Kerala

75,000 പേര്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുക നഷ്ടമാവും

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ വെബ്‌സൈറ്റിലെ സാങ്കേതികത്തകരാര്‍ മൂലം പുതുക്കാനാവുന്നില്ല. ഇക്കാരണത്താല്‍ മുക്കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഈ വര്‍ഷം തുക ലഭിക്കില്ലെന്ന് ഉറപ്പായി. ഈ മാസം 15 ആണ് അപേക്ഷ പുതുക്കേണ്ട അവസാന തിയ്യതി. ഇത്രയും കാലം സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടലിലായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നതും പുതുക്കിയിരുന്നതും. എന്നാല്‍, ഈ വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി പ്രത്യേകം പോര്‍ട്ടല്‍ തയ്യാറാക്കുകയായിരുന്നു. ഈ പോര്‍ട്ടലാണ് കഴിഞ്ഞ രണ്ട് ആഴ്ച്ചയായി പണിമുടക്കിയിരിക്കുന്നത്.

പുതിയ അപേക്ഷകള്‍ പോര്‍ട്ടല്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പഴയ അപേക്ഷകള്‍ പുതുക്കുന്ന വിഭാഗമാണ് പണി മുടക്കിയിരിക്കുന്നത്. പ്ലസ്‌വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയാണ് ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ്പു നല്‍കുന്നത്. പത്താംക്ലാസില്‍ ആകെയുള്ളതില്‍ പകുതി മാര്‍ക്ക് വാങ്ങിയവര്‍ക്ക് ഇതിനുവേണ്ടി അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം യഥാക്രമം 2400, 3000, 3000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. ഈ തുകയ്ക്കു പുറമെ കോളജ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നീയിനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 5000 രൂപയും നല്‍കുന്നുണ്ട്.

ഒരിക്കല്‍ അപേക്ഷിച്ച് തുക ലഭിച്ചവര്‍ അടുത്ത വര്‍ഷത്തെ തുക കിട്ടാന്‍ വര്‍ഷംതോറും അപേക്ഷ പുതുക്കണം. അതാണ് വെബ്‌സൈറ്റിന്റെ സാങ്കേതികത്തകരാര്‍ മൂലം നടത്താനാവാത്തതും. യോഗ്യതാ ലിസ്റ്റില്‍ പേരുണ്ടായാല്‍ മാത്രമേ പുതുക്കാനാവൂ. വിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലിലേക്ക് യോഗ്യതാ ലിസ്റ്റ് മാറ്റിയപ്പോള്‍ വിട്ടുപോയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് അനുമാനം. 75,000 പേരുകള്‍ യോഗ്യതാ ലിസ്റ്റില്‍ നിന്നു വിട്ടുപോയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് തിയ്യതി നീട്ടിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടല്‍ തകരാര്‍ പരിഹരിക്കുകയും വേണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സംസ്ഥാനത്തു നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കോടികണക്കിനു രൂപയുടെ സ്‌കോളര്‍ഷിപ്പ് തുക നഷ്ടമാവും. ഈ വിദ്യാര്‍ഥികള്‍ക്ക് വരുംവര്‍ഷങ്ങളിലും തുക നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതുവരെയായി സംസ്ഥാനത്തെ 40,000 വിദ്യാര്‍ഥികള്‍ പു തുതായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it