Flash News

800 ജില്ലാ ഹെഡ് പോസ്റ്റ്ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍



ഭുവനേശ്വര്‍: രണ്ടുവര്‍ഷത്തിനകം രാജ്യത്തെ 800 ജില്ലാ ഹെഡ് പോസ്റ്റ്ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന്  വിദേശകാര്യ സഹമന്ത്രി വി കെ സിങ്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ താല്‍പര്യാര്‍ഥമാണ് ഈ നടപടി. 150 ജില്ലാ ഹെഡ് പോസ്റ്റ്ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ടിനായി ആളുകള്‍ കുറേയധികം സഞ്ചരിക്കുകയാണ്. പാസ്‌പോര്‍ട്ട് സംബന്ധിച്ച പരാതികള്‍ തീര്‍ക്കാന്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.വിദേശകാര്യവകുപ്പും തപാല്‍ വകുപ്പും സംയുക്തമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് നിരവധി ജില്ലാ തപാല്‍കേന്ദ്രങ്ങളില്‍ നേരത്തേ തന്നെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ പദ്ധതി വഴി ജില്ലാ തപാ ല്‍ ആസ്ഥാനങ്ങളെ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്കുള്ള ഫ്രന്റ് ഓഫിസുകളാക്കി മാറ്റാനാവും. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിഹരിക്കുന്നതിനും പുതിയ പദ്ധതികള്‍ സഹായിക്കുമെന്നു മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് എളുപ്പം ലഭ്യമാവുകയും വിതരണം സുതാര്യമാവുകയും ചെയ്യും. ഇടനിലക്കാരുടെ സാന്നിധ്യം അവസാനിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി കെ സിങ്.
Next Story

RELATED STORIES

Share it