80 വര്‍ഷം മുമ്പ് കേരളത്തില്‍ റിക്കാര്‍ഡ് ചെയ്ത പാട്ട് ശേഖരം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്‌

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ പുല്ലങ്കോട് എസ്റ്റേറ്റിലും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും വച്ച് 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിക്കാര്‍ഡ് ചെയ്ത മാപ്പിളപ്പാട്ടുകളും പുള്ളുവന്‍ പാട്ടുകളും മമ്പുറം തങ്ങളെക്കുറിച്ചുള്ള പാട്ടുകളും മറ്റും ഉള്‍പ്പെടുന്ന അമൂല്യ സംഗീതശേഖരം കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സ്വന്തമായി. ലണ്ടന്‍ സര്‍വകലാശാലയിലും പിന്നീട് അമേരിക്കയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലും കാത്തുസൂക്ഷിച്ച ഈ നിധി അവിടെ വംശീയ സംഗീത വിഭാഗത്തില്‍ പ്രഫസറായ ആമി കാറ്റലിന്‍ ജെയ്‌റാസ്‌ബോയ് ആണ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനു കൈമാറിയത്. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന ആര്‍ണോള്‍ഡ് ബേക്ക് റിക്കാര്‍ഡ് ചെയ്തതാണ് ഈ ഗാനങ്ങള്‍. നീണ്ട 15 വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഗീത ഗവേഷണത്തിനായി അദ്ദേഹം ചെലവഴിച്ചു. കേരളത്തിലേക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ശ്രീലങ്കയിലേക്കും 1932ലാണ് ബേക്ക് ആദ്യമായെത്തിത്. മലപ്പുറത്തെ പുല്ലങ്കോട് എസ്റ്റേറ്റില്‍ 1938ല്‍ റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ അതേ സ്ഥലത്തുവച്ച് ആമി 1994ല്‍ വീണ്ടും റിക്കാര്‍ഡ് ചെയ്തു. ആര്‍ണോ ള്‍ഡ് ബേക്ക് 768 പാട്ടുകളാണ് റിക്കാര്‍ഡ് ചെയ്തിരുന്നത്. ലോക മഹായുദ്ധകാലത്ത് ലണ്ടനില്‍വച്ച് ശേഖരത്തില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആമി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനു പുറമെ രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടി, ഫോക്‌ലോര്‍ പഠനവകുപ്പ് മേധാവി ഡോ. സി കെ ജിഷ, അമേരിക്കയിലെ ആഫ്രിക്കാന ഗവേഷണ കേന്ദ്രത്തിലെ ഗവേഷക നീലിമ ജയചന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it