|    Aug 19 Sat, 2017 11:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

72ാമത് ഹിരോഷിമ ദിനം ആചരിച്ചു

Published : 7th August 2017 | Posted By: fsq

 

ടോക്കിയോ: യുദ്ധഭീകരതയുടെ എറ്റവും വലിയ ഉദാഹരണമായ ഹിരോഷിമ അണു ബോംബാക്രമണത്തിന്റെ 72ാം വാര്‍ഷികം വിപുലമായി ആചരിച്ച് ജപ്പാന്‍. 1945 ആഗസ്ത് ആറിനായിരുന്നു ജപ്പാന്‍ നഗരമായ ഹിരോഷിമയ്ക്കു മേല്‍ യുഎസ് സൈന്യം അണ്വായുധപ്രയോഗം നടത്തിയത്. ഇതോടെ ലോകത്ത് അണ്വായുധപ്രയോഗത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യമായി ജപ്പാന്‍ മാറുകയായിരുന്നു. ഹിരോഷിമാ ദുരന്തത്തിന്റെ വാര്‍ഷികാചരണങ്ങള്‍ നടക്കുന്ന സമാധാന സ്മാരക പാര്‍ക്കില്‍  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അണ്വായുധ ഭീഷണിയില്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്ന് ആബേ ആവശ്യപ്പെട്ടു. ദൂരന്തസ്മാരകത്തില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.അണ്വായുധങ്ങള്‍ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭാ തീരുമാനത്തെ തള്ളി ലോക ശക്തികളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ടങ്ങളുടെ നിലപാടുകളും ജപ്പാന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തര കൊറിയന്‍ നടപടികളും നിലനില്‍ക്കെയാണ് ഇത്തവണത്തെ ഹിരോഷിമാ ദിനമെന്നതും ശ്രദ്ധേയമാണ്. 72 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അണു ബോംബാക്രമണത്തില്‍ 1,40,000ഓളം പേരാണ് കൊല്ലപ്പെട്ടത്. മുന്നു ദിവസങ്ങള്‍ക്കു ശേഷം 1945 ആഗസ്ത് ഒന്‍പതിന് ജപ്പാനിലെ നാഗസാക്കിയില്‍ യുഎസ് സൈന്യം നടത്തിയ അണു ബോംബാക്രമണത്തില്‍ 74,000ഓളം മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക