kasaragod local

700ഓളം കുടുംബങ്ങള്‍ക്ക് ഒരാഴ്ചയായി കുടിവെള്ളമില്ല



മഞ്ചേശ്വരം: ചത്ത നായയെ കുഴിച്ചിടാന്‍ ആര്‍ടിഒ അധികൃതരുടെ ഒത്താശയോടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൈപ്പ് ലൈന്‍ കുഴിച്ചത് മൂലം പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. 700 ഓളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒരാഴ്ചയോളമായി വെള്ളം കിട്ടാത്ത അവസ്ഥയാണ്. കുഞ്ചത്തൂര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റ് അധികൃതരാണ് റോഡരികില്‍ചത്ത പട്ടിയെ കുഴിച്ചിടാന്‍ വേണ്ടി സ്വകാര്യ വ്യക്തികളെ ചുമതലപ്പെടുത്തിയത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡരികില്‍ കുഴി എടുക്കുന്നതിനിടയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ രണ്ട് സ്ഥലങ്ങളില്‍ പൊട്ടിയതോടെ ജലം ഒലിച്ചുപോവുകയാണ്. തലപ്പാടിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനില്‍ നിന്നാണ് തൂമിനാട്, കുഞ്ചത്തൂര്‍, തലപ്പാടി, ഉദ്യാവര്‍ഇര്‍ഷാദ് പള്ളി പരിസരം തുടങ്ങിയ ഭാഗങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. പൈപ്പുകള്‍ പൊട്ടി ഒരാഴ്ച കഴിഞ്ഞിട്ടും ഇത് നന്നാക്കാനോ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനോ വാട്ടര്‍ അതോറിറ്റിയും തയ്യാറായിട്ടില്ല. ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് ഇത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച തലചുമടായാണ് ശുദ്ധജലം കൊണ്ടുവരുന്നത്. അതേസമയം ബില്‍ അടക്കാന്‍ ഒരു ദിവസം വൈകിയാല്‍ ജലത്തിന്റെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഓടി എത്തുന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it