ഏഴ് നാടക രാത്രികള്‍

ഏഴ് നാടക രാത്രികള്‍
X






cover-1

കെഎം അക്ബര്‍

ഴു ദിനങ്ങള്‍, 11 രാജ്യങ്ങള്‍, ഇരുനൂറിലേറെ കലാകാരന്മാര്‍, ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലര്‍ത്തുന്ന കലാമൂല്യമുള്ള 20 നാടകങ്ങള്‍, അവയുടെ 33 അവതരണങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇതായിരുന്നു എട്ടാമത് അന്താരാഷ്ട്ര നാടകോല്‍സവം.
ശരീരത്തിന്റെ രാഷ്ട്രീയമായിരുന്നു (ബോഡി പൊളിറ്റിക്‌സ്) നാടകോല്‍സവത്തിന്റെ പ്രധാന പ്രമേയം. ഇന്ത്യന്‍ നാടകങ്ങള്‍ക്കു പുറമേ ജപ്പാന്‍, തുര്‍ക്കി, അല്‍ജീരിയ, ലബ്‌നാന്‍, സിംഗപ്പൂര്‍, ഇറാന്‍, മലേസ്യ, ജര്‍മനി, ഇറാഖ് രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളും ഇത്തവണ അരങ്ങില്‍ വിസ്മയം തീര്‍ത്തു. മൂന്നാംലോകരാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളായിരുന്നു മറ്റൊരു സവിശേഷത. അവിടത്തെ ചെറുത്തുനില്‍പ്പുകളും പ്രതിരോധങ്ങളും നാടകങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിച്ചു. മനോഹരമായ അവതരണങ്ങളിലൂടെയും ഒട്ടൊക്കെ മികച്ച സംഘാടനത്തിലൂടെയും ശ്രദ്ധേയമായ രാജ്യാന്തര നാടകോല്‍സവത്തിന് കാണികളുടെ സജീവ പങ്കാളിത്തമാണുണ്ടായിരുന്നത്. അങ്ങനെ പൂരമെത്തും മുമ്പേ, പൂരങ്ങളുടെ നാട് ലോകനാടകങ്ങളുടെ പൂരം തിമര്‍ത്താഘോഷിച്ചു.








ശരീരത്തിന്റെ രാഷ്ട്രീയം മുഖ്യ പ്രമേയമാക്കി തൃശൂരില്‍അരങ്ങേറിയ എട്ടാമത്
അന്താരാഷ്ട്ര നാടകോല്‍സവം നാടകകലയുടെ പുത്തന്‍ ആവിഷ്‌കാരങ്ങള്‍ക്കും
വൈവിധ്യങ്ങള്‍ക്കും വേദിയായി






വൈവിധ്യങ്ങളും ദേശവും ഭാഷയും വസ്ത്രധാരണവുമെല്ലാം വേറിട്ടതായിരുന്നിട്ടും നാടക കലാകാരന്‍മാര്‍ അരങ്ങിനു മുന്നിലെത്തിയതോടെ ആഫ്രിക്കയും അമേരിക്കയും ഏഷ്യയുമെല്ലാം ഇവിടെ സമന്മാരായി. ചുറ്റിലും ഒരു സംസ്‌കാരം, നാടകസംസ്‌കാരം മാത്രം. സംസാരഭാഷയേക്കാള്‍ ശരീരഭാഷയുടെ പ്രയോഗം. വേദിയെ ഇളക്കിമറിച്ചിടാന്‍ മാത്രമുള്ള താരബഹളങ്ങളില്ല. വെളിച്ചവും സംഗീതവും നിര്‍ണായകമാവുന്ന നാടകലോകം. അതിനേക്കാളുപരി, പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോഗവും നാടകോല്‍സവത്തെ മികവുറ്റതാക്കി.
അരങ്ങിനെ ഉണര്‍ത്തിയ നാടകങ്ങള്‍
cover3



ചെന്നൈ ആസ്ഥാനമായ ചന്ദ്രലേഖ തിയേറ്റര്‍ ഗ്രൂപ്പിന്റെ ശരീരയുടെ അവതരണത്തോടെയായിരുന്നു നാടകരാവുകള്‍ക്ക് തുടക്കമായത്. സ്ത്രീശരീരത്തിന്റെ ദൃശ്യവും അദൃശ്യവുമായ ശക്തികളെ സമന്വയിപ്പിച്ച് സ്ത്രീത്വത്തിന്റെ ആഴങ്ങളെ അരങ്ങിലെത്തിച്ച ശരീരയുടേത് തിയേറ്ററിന്റെയും നൃത്തത്തിന്റെയും സാധ്യതകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള അവതരണമായിരുന്നു.
പിന്നെ മലേസ്യയില്‍ നിന്നുള്ള ബാലിങ്, മലയാളത്തിന്റെ സ്വന്തം ഖസാക്കിന്റെ ഇതിഹാസം, ലബ്‌നാനില്‍ നിന്നുള്ള സില്‍ക്ക് ത്രെഡ്, ദി ബാറ്റില്‍ സീന്‍, ഹെവന്‍സ്, ഇറാന്‍ കലാകാരന്‍മാര്‍ അരങ്ങിലെത്തിച്ച ഐ കാണ്‍ട് ഇമാജിന്‍ ടുമാറോ, ജപ്പാനില്‍ നിന്നുള്ള കളേഴ്‌സ് ഓഫ് അവര്‍ ബ്ലഡ്, തുര്‍ക്കിയില്‍ നിന്നുള്ള മാജിക് ട്രീ, ഗാര്‍ബേജ് മോണ്‍സ്റ്റര്‍, ജര്‍മനിയില്‍ നിന്നുള്ള തലാമസ്, മലയാളത്തില്‍ നിന്നുള്ള മറിയാമ്മ, അദ്ദേഹവും മൃതദേഹവും, മത്തി, ഡല്‍ഹിയില്‍ നിന്നെത്തിയ എ മെയില്‍ ആന്റ് ഹാസ് സ്‌ട്രെയിറ്റ് ആന്റിന, തോഡാ ധ്യാന്‍ സേ, ചെന്നൈയില്‍ നിന്നുള്ള കളര്‍ ഓഫ് ട്രാന്‍സ് 2.0, സിംഗപ്പൂരില്‍ നിന്നെത്തിയ ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്, ഇറാഖിന്റെ വെയിറ്റിങ്, പൂനെയുടെ എഫ് എഫ്1/105 എന്നീ നാടകങ്ങളാണ് അരങ്ങിനെ ഉണര്‍ത്തിയത്.
യുദ്ധത്തില്‍ താറുമാറായ മലേസ്യന്‍ ഉപദ്വീപിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ബാലിങ് എന്ന നാടകം രാഷ്ട്രം, അടിമത്തം, സ്വാതന്ത്ര്യം, ത്യാഗം തുടങ്ങിയവയൊക്കെ ചര്‍ച്ചചെയ്തു. ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തിലുള്ള തോഡാ ധ്യാന്‍ സേ അരങ്ങിലെത്തിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും മാത്രം കഥാപാത്രങ്ങളായുള്ള ഐ കാണ്‍ട് ഇമാജിന്‍ ടുമാറോ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേക്കു തുറന്നുവച്ച ജാലകമായി. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീയുടെമേല്‍ സമൂഹം അടിച്ചേല്‍പിക്കുന്ന നിബന്ധനകളാണ് തോഡാ ധ്യാന്‍ സെയുടെ ഉള്ളടക്കം.
അക്ഷരങ്ങളില്‍ നിന്ന് അരങ്ങിലെത്തിയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ദൃശ്യവല്‍ക്കരണം മനോഹരമായിരുന്നുവെന്ന് മുഴുവന്‍ കാണികളും ഒരുപോലെ അഭിപ്രായപ്പെട്ടു. നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ ദീപന്‍ ശിവരാമനാണ് ഇതിഹാസത്തിന് രംഗഭാഷ്യമൊരുക്കിയത്. അദ്ദേഹത്തിന്റെ സ്‌പൈനല്‍ കോഡ് നേരത്തേ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നാടകമായിരുന്നു. തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതി അംഗങ്ങളെ അണിനിരത്തിയ ഈ നാടകം നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് തൃശൂരിലെത്തിയത്.



cover4

പഴക്കമേറെയുണ്ടെങ്കിലും ഇപ്പോഴും പ്രസക്തമായ ഇതിവൃത്തത്തിലൂടെ മറിയാമ്മ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു. 1878ല്‍ കൊച്ചീപ്പന്‍ തരകന്‍ രചിച്ച സ്ത്രീനാടകവേദിയിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന മറിയാമ്മ, ശ്രീനാഥ് നായരാണ് അരങ്ങിലെത്തിച്ചത്. പഴയ നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം ഒരിക്കല്‍ കൂടെ രംഗത്തെത്തിയപ്പോള്‍ ഒന്നേകാല്‍ നൂറ്റാണ്ടുകൊണ്ട് നമ്മുടെ സ്ത്രീജീവിതത്തില്‍ വന്ന മാറ്റം എത്രത്തോളം അടിസ്ഥാനപരമായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള അവസരമായി അത്.

മണിക്കൂറുകളോളം കാട്ടില്‍ ഒറ്റയ്ക്ക് ഒരു മൃതദേഹത്തോടൊപ്പം കഴിയേണ്ടി വന്ന പോലിസുകാരന്റെ കഥയാണ് അദ്ദേഹവും മൃതദേഹവും. കെട്ടുകഥകളും പുരാണങ്ങളും പുത്തന്‍ ഇതിഹാസങ്ങളും കൂട്ടിച്ചേര്‍ത്ത് യാഥാര്‍ഥ്യവും സങ്കല്‍പവും ഇടകലര്‍ത്തിയ സില്‍ക്ക് ത്രെഡും സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങള്‍ ചര്‍ച്ചചെയ്ത കളേഴ്‌സ് ഓഫ് അവര്‍ ബ്ലഡും മനസ്സില്‍ തട്ടുന്നതായിരുന്നു. പരിസ്ഥിതിസംരക്ഷണമായിരുന്നു ഗാര്‍ബേജ് മോണ്‍സ്റ്ററിന്റെയും മാജിക് ട്രീയുടെയും പ്രമേയം. കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളെല്ലാം തിന്നുതിന്ന് രാക്ഷസരൂപിയായ ഒരു മീനിന്റെ കഥയാണ് ഗാര്‍ബേജ് മോണ്‍സ്റ്റര്‍. സ്വന്തം വീടിന് പച്ച പെയിന്റടിക്കാന്‍ തീരുമാനിക്കുന്ന യുവദമ്പതിമാര്‍ നേരിടുന്ന വെല്ലുവിളികളാണ് എഫ്1/105 എന്ന നാടകത്തില്‍. ഭക്ഷണവും വസ്ത്രവും പ്രാര്‍ഥിക്കുന്ന ദിശയുമൊക്കെ വ്യത്യാസങ്ങളുടെ സൂചകങ്ങളാവുന്ന ഒരു കാലത്ത് നിറം എങ്ങനെയാണ് ഭീതിയും പ്രീതിയും സൃഷ്ടിച്ചെടുക്കുന്നതെന്ന് നാടകം ചര്‍ച്ചചെയ്തു.
ചെന്നൈയില്‍ നിന്നു തന്നെയുള്ള പന്‍മായ് തിയേറ്ററിന്റെ കളര്‍ ഓഫ് ട്രാന്‍സ് 2.0. ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് നാടകത്തില്‍ അഭിനയിച്ചതും. കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് മത്തി അവതരിപ്പിച്ചത്. 1970കളിലും 80കളിലും കേരളസമൂഹത്തിലുണ്ടായ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പരിണാമങ്ങളാണ് ഈ നാടകത്തിന്റെ പ്രമേയം.
അനുഭവങ്ങളുടെ കരുത്തില്‍  ലബനീസ് നാടകസംഘം
അനുഭവങ്ങളുടെ കരുത്താണ് ലബനീസ് നാടകങ്ങളുടെ സവിശേഷത. ഖലീല്‍ ജിബ്രാന്റെ നാട്ടില്‍ നിന്നു മൂന്നു നാടകങ്ങളാണ് ഇത്തവണ നാടകോല്‍സവത്തിനെത്തിയത്. സില്‍ക്ക് ത്രഡ്, ഹെവന്‍സ്, ദി ബാറ്റില്‍ സീന്‍ എന്നിവ. കഴിഞ്ഞ ഇറ്റ്‌ഫോക്കില്‍ പ്രേക്ഷകശ്രദ്ധ നേടിയ ലബ്‌നാന്‍ തിയേറ്റര്‍ കമ്പനിയായ സുകാക് തന്നെയായിരുന്നു ഇത്തവണയും ലബനീസ് നാടകങ്ങള്‍ അരങ്ങിലെത്തിച്ചത്. കഴിഞ്ഞ തവണ സുകാക് അവതരിപ്പിച്ച നാലു നാടകങ്ങള്‍ പോലെ തന്നെ വ്യത്യസ്തമാണിവയും. യാഥാര്‍ഥ്യവും കാല്‍പനികതയും ഇഴചേരുന്ന അനുഭവം സമ്മാനിക്കുന്ന സില്‍ക്ക് ത്രഡ് ഇതില്‍ ശ്രദ്ധേയമായി.

dheepan-shivaraman
'നാടകം ഞങ്ങള്‍ക്ക് രാഷ്ട്രീയ ഇടം കൂടിയാണ്. നാടകം വഴി ലബ്‌നാനിലെ നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ ഇടപെടുകയാണ് ഞങ്ങളുടെ ലക്ഷ്യം'- ലബ്‌നാന്‍ നാടകസംവിധായകനായ ജുനൈദ് സൈറുദ്ദീന്‍ ഇതു പറയുമ്പോള്‍ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളമുയരുന്നുണ്ട്.
പതിറ്റാണ്ടുകളായി ലബ്‌നാനിലെ സ്‌കൂളുകളിലൊന്നും ചരിത്രം പഠിപ്പിക്കുന്നില്ലത്രെ. 'ലബ്‌നാനു ചരിത്രം തന്നെ ഇല്ല എന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്. വെറും ശൂന്യത. ആഭ്യന്തരയുദ്ധങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, എല്ലാം ചരിത്രത്തില്‍നിന്നു മായ്ച്ചുകളയാനാണ് ശ്രമം'- ജുനൈദ് പറയുന്നു.
വിജയിച്ചവരുടെ ചരിത്രമല്ല, പരാജയപ്പെട്ടവരുടെ ചരിത്രമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് ഹെവന്‍ എന്ന നാടകത്തിന്റെ സംവിധായകന്‍ സെയ്ദ് ഉമര്‍ പറയുന്നത്. കേരളത്തില്‍നിന്ന് ലബ്‌നാനില്‍ എത്താന്‍ കാതങ്ങള്‍ ഏറെ താണ്ടാനുണ്ടെങ്കിലും ഇവിടത്തെ സാമൂഹിക-രാഷ്ട്രീയ ശ്രേണികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന അലയടികള്‍ക്ക് ലബ്‌നാനിലേതില്‍നിന്ന് കാര്യമായ വ്യത്യാസമില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 'നിങ്ങളുടേതുപോലെ ഞങ്ങളുടേതും ഒരു ജനാധിപത്യരാജ്യം തന്നെയാണ്. ആവിഷ്‌കരണങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും അവിടെ കാര്യമായ നിയന്ത്രണമില്ല. എന്നാല്‍, നാടകം എന്ന കലയെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് അവിടെയുള്ള വെല്ലുവിളികളില്‍ പ്രധാനം'- ലബ്‌നാന്‍ സംഘം പറയുന്നു.
ഒരൊറ്റ ചോദ്യം; നൂറിലേറെ ഉത്തരം
നാടകാവതരണങ്ങള്‍, സംഗീതപരിപാടികള്‍, ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനം- ശരീരത്തിന്റെ രാഷ്ട്രീയം എന്ന ആശയവുമായി നടന്ന നാടകോല്‍സവം അരങ്ങൊഴിയുമ്പോള്‍ കാണികള്‍ക്കു ലഭിച്ചതെന്താണെന്ന ഒരൊറ്റ ചോദ്യത്തിനു നൂറുകണക്കിന് ഉത്തരമാണു ലഭിച്ചത്. സംഘാടനം നന്നായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി നാടകങ്ങളുടെ നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികവു കുറവാണെന്ന അഭിപ്രായം കാണികളില്‍ പരക്കെയുണ്ടായി. മുഖ്യപ്രമേയത്തോടു നീതി പുലര്‍ത്തുന്ന നാടകങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായവും കാണികളില്‍ നിന്നുണ്ടായി.
നാടകോല്‍സവത്തില്‍ ഒരു തവണ നാടകം അവതരിപ്പിച്ച സംഘത്തിന് അടുത്ത രണ്ടു വര്‍ഷം അവസരം കൊടുക്കരുത് എന്ന അഭിപ്രായവും കേട്ടു. പുതിയ ചിന്തകളും ആശയവും വരാന്‍ ഇത് ആവശ്യമാണെന്ന വാദം പ്രസക്തമായി തോന്നി.
junaid-sairudheenനാടകോല്‍സവത്തിനു അനുവദിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചതാണ് മറ്റൊരു വിമര്‍ശനം. കൂടുതല്‍ ചെലവു വരുന്ന പല നാടകങ്ങളും ആ ഒറ്റക്കാരണത്താല്‍ തന്നെ ഒഴിവാക്കപ്പെട്ടു. കുറഞ്ഞ സജ്ജീകരണങ്ങളും കുറച്ച് അഭിനേതാക്കളും ഉള്ള നാടകങ്ങള്‍ തിരഞ്ഞെടുക്കുക എന്ന രീതിയിലേക്ക് സംഘാടകര്‍ മാറിയതിനു പിന്നില്‍ ഇങ്ങനെ ഒരു കാരണവുമുണ്ടായിരുന്നു.
സാങ്കേതികതയെ ഭംഗിയായി ഉപയോഗിക്കുന്നതില്‍ പല നാടകങ്ങളും മികവു പ്രകടിപ്പിച്ചില്ലെന്നും സമാന്തര അവതരണങ്ങള്‍ ഇത്തവണ കുറഞ്ഞതും നാടകോല്‍സവത്തിന്റെ തിളക്കം കെടുത്തിയെന്നാണ് മറ്റൊരു വിഭാഗം നാടകപ്രവര്‍ത്തകരുടെ അഭിപ്രായം. ലൈറ്റിങ് പരീക്ഷണങ്ങള്‍ പലപ്പോഴും പാളിപ്പോകത്തക്കവണ്ണം ദുര്‍ബലമായിരുന്നു. ഇതിനൊക്കെയിടയിലും മികച്ച ചില നാടകങ്ങള്‍ അരങ്ങിലെത്തിയെന്നതാണ് ആശ്വാസം. മലയാള നാടകങ്ങള്‍ രാജ്യാന്തര നാടകങ്ങളോടു കിടപിടിക്കത്തക്കതാണെന്നത് തീര്‍ച്ചയായും നമ്മുടെ നാടകപ്രവര്‍ത്തകര്‍ക്ക് അഭിമാനാര്‍ഹമാണ്.
നാടകം മരിക്കുന്നില്ല
saed-umerസിനിമകളും ടെലിവിഷനുമൊക്കെ ഉണ്ടെങ്കിലും നാടകമെന്ന കലയ്ക്കുള്ള ജനപ്രീതി കുറയുന്നില്ലെന്ന് ഓരോ നാടകോല്‍സവവും ബോധ്യപ്പെടുത്തുന്നു. നാടകം മരിക്കുന്നുവെന്ന് വിലപിക്കുന്നവരോട് ഇവിടെ നാടകം മരിക്കുന്നില്ലെന്ന് അവ ഉറക്കെ വിളിച്ചുപറഞ്ഞു.ലോകനാടകമേഖലയുടെ മാറ്റം കാലത്തിനേക്കാള്‍ വേഗത്തിലാണെന്നു തൃശൂരില്‍ അരങ്ങേറിയ എട്ടാമത് അന്താരാഷ്ട്ര നാടകോല്‍സവം തെളിയിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള നാടകങ്ങളില്‍നിന്ന് ഇപ്പോഴത്തെ രൂപപരമായ സൗന്ദര്യത്തിലേക്കു നാടകത്തിനുണ്ടായ മാറ്റം രസാവഹമാണ്. ലോകനാടകങ്ങള്‍ക്കുള്ള അരങ്ങായിത്തീരുക എന്നതിനുമപ്പുറത്ത് നമ്മുടെ നാടകമേഖല ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന ഓര്‍മപ്പെടുത്തലിനാണ് ഇവിടെ പ്രസക്തി.
Next Story

RELATED STORIES

Share it