Flash News

70 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍



തൃപ്രയാര്‍: വലപ്പാട് കോതകുളം ബീച്ചില്‍ വന്‍ കഞ്ചാവു വേട്ട. 70 കിലോയിലധികം വരുന്ന കഞ്ചാവുമായി നാലുപേരെ വലപ്പാട് പോലിസ് പിടികൂടി. വിപണിയില്‍ 35 ലക്ഷത്തിലധികം വിലവരും. ഇടുക്കി കൊന്നത്തടി കല്ലേപുളിക്കല്‍ രാമകൃഷണന്റെ മകന്‍ പവിത്രന്‍ (50), ഇടുക്കി രാജാക്കാട് കാത്തിരത്തിങ്കല്‍  അനില്‍ (44), കൊല്ലം കൊട്ടാരക്കര രാജേന്ദ്രന്‍ (54), ഇടുക്കി വാത്തിക്കുടി ബഥേല്‍ കോണിപ്പാട്ട് വീട്ടില്‍  ഷിജു (41) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ പിടികൂടിയത്. രഹസ്യ അറയുള്ള മഹീന്ദ്ര പിക്കപ്പ് വാഹനത്തിലും കാറിലും എത്തിച്ച് തീരദേശത്ത് ചില്ലറവില്‍പനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് പിടിയിലായത്. പിക്കപ്പ്‌വാനിന്റെ രഹസ്യ അറയില്‍ നിന്ന് 23 പാക്കറ്റുകളിലായും കാറിന്റെ ഡിക്കിയില്‍ നിന്ന് 15 പാക്കറ്റുകളിലായും കഞ്ചാവ് പിടിച്ചെടുത്തു.ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് നാലുസംസ്ഥാനങ്ങളുടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനയില്‍ പിടികൊടുക്കാതെ സാഹസികമായി തൃശൂരിന്റെ തീരപ്രദേശത്തേക്ക് എത്തിച്ചത്. നാട്ടിലെത്തിക്കുന്ന കഞ്ചാവിന് 10 ഗ്രാം പാക്കറ്റിന് 500 രൂപ നിരക്കിലാണ് ഈ സംഘം വിറ്റിരുന്നത്. ശനിയാഴ്ച ഉച്ചയോടെ വലപ്പാട് കോതകുളം ബീച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടു വാഹനങ്ങളെപ്പറ്റി പോലിസിന് ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വലപ്പാട് സിഐ സി ആര്‍ സന്തോഷിന്റെയും എസ്‌ഐ ഇ ആര്‍ ബൈജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Next Story

RELATED STORIES

Share it