80 ലക്ഷത്തിന്റെ വീട്ടില്‍ പട്ടിണി കിടന്ന് വൃദ്ധദമ്പതികള്‍ മരിച്ചു

ബംഗളൂരു: ഉത്തര ബംഗളൂരുവിലെ സുല്‍ത്താന്‍ പല്യയില്‍ വീട്ടിനകത്ത് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു സിറ്റി സായുധ പോലിസ് സേനയിലെ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കോബ റാവുവിന്റെയും ഭാര്യ കലാദേവി ഭായിയുടെയും മൃതശരീരങ്ങളാണു കഴിഞ്ഞ ചൊവ്വാഴ്ച പോലിസ് കണ്ടെത്തിയത്. ഇരുവര്‍ക്കും 80 വയസ്സാണ് പ്രായം.
വെങ്കോബ റാവുവിന്റെ ജഡം ഹാളിലെ കടലാസുകള്‍ക്കും പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കുമിടയിലും ഭാര്യയുടേത് കിടപ്പുമുറിയിലുമാണ് കിടന്നത്. ഭാര്യയുടെ മൃതശരീരം ജീര്‍ണിച്ച നിലയിലാണ്. എന്നാല്‍, റാവു പോലിസെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പു മരിച്ചതെന്നാണ് സംശം. ഏതാനും ആഴ്ചകള്‍ അദ്ദേഹം ഭാര്യയുടെ ജഡവുമായി ജീവിച്ചിരുന്നതായാണ് പോലിസ് കരുതുന്നത്. ഏകദേശം 80 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടില്‍ ഭക്ഷണം കിട്ടാത്ത അവസ്ഥയിലായിരുന്നു ദമ്പതികള്‍.
വീട്ടില്‍ ഭക്ഷണം പാചകം ചെയ്തതിന്റെ അടയാളവുമില്ലായിരുന്നു. നാല് വര്‍ഷമായി വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിഛേദിച്ച നിലയിലാണ്. ആരും വീട്ടിലേക്ക് വരാറില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. ഏതാനും ബ്ലോക്കുകള്‍ അകലെ താമസിക്കുന്ന ബന്ധുവിനെ കണ്ടെത്തിയാണ് പോലിസ് ഇവരെ തിരിച്ചറിഞ്ഞത്. മരിച്ച സത്രീയുടെ അകന്ന സഹോദരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുകുന്ദ റാവുവും ഭാര്യയും 15 വര്‍ഷം മുമ്പാണ് ഇവരെ അവസാനമായി കണ്ടത്.
Next Story

RELATED STORIES

Share it