75 കോടി ഡോളറിന്റെ ആയുധ ഇടപാടിന് കേന്ദ്രാനുമതി

75 കോടി ഡോളറിന്റെ ആയുധ ഇടപാടിന് കേന്ദ്രാനുമതി
X
howitzer-m777_final

കെ എ സലിം

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള പുതിയ ആയുധ ഇടപാടിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം. 75 കോടി ഡോളര്‍ ചെലവില്‍ 145 എം 777 അള്‍ട്രാലൈറ്റ് പീരങ്കികള്‍ വാങ്ങാന്‍ മന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി.
30 വര്‍ഷം മുമ്പ് നടന്ന ബോഫോഴ്‌സ് ഇടപാടിനുശേഷം ആദ്യമായാണ് രാജ്യം സമാനമായ ആയുധം വാങ്ങിക്കൂട്ടുന്നത്. ഇതോടൊപ്പം 18 ധനുഷ് പീരങ്കികള്‍ നിര്‍മിക്കാനും അനുമതിനല്‍കി. 28,000 കോടിയുടെ പുതിയ ആയുധപദ്ധതി ഉള്‍പ്പെടെ 18 പദ്ധതികളാണ് ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്തത്. അമേരിക്കയിലെ ബിഎഇ സിസ്റ്റംസ് നിര്‍മിക്കുന്ന എം 777 പീരങ്കികള്‍ അവരുടെ ഫോറിന്‍ മിലിറ്ററി സെയില്‍ പദ്ധതി മുഖേനയാണു വാങ്ങുക. 145 പീരങ്കികളില്‍ 120 എണ്ണം വിവിധ ഭാഗങ്ങളാക്കി ഇന്ത്യയിലെത്തിച്ച ശേഷം കൂട്ടിച്ചേര്‍ക്കും. ആയുധങ്ങള്‍ അതിവേഗം ലഭ്യമാക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാനും ഷെല്ലുകള്‍ ശക്തമായി വര്‍ഷിക്കാനും കഴിയുന്ന എം 777 പീരങ്കി മലനിരകളിലെ കരയുദ്ധത്തിന് ഉപയോഗിക്കാവുന്ന മികച്ച ആയുധമാണ്. 25 കിലോമീറ്ററാണ് ഇവയുടെ ആക്രമണപരിധി. ഉന്നം തെറ്റാതെ ഷെല്ലുകള്‍ പായിക്കാനാവും. ഭാരം കുറവായതിനാല്‍ ഹെലികോപ്റ്റര്‍ മുഖേന പര്‍വതമേഖലകളിലെത്തിക്കാന്‍ സാധിക്കും. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശിലും ലഡാക്കിലും ഇവ വിന്യസിക്കാനാണ് ആലോചന. ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡില്‍ വികസിപ്പിക്കുന്ന ധനുഷ് പീരങ്കിക്ക് 38 കിലോമീറ്റര്‍ ദൂരത്തേക്കു വെടിയുതിര്‍ക്കാനുള്ള ശേഷിയുണ്ട്.
കരസേനയ്ക്കു നവീന ആയുധങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍ദേശം നല്‍കിയത്. വിദേശകമ്പനികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനും കൂടുതല്‍ നിര്‍മാണശാലകള്‍ സ്ഥാപിച്ച് ആഭ്യന്തരനിര്‍മാണം മെച്ചപ്പെടുത്താനും നിര്‍ദേശിക്കുകയുണ്ടായി. ആറ് പുതുതലമുറ മിസൈല്‍ വാഹിനിക്കപ്പല്‍ വാങ്ങാന്‍ നാവികസേന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 13,600 കോടി ഗണത്തിലായിരിക്കും ഇതു നടപ്പാക്കുക.
Next Story

RELATED STORIES

Share it