണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
800 വര്‍ഷത്തിനു മുമ്പുതന്നെ നിങ്ങളുടെ ശൈഖന്‍മാര്‍ ഞങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു'എന്നുപറഞ്ഞ് കോലധാരികള്‍ നിറഞ്ഞാടി. ഇതോടെ ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍ ഇവരെ സ്വീകരിച്ചു. പിന്നീട് ഉല്‍സവത്തിന് ജമാഅത്തിലെ മുഴുവന്‍ അംഗങ്ങളെയും ക്ഷണിച്ച് തിരിച്ചുപോവുകയായിരുന്നു. ഉദ്യാവരം മഖാം ഉറൂസിനും ഈ ക്ഷേത്രത്തിലെ കോലധാരികളും ഭാരവാഹികളും വിശ്വാസികളും ധാരാളമായി എത്താറുണ്ട്. ക്ഷേത്രോല്‍സവത്തിന് എത്തുന്ന ജമാഅത്ത് ഭാരവാഹികള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ക്ഷേത്രപരിസരത്ത് ഒരുക്കും. ഒരു വശത്ത് മുസ്‌ലിംകളും മറുവശത്ത് ക്ഷേത്രവിശ്വാസികളുമാണ് ഉല്‍സവത്തിന് ഇരിക്കുന്നത്.
പരസ്പര ഐക്യത്തിന്റെ പ്രതീകമായാണ് മഞ്ചേശ്വരം മാഡ ക്ഷേത്രത്തിലെ ഉല്‍സവവും ഉദ്യാവരം ഉറൂസും നടക്കുക. ജമാഅത്ത് ഭാരവാഹികളായ പി എ ഹനീഫ, അബൂബക്കര്‍ മാഹിന്‍, എസ് എല്‍ മൊയ്തീന്‍, സൂപ്പി ഹാജി, ഖത്തീബ് അബ്ദു ല്‍സലാം മദനി എന്നിവര്‍ സ്വീകരിച്ചു. ജയപാല്‍ഷെട്ടി, മഞ്ജുഭണ്ഡാരി, ദുര്‍ഗഭണ്ഡാരി, മുണ്ടഷെട്ടി, മാധവ സ്വാഗത്, സത്യനാരായണ എന്നിവരുടെ നേതൃത്വത്തിലാണ് മാഡ ക്ഷേത്ര ഭാരവാഹികള്‍ പള്ളിമുറ്റത്തെത്തിയത്.
Next Story

RELATED STORIES

Share it