77ല്‍ ശിവചരണ്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നു; 47ാം തവണ

ജയ്പൂര്‍: രാജസ്ഥാനിലെ ഖൊഹാരി ഗ്രാമീണന്‍ ശിവചരണ്‍ യാദവിന് 10ാം ക്ലാസ് വിജയം 77ലും സ്വപ്‌നമാണ്. ചോരാത്ത മോഹവുമായി അദ്ദേഹം ഇത്തവണയും പരീക്ഷയ്‌ക്കൊരുങ്ങുന്നു, തുടര്‍ച്ചയായി 47ാം തവണ. 1968ലായിരുന്നു ആദ്യ പരീക്ഷണം. രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന 10ാംക്ലാസ് പരീക്ഷ പാസായ ശേഷമേ വിവാഹം കഴിക്കൂവെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശപഥം ചെയ്തതാണ്.
പലപ്പോഴും വിജയത്തിന്റെ വക്കിലെത്തി. ഒരുതവണ ഗണിതശാസ്ത്രവും ശാസ്ത്രവിഷയങ്ങളും വിജയിച്ചപ്പോള്‍ ഹിന്ദിയിലും ഇഗ്ലീഷിലും തോറ്റു. 1995ല്‍ എല്ലാ വിഷയങ്ങളും വിജയിച്ചപ്പോള്‍ കെണിയായതു ഗണിതശാസ്ത്രം. കഴിഞ്ഞവര്‍ഷം സോഷ്യല്‍ സയന്‍സില്‍ മാത്രം തോറ്റു. തൊട്ടുമുമ്പ് എല്ലാ വിഷയങ്ങളിലും പരാജയം നുണഞ്ഞെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല. എന്നാല്‍ ഇത്തവണ വിജയിക്കുമെന്നു ശിവചരണ് ഉറപ്പുണ്ട്. കാരണം നിരവധി അധ്യാപകരുടെ ഉപദേശ നിര്‍ദേശങ്ങളുടെ പിന്‍ബലത്തിലാണ് ഒരുക്കം. പാരമ്പര്യമായി കിട്ടിയ പഴയ വീട്ടിലാണ് 30 വര്‍ഷമായി ശിവചരണിന്റെ താമസം. ശിവചരണിനു രണ്ടു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. 10 വയസ്സായപ്പോള്‍ അച്ഛനും. അമ്മാവനും ബന്ധുക്കളുമാണു പിന്നീട് നോക്കിയത്.
സര്‍ക്കാര്‍ നല്‍കുന്ന വാര്‍ധക്യ പെന്‍ഷനും സമീപത്തെ അമ്പലത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദവുമാണ് ഇപ്പോള്‍ ഏക ആശ്രയം. എല്ലാ വര്‍ഷവും പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴും ഹാളിലേക്കു പോവുന്നതിനു തൊട്ടുമുമ്പും ക്ഷേത്രത്തിലെത്തി പ്രത്യേകം പ്രാര്‍ഥന നടത്താറുണ്ട്.
ഓരോ വര്‍ഷവും പരാജയം നുണയുമ്പോഴും പരിഹാസവുമായി വന്‍ പടതന്നെയെത്തും. പേനയും പുസ്തകവും തന്ന് പ്രോല്‍സാഹിപ്പിക്കുന്നവരും കുറവല്ല. ഈ മാസം 10ന് തുടങ്ങുന്ന പരീക്ഷയില്‍ ശിവചരണ്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് അയല്‍വാസി രാകേഷ് മീണ പറഞ്ഞു. രാത്രി വൈകിയും വിളക്കിന് മുമ്പിലിരുന്ന് പുസ്തകം വായിച്ച് പഠിക്കുന്ന കഠിനാധ്വാനിയായ വിദ്യാര്‍ഥിയാണ് അദ്ദേഹമെന്നും മീണ കൂട്ടിച്ചേര്‍ത്തു. പരീക്ഷ ജയിച്ചാല്‍ ജീവിതസഖിയെ കണ്ടെത്തലാവും ശിവചരണിന്റെ അടുത്ത ദൗത്യം.
Next Story

RELATED STORIES

Share it