|    Feb 23 Fri, 2018 12:37 am
FLASH NEWS

72 ലക്ഷവുമായി രണ്ടുപേര്‍ പിടിയില്‍

Published : 23rd January 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരിയില്‍ വീണ്ടും കുഴല്‍പണ വേട്ട. ഇത്തവണ 72 ലക്ഷമാണ് രണ്ടുപേരില്‍ നിന്നായി പിടികൂടിയത്. ഒരുകാറും കസ്റ്റഡിയിലെടുത്തു. മഞ്ചേരി വീമ്പൂര്‍ മാരിയാട് സ്വദേശികളായ പുലിക്കുത്ത് മന്‍സൂര്‍ അലി എന്ന കുഞ്ഞിപ്പ(29), മുണ്ടോടന്‍ മുഹമ്മദ് ശഹീദ്(25) എന്നിവരെയാണ് മഞ്ചേരി സിഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത പണത്തില്‍ മുഴുവനും 2000ന്റെ പുതിയ നോട്ടുകളാണ്. കഴിഞ്ഞ ആഴ്ച മഞ്ചേരിയില്‍ 52 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടിയിരുന്നു. ഇതോടെ, പുതിയ നോട്ടിറങ്ങിയ ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കുഴല്‍ പണവേട്ടയാണ് മഞ്ചേരിയില്‍ നടന്നത്. ഇന്നലെ രാവിലെ മഞ്ചേരി നെല്ലിപ്പറമ്പില്‍ നിന്നു പണം കാറില്‍ കൊണ്ടുപോവുന്നതിനിടെയാണ് സംഘം പോലിസിന്റെ വലയിലായത്. പരിശോധനയില്‍ ആദ്യം ഒന്നും കണ്ടെത്താനായില്ല. വിശദമായി പരിശോധിച്ചപ്പോള്‍  ഡോര്‍പാഡില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ബംഗളൂരു, മൈസൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലിസ് പറഞ്ഞു.  മലപ്പുറം ജില്ലയിലെ മഞ്ചേരി, പൂക്കോട്ടൂര്‍, മോങ്ങം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പണ മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന്  പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പണം ഒരുമിച്ച് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. പിടിച്ചെടുത്ത പണവും പ്രതികള്‍ സഞ്ചരിച്ച കാറും ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ആഴ്ച രണ്ടര ലക്ഷം രൂപയുമായി പട്ടര്‍കുളം സ്വദേശിയും 50 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളും, കഴിഞ്ഞ മാസം തിരൂരില്‍ നിന്നു 40 ലക്ഷം രൂപയുടെയും  കുഴല്‍പണം പിടിച്ചെടുത്തിരുന്നു. പിടിയിലായ പ്രതികള്‍ മുമ്പ് നടത്തിയ ഇടപാടുകളും പോലിസ് പരിശോധിച്ചു വരുന്നുണ്ട്. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്‌ഐ എസ് ബി കൈലാസ്‌നാഥ്, എഎസ്‌ഐ മോഹന്‍ദാസ്, ടി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത് പി സഞ്ജീവ്, അഷ്‌റഫ്, വിജയകുമാര്‍, സജയന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss