|    Dec 10 Mon, 2018 2:58 pm
FLASH NEWS

69,000 രൂപയുടെ കള്ളനോട്ടുമായി ബംഗാളി യുവാവ് പിടിയില്‍

Published : 3rd December 2015 | Posted By: SMR

തൊടുപുഴ: തൊടുപുഴയില്‍ 69,000 രൂപയുടെ കള്ളനോട്ടുമായി ബംഗാളിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(19)നെയാണ് പിടികൂടിയത്. പ്രതിയുടെ കൈയില്‍ നിന്നു ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കൂടെ താമസിച്ചിരുന്ന മറ്റൊരു ബംഗാളി യുവാവിനെയും പിടികൂടിയതായി അറിയുന്നു. എന്നാല്‍, ഇത് പോലിസ് സ്ഥിരീകരിക്കുന്നില്ല. പാക്കിസ്ഥാനില്‍ അച്ചടിച്ച ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന സൂചനയാണ് പോലിസ് തരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയെ അറിയിക്കാനാണു പോലിസ് തീരുമാനം.
ഇതൊരു വലിയ ശൃംഖലയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലിസ് വ്യക്തമാക്കി. ഇന്ന് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും പോലിസ് അറിയിച്ചു. തൊടുപുഴയില്‍ സ്റ്റേഷനറി കടയില്‍ നിന്നു 100 രൂപയുടെ സാധനം വാങ്ങി ആയിരം രൂപ കൊടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ മിത്തുവിന്റെ പേഴ്‌സില്‍ 100 രൂപ ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ചില്ലറയില്ലെന്നും കൈവശമുള്ള 100 രൂപ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മിത്തു സാധനം വാങ്ങാതെ ഇറങ്ങിപ്പോയി. സംശയം തോന്നിയ കടയുടമ വിവരം പോലിസിനെ അറിയിച്ചു.
തുടര്‍ന്ന് പോലിസ് സമീപത്തു നിന്നു മിത്തുവിനെ പിടികൂടി. ചോദ്യംചെയ്യലില്‍ താമസസ്ഥലം മാറ്റിപറഞ്ഞ യുവാവ് രാത്രി മുഴുവന്‍ പോലിസിനെ വട്ടം ചുറ്റിച്ചു. തൊടുപുഴ, കഞ്ഞിക്കുഴി പ്രദേശങ്ങളിലടക്കം പോലിസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന്, ഇന്നലെ രാവിലെയോടെയാണ് പണം സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴയിലെ സ്ഥലവും വിവരങ്ങളും യുവാവ് പോലിസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലിസ് മൂവാറ്റുപുഴ വണ്‍വേ ജങ്ഷനിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍നിന്നു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ രാജ്യത്തിനു പുറത്ത് നിര്‍മിച്ച നോട്ടുകളാണ് ഇവയെന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു.മൂവാറ്റുപുഴയില്‍ താമസിച്ചുകൊണ്ട് തൊടുപുഴയുടെ വിവിധ കേന്ദ്രങ്ങളില്‍ പണം വിതരണം നടത്തുന്നതായി പോലിസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. പിടിയിലായിരിക്കുന്ന ബംഗാളി 15 ദിവസങ്ങള്‍ക്കു മുന്‍പ് ബംഗാളില്‍ പോയിരുന്നതായി പോലിസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി തവണ മൂവാറ്റുപുഴയിലും, തൊടുപുഴയും കേന്ദ്രികരിച്ച് വന്‍തോതില്‍ പണം എത്തിച്ചതായാണ് പോലിസിനു ലഭിച്ചിരിക്കുന്ന സൂചന.
മണ്ണുദിനാചരണവും
സെമിനാറും
തൊടുപുഴ: അന്താരാഷ്ട്ര മണ്ണുദിനാചരണവും ജില്ലാ തല കാര്‍ഷിക സെമിനാറും 5ന് കഞ്ഞിക്കുഴി ആപ്‌കോസ് ഹാളില്‍ റോഷി അഗസ്റ്റിയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി എം മണക്കാട് പദ്ധതി വിശദീകരണം നടത്തും. മണ്ണു ദിനാചരണവുമായി ബന്ധപ്പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ൈഹസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ മല്‍രത്തിലെ വിജയികള്‍ക്ക് പ്രസിഡന്റ് ഷീബ ജയന്‍ സമ്മാനം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss