7000 സിറിയക്കാരെ പീഡിപ്പിച്ചു കൊന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

7000 സിറിയക്കാരെ പീഡിപ്പിച്ചു കൊന്നു;  ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌
X
mariano rajoyവാഷിങ്ടണ്‍: 7000ഓളം സിറിയക്കാരെ ബശ്ശാറുല്‍ അസദ് ഭരണകൂടം പ്രത്യേക തടങ്കല്‍ പാളയത്തില്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നു റിപോര്‍ട്ട്. എട്ടു മാസത്തെ ഗവേഷണത്തിനു ശേഷം ന്യുയോര്‍ക്ക് കേന്ദ്രമായുള്ള മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടിലാണ് പീഡനവും കൊലപാതകവും സംബന്ധിച്ചു വിശദീകരിക്കുന്നത്.
പീഡനത്തിനിരയായ സിറിയന്‍ പൗരന്‍മാരുടെ 53,275 ഫോട്ടോകള്‍ സംഘടന രഹസ്യമായി സിറിയയില്‍ നിന്ന് പുറത്തെത്തിച്ചു. അസദ് സര്‍ക്കാരില്‍ നിന്നു വിമതപക്ഷം ചേര്‍ന്ന വ്യക്തിയാണ് 2014 ജനുവരി മുതല്‍ ചിത്രങ്ങള്‍ പുറത്തെത്തിക്കാന്‍ സഹായിച്ചത്. സീസര്‍ എന്ന അപരനാമത്തില്‍ റിപോര്‍ട്ടില്‍ പറയുന്ന ഇയാളും സുഹൃത്തുമാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട തടവുകാരുടെ മൃതദേഹങ്ങളുടെ ചിത്രമെടുത്തത്. തടങ്കല്‍ പാളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൈനികാശുപത്രിയിലെത്തിക്കുകയും ഫോട്ടോയെടുത്ത് സൂക്ഷിക്കലുമായിരുന്നു സിറിയന്‍ പോലിസ് അംഗമായിരുന്ന സീസറിന്റെ ജോലി. ദമസ്‌കസിനോടു ചേര്‍ന്ന മിസ്സിയിലെ സൈനികാശുപത്രി പരിസരത്തു നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന രംഗങ്ങള്‍ ഉപഗ്രഹം വഴിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ശേഖരിച്ചിരുന്നു.

ദീര്‍ഘനാള്‍ പട്ടിണിക്കിടുക, അടിക്കുക, ശ്വാസം മുട്ടിക്കുക തുടങ്ങിയ പീഡനമുറകളാണ് കൂടുതല്‍ ജയിലറകളിലും നടക്കുന്നത്.
13 വര്‍ഷമായി സിറിയന്‍ സൈനിക പോലിസില്‍ ജോലി ചെയ്യുന്ന താന്‍ 6,786 തടവുകാരുടെ മൃതദേഹങ്ങള്‍ കണ്ടിട്ടുണ്ടെന്ന് സീസര്‍ പറഞ്ഞു. ദമസ്‌കസില്‍ അഞ്ചു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കസ്റ്റഡിയിലെടുത്തവരാണിവര്‍. 27 ഇരകളുടെ ബന്ധുക്കളുമായി അന്വേഷണസംഘം സംസാരിച്ചു. സൈന്യത്തില്‍ നിന്നും പോലിസില്‍ നിന്നും പിന്‍മാറിയവരെയും കൂറുമാറിയവരെയും സമാനമായി പീഡിപ്പിച്ചിരുന്നു. ചിലരുടെ മൃതദേഹങ്ങള്‍ ആഴ്ചകളോളം ജയിലിലെ സെല്ലില്‍ കിടക്കും. പിടിക്കപ്പെടുന്ന കുട്ടികളെ നിര്‍ബന്ധിച്ചു സൈന്യത്തില്‍ ചേര്‍ക്കുന്നതും പതിവാണെന്നു റിപോര്‍ട്ട് പറയുന്നു. തടവറയില്‍ നിന്നു രക്ഷപ്പെട്ട ചിലര്‍ ഇന്നു വിദേശരാജ്യങ്ങളില്‍ അഭയാര്‍ഥികളാണ്.
ജയിലിലെ പീഡനം സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ടിനോടു പ്രതികരിക്കവെ സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അസദ് ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടങ്ങിയ 2011 മാര്‍ച്ചിനു ശേഷം 1,17,000 പേരെ സര്‍ക്കാര്‍ തടവിലാക്കിയിട്ടുണ്ടെന്നാണു കണക്ക്. ഈ വര്‍ഷം ജൂണ്‍ വരെ 11,358 പേര്‍ ജയിലില്‍ മരിച്ചുവെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരും.

Next Story

RELATED STORIES

Share it