kasaragod local

7.11 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങി വഞ്ചിച്ച സംഭവം: മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്

കാസര്‍കോട്: അബുദബിയില്‍ സേഫ് ലൈന്‍ ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ എല്‍എല്‍എസി എന്ന സ്ഥാപനം നടത്തുന്ന കാഞ്ഞങ്ങാട് പടന്നക്കാട്ടെ അബൂബക്കര്‍ കുറ്റിക്കോലില്‍ നിന്നും 7.11 കോടി രൂപയുടെ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങിച്ചതായി പരാതി.
സംഭവത്തില്‍ കാഞ്ഞങ്ങാട് മാവുങ്കാലിലെ നാരായണന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് അബൂബക്കറിന്റെ പിതാവ് എന്‍ ഇബ്രാഹിം ഹാജി പടന്നക്കാടും സഹാദരന്‍ അബ്ദുല്‍ സമദ് പടന്നക്കാടും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അബുദബിയിലെ വ്യാപാരിയായ അബൂബക്കറിന്റെ കടയില്‍നിന്നാണ് നാരായണന്‍ രണ്ട് വര്‍ഷത്തോളമായി ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങിയത്.
ഒന്നര വര്‍ഷത്തോളം കൃത്യമായി ഇടപാടുകള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് വാങ്ങിയ സാധനങ്ങള്‍ക്ക് ചെക്ക് നല്‍കി വഞ്ചിച്ചുവെന്നാണ് പരാതി. നാരായണന്‍ ഗള്‍ഫിലെ ബാങ്കിനേയും പാകിസ്താന്‍, ബംഗ്ലാദേശ് പൗരന്മാരേയും കബളിപ്പിച്ച് 40 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയാണ് മുങ്ങിയതെന്ന് ഇബ്രാഹിം ഹാജി പറഞ്ഞു. ഇതുസംബന്ധിച്ച് അബുദബിയില്‍ കേസ് നിലവിലുണ്ട്.
നാരായണന്‍ അബുദാബിയില്‍ ഇല്ലാത്തതിനാല്‍ അവിടെ നിയമനടപടി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസം നേരിട്ടിരിക്കുകയാണ്.
തട്ടിപ്പുനടത്തിയ പണംകൊണ്ട് നാരായണന്‍ മാവുങ്കാലില്‍ പെട്രോള്‍ പമ്പും കൊച്ചിയില്‍ ഫഌറ്റുകളും ബിസിനസ് സ്ഥാപനങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപിനാഥിന്റേയും മധ്യസ്ഥതയില്‍ കഴിഞ്ഞ നവംബര്‍ 24ന് ചര്‍ച്ച നടത്തിയിരുന്നു. നല്‍കാനുള്ള തുകയ്ക്കു പകരമായി നാരായണന്റെ ഉടമസ്ഥതയിലുള്ള മാവുങ്കാലിലെ പെട്രോള്‍ പമ്പ് അബൂബക്കറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. പിറ്റേദിവസം രജിസ്ട്രാര്‍ ഓഫിസില്‍ വരാതെ നാരായണന്‍ തങ്ങളെ വഞ്ചിച്ചതായും ഇവര്‍ പറഞ്ഞു.
ഇതേതുടര്‍ന്ന് ജില്ലാ പോലിസ് ചീഫ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും തട്ടിപ്പ് അബുദബിയില്‍ നടന്നകാര്യമായതിനാല്‍ ഇവിടെ നടപടി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇതേ തുടര്‍ന്നാണ് നാരായണന്റെ ഉടമസ്ഥതയിലുള്ള മാവുങ്കാലിലെ പെട്രോള്‍ പമ്പിന് മുമ്പിലും കുന്നുമ്മലിലുള്ള ദേവീ ഇലക്ട്രിക്കലിന് മുന്നിലും കൊച്ചിയില്‍ ആരംഭിക്കുന്ന കടയുടെ മുന്നിലും സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറഞ്ഞു.
Next Story

RELATED STORIES

Share it