|    Aug 24 Thu, 2017 1:09 am
FLASH NEWS

80 അടി ഉയരത്തിലുള്ള പുകക്കുഴലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Published : 4th August 2017 | Posted By: fsq

 

കുമരകം: നിര്‍മാണം നടക്കുന്ന കുമരകത്തെ കുമ്മായ ഫാക്ടറിയുടെ പുകക്കുഴലില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കായംകുളം സ്വദേശി അജിത്തി(22)നെയാണു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ഫാക്ടറിയില്‍ പരിസര മലീനികരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനു ആധുനികരീതിയിലുള്ള പുകക്കുഴല്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട അഞ്ച് തൊഴിലാളികളിലൊരാളായിരുന്നു അജിത്ത്. 80 അടി ഉയരത്തിലുള്ള പുകക്കുഴല്‍ നിര്‍മാണ ജോലിക്കിടയില്‍ അജിത്തിനു തലചുറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണു താഴേക്കിറങ്ങാന്‍ സാധിക്കാതെ പുകക്കുഴലിന്റെ മുകളിലെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ പുല്‍പ്പള്ളി സ്വദേശി നിധിന്‍ (22) അജിത്തിന്റെ രക്ഷകനായി. അബോധാവസ്ഥയിലായ അജിത്തിനെ താഴെ വീഴാതിരിക്കാന്‍ ഒരു മണിക്കൂറോളമാണ് നിധിന്‍ തന്റെ തോളില്‍ താങ്ങിനിര്‍ത്തിയത്. സംഭവമറിഞ്ഞ് പ്രദേശത്ത് നിരവധിപേര്‍ തടിച്ചുകൂടിയെങ്കിലും 80 അടി മുകളിലായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ദുസ്സഹമായി. 10.30ഓടെ കോട്ടയത്തു നിന്ന് ഫയര്‍ഫോഴ്‌സെത്തി പ്രത്യേക വലയുപയോഗിച്ച് അജിത്തിനെ താഴെയിറക്കുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. കോട്ടയം ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കെ വി ശിവദാസന്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ പി എന്‍ അജിത്കുമാര്‍, കെ സി തങ്കച്ചന്‍, പി എസ് അരുണ്‍, ഉദയകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ബോധരഹിതനായ അജിത്തിനെ ഫയര്‍ഫോഴ്‌സ് പ്രത്യേക വലയുപയോഗിച്ച് താഴെയിറക്കുന്നു. ഇന്‍സെറ്റില്‍ രക്ഷകനായ നിതിന്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക