മധുര: മധുരയിലെ ആവണ്യാപുരത്ത് ഗ്രാമത്തില്‍ പ്രതിമകളുടെ കാര്യത്തിലും ജാതി വിവേചനം. ദലിത് സമുദായാംഗങ്ങള്‍ തൊട്ടശുദ്ധമാക്കാതിരിക്കാന്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട നേതാക്കളുടെ പ്രതിമകള്‍ വേലികള്‍ക്കുള്ളിലാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്.
കാളപ്പോര് വിനോദമായ ജെല്ലിക്കെട്ടിന്റെ നാടാണ് ആവണ്യാപുരം. തൊട്ടുകൂടായ്മ കൊടികുത്തി വാഴുന്ന ദേശവുമാണിത്. ഇവിടെയാണ് അയിത്തം പ്രതിമകളുടെ രൂപത്തില്‍ മാറി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ ഏറ്റവും താഴ്ന്ന ജാതിയായ ദലിതുകള്‍ അംബേദ്കര്‍ നഗര്‍ എന്ന സ്ഥലത്താണു താമസിക്കുന്നത്. സവര്‍ണരായ തേവര്‍മാര്‍ വേറിട്ട മറ്റൊരു പ്രദേശത്തും താമസിക്കുന്നു. എണ്ണത്തില്‍ തുല്യരായ ഇരു വിഭാഗവും തങ്ങളുടെ ശക്തി കാണിക്കാന്‍ അവരവരുടെ നേതാക്കളുടെ നിരവധി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1993 സപ്തംബര്‍ 14നാണു ദലിതര്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമ അവരുടെ കേന്ദ്രത്തില്‍ സ്ഥാപിച്ചത്.
നീലക്കോട്ടും ചുവന്ന ടൈയും ധരിച്ച് ഇടത് കൈയില്‍ പുസ്തകവും ഉയര്‍ത്തി വലതുകൈയുടെ ചൂണ്ടുവിരല്‍ മാനത്തേക്കു ചൂണ്ടിയുമുള്ള അംബേദ്കറുടെ മാതൃകാ പ്രതിമയാണവര്‍ സ്ഥാപിച്ചത്. 1998 ഒക്ടോബര്‍ 23ന് തേവര്‍മാര്‍ അവരുടെ കേന്ദ്രത്തില്‍ ആദര്‍ശ പുരുഷനും മുന്‍ എംപിയുമായ മുതുരാമലിംഗ തേവരുടെ പ്രതിമയും സ്ഥാപിച്ചു. അംബേദ്കറുടെ പ്രതിമ ഒരു ഉയര്‍ന്ന പീഠത്തില്‍ തുറന്ന സ്ഥലത്താണു സ്ഥാപിച്ചത്. എന്നാല്‍ തേവരുടേതിന് ചുറ്റും ഒരു വേലി കെട്ടിയിരുന്നു.
ഗ്രാമത്തിലെ മറ്റൊരിടത്തുള്ള തേവരുടെ പ്രതിമ ഒരു ഷട്ടറിനുള്ളിലാണു സൂക്ഷിച്ചിരുന്നത്. തേവരുടെ പ്രതിമ ഒരു കൂട്ടിനുള്ളില്‍ സ്ഥാപിച്ചത് അധമന്‍മാരായ ദലിതര്‍ തൊട്ടശുദ്ധമാക്കാതിരിക്കാനാണെന്നാണ് തേവര്‍ ഗ്രാമത്തിലെ പെരിയസ്വാമി എന്ന 80കാരന്‍ പറഞ്ഞത്.
എന്നാല്‍ മുതുരാമലിംഗ തേവര്‍ 1940ല്‍ ദലിതരുടെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടി പോരാടിയ നേതാവായിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. ഈ പ്രതിമയ്ക്ക് അടുത്തുള്ള ഒരു പോസ്റ്റില്‍ ദലിതര്‍ക്കെതിരേ പോരാട്ടം നടത്തിയ മരുതു സഹോദരന്‍മാരുടെ കുതിരപ്പുറത്ത് വാളേന്തി നില്‍ക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്. ഈ ചിത്രവും പ്രതിമയ്ക്ക് ചുറ്റുമുള്ള വേലിയും ദലിതരെ പേടിപ്പിച്ച് അവര്‍ക്ക് മേലുള്ള മേധാവിത്വം സ്ഥാപിക്കാനുള്ള തേവര്‍ വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം പ്രവര്‍ത്തകനും ദലിതനുമായ പാണ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it