Flash News

8 വര്‍ഷം കൊണ്ട് സീരിയല്‍ കില്ലര്‍ കൊന്നത് 33 പേരെ

ന്യൂഡല്‍ഹി: പകല്‍ ഭോപാലിലെ തുന്നല്‍ക്കടയില്‍ തുന്നല്‍ക്കാരനായി അവതരിക്കും. രാത്രിയില്‍ അതിക്രൂര കുറ്റകൃത്യങ്ങള്‍ നടത്തും. ട്രക്കുകളും ചരക്കുലോറികളും കൊള്ളയടിക്കാന്‍ 48കാരനായ ആദേശ് ഖമ്ര എട്ടു വര്‍ഷം കൊണ്ട് കൊന്നുതള്ളിയത് 33 പേരെ. 2010ല്‍ അമരാവതിയില്‍ തുടങ്ങിയ കൊലപാതക പരമ്പരകളെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലിസ് മനസ്സിലാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ്.
രണ്ടാമത്തെ കൃത്യം നാസികിലായിരുന്നു. പിന്നീട് മധ്യപ്രദേശിന്റെ പല പ്രദേശങ്ങളിലും ട്രക്ക്-ലോറി തൊഴിലാളികള്‍ ഇയാളുടെ ക്രൂരതയുടെ ഇരയായി. രണ്ടാഴ്ച മുമ്പ് ഭോപാലിന്റെ സമീപപ്രദേശത്തു നിന്നാണ് ആദേശ് ഖമ്രയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. കൂടെ അറസ്റ്റിലായ ഒമ്പതു പേരും കൊലപാതകങ്ങളില്‍ പല തരത്തില്‍ പങ്കാളികളായവരാണ്. ഖമ്ര കുറ്റം സമ്മതിച്ചെങ്കിലും കൃത്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് പറയുന്നത്.
മധ്യപ്രദേശ്- 15, മഹാരാഷ്ട്ര- 8, ഛത്തീസ്ഗഡ്- 5, ഒഡീഷ- 2 എന്നിങ്ങനെ കൊലപാതകങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചു. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ വാഹനവും വാഹനത്തിലുള്ള ചരക്കും വില്‍പന നടത്തുന്നതാണ് ഇയാളുടെയും കൂട്ടരുടെയും രീതി. മോഷണങ്ങളില്‍ ഇയാളെ സഹായിച്ചിരുന്നവരെ പോലിസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഖമ്രയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ചു പോലിസ് പറയുന്നത് ഇങ്ങനെ: റോഡരികിലെ ഭക്ഷണശാലകളില്‍ നിന്നു ലോറി ഡ്രൈവര്‍മാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് മോഷണത്തിന്റെ ആദ്യ ഘട്ടം. ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി പിന്നീട് ഡ്രൈവറെ ബോധരഹിതനാക്കും. ഒറ്റപ്പെട്ട ഇടങ്ങളിലേക്കു ട്രക്കുമായി പോയ ശേഷം അതിക്രൂരമായി കൊല നടത്തും. പിന്നീട് സഹായികളെ കൂടെ കൂട്ടി മൃതദേഹങ്ങള്‍ കാട്ടില്‍ മറവു ചെയ്യും. സഹായികളോടൊപ്പം വാഹനവും ചരക്കും വില്‍പന നടത്തി പണമാക്കും. വാഹനങ്ങള്‍ വൃത്തിയാക്കുക, ടയറുകള്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ട്രക്ക് ഡ്രൈവര്‍മാര്‍ ഒരു സഹായിയുമായിട്ടാണ് സാധാരണ സഞ്ചരിക്കാറ്. ഇവരെയും ഇയാള്‍ കൊല്ലുമായിരുന്നു.
സമാന മോഷണവുമായി ബന്ധപ്പെട്ടു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാഷ്ട്രയില്‍ വച്ച് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തില്‍ വ്യാപൃതനാവുകയായിരുന്നു. മോഷണങ്ങള്‍ക്കിടയില്‍ ഭോപാലിനു സമീപത്തെ ഗ്രാമത്തില്‍ തയ്യല്‍ക്കാരനായി ഖമ്ര ജോലി ചെയ്തിരുന്നതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം ഖമ്രയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചുവരുകയാണ്. 2017 മുതലുള്ള രേഖകളില്‍നിന്നു കാണാതായ ട്രക്ക് ഡ്രൈവര്‍മാരെക്കുറിച്ചു വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസ്.

Next Story

RELATED STORIES

Share it