wayanad local

712 ഗോത്രവര്‍ഗ കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗമായി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഗോത്രമേഖലയിലെ സമ്പൂര്‍ണ പദ്ധതിയായ ഗോത്രശ്രീ മുഖേന മൂന്നു മാസം കൊണ്ട് 712 കുടുംബങ്ങളെ പുതുതായി കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാക്കി.
ഒറ്റപ്പെട്ടും ഉള്‍ക്കാട്ടില്‍ മാറിത്താമസിക്കുകയും ചെയ്യുന്ന മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കുടുംബശ്രീയില്‍ ചേര്‍ക്കും. ജില്ലയിലെ മുഴുവന്‍ ഊരുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 26 സിഡിഎസുകളിലും തദ്ദേശഭരണ അധ്യക്ഷന്‍മാരുടെ മേല്‍നോട്ടത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലാണ് ഗോത്രശ്രീ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രകാരം ഗോത്ര ഊരുകളില്‍ സമ്പൂര്‍ണ അയല്‍ക്കൂട്ട രൂപീകരണവും മുഴുവന്‍ കുടുംബങ്ങളെയും അയല്‍ക്കൂട്ടത്തില്‍ കണ്ണിയാക്കുകയുമാണ് ലക്ഷ്യം. ജില്ലയിലെ ഗോത്ര കുടുംബങ്ങളെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കുന്നതിനായി ആനിമേറ്റര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. 100 ആനിമേറ്റര്‍മാര്‍, രണ്ടു ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവരാണ് ഗോത്രശ്രീ പദ്ധതിയുടെ ഭാഗമായി ഊരുകള്‍ കേന്ദ്രീകരിച്ച് കാംപയിന്‍ നടത്തുന്നത്. ഒരു മാസം കൊണ്ട് 700 കുടുംബങ്ങളെ കൂടി പുതുതായി കുടുംബശ്രീ അംഗമാക്കുന്നതിനുള്ള തീവ്ര കാംപയിന്‍ സംഘടിപ്പിക്കും. ആഗസ്ത് 20നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഗോത്രശ്രീ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.
പദ്ധതിയുടെ ഭാഗമായി അയല്‍ക്കൂട്ട രജിസ്റ്റര്‍, പാസ്ബുക്ക്, മിനുട്‌സ് സൗജന്യമായി നല്‍കും. പുതുതായി രൂപീകരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പ്രാഥമിക നിക്ഷേപമായി 500 രൂപ, ലെറ്റര്‍ പാഡ്, പേന, നോട്ട് പുസ്തകം എന്നിവയും നല്‍കും. കൂടാതെ 10,000 രൂപ കോര്‍പസ് ഫണ്ടും അനുവദിക്കും.
പുതുതായി രൂപീകരിച്ച ഗോത്ര അയല്‍ക്കൂട്ട ഭാരവാഹികള്‍ക്ക് സിഡിഎസ് തലത്തില്‍ പരിശീലനം ഇന്ന് ആരംഭിക്കും. കുടുംബശ്രീ ജില്ലയിലെ പരിശീലന ഗ്രൂപ്പായ ട്രൈസാത്തിനാണ് പരിശീലനച്ചുമതല.
അയല്‍ക്കൂട്ടങ്ങളിലെ മുഴുവന്‍ ഭാരവാഹികളും പരിശീലനത്തില്‍ പങ്കെടുക്കണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it