69 മണ്ഡലങ്ങളില്‍ ത്രികോണ മല്‍സരം പ്രതീക്ഷിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളെ മല്‍സരരംഗത്തിറക്കി നേട്ടമുണ്ടാക്കാന്‍ ബിജെപിയുടെ നീക്കം. യുഡിഎഫിനും എല്‍ഡിഎഫിനും മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന കോര്‍ഗ്രൂപ്പ് അംഗങ്ങളെല്ലാം മല്‍സരിക്കും. 69 ഇടത്ത് ശക്തമായ ത്രികോണ മത്സരമുണ്ടാവുമെന്ന് ആര്‍എസ്എസ്- ബിജെപി നേതൃത്വം തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടുനില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. നേമം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 40000ലേറെ വോട്ടുകള്‍ ലഭിച്ചതിലൂടെ വിജയസാധ്യത ഏറെയാണെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു. പാലക്കാട്, കാട്ടാക്കട നിയമസഭാ മണ്ഡലപരിധിയില്‍ 35000നും 40000നും ഇടയില്‍ വോട്ട് ലഭിച്ചു. 14 മണ്ഡലങ്ങളില്‍ 30000നും 35000നും ഇടയില്‍ വോട്ടുകള്‍ നേടാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത വട്ടിയൂര്‍ക്കാവിനൊപ്പം തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയും കോവളവും ഈ ഗണത്തിലാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുള, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, പുതുക്കാട്, നാട്ടിക, പാലക്കാട് ജില്ലയിലെ നെന്മാറ, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലങ്ങളില്‍ 35000 വരെ വോട്ടുകള്‍ ലഭിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ, 20 മണ്ഡലങ്ങളില്‍ 25000 - 30000 വോട്ടുകള്‍ വരെ നേടാനായത് നേതൃത്വം ഗൗരവമായി കാണുന്നു.

തിരുവനന്തപുരം, കഴക്കൂട്ടം, അരുവിക്കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കുണ്ടറ, അടൂര്‍, കുന്നത്തൂര്‍, അരൂര്‍, കാഞ്ഞിരപ്പള്ളി, കൈപ്പമംഗലം, ഇരിങ്ങാലക്കുട, മണലൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ 30000 വരെ വോട്ടുകള്‍ ലഭിച്ചുവെന്നും  അവകാശപ്പെടുന്നു.മുന്‍നിര നേതാക്കളെയെല്ലാം മല്‍സരിപ്പിക്കണമെന്നാണ് ബിജെപിയിലെ ധാരണ. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍മാരായ ഒ രാജഗോപാല്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് വി വി രാജേഷ് എന്നിവര്‍ തിരുവനന്തപുരം ജില്ലയില്‍ മല്‍സരിക്കും. കുമ്മനത്തിനായി തിരുവനന്തപുരം, നേമം സീറ്റുകളാണ് പരിഗണിക്കുന്നത്. നേമത്ത് കുമ്മനം മല്‍സരിച്ചാല്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഒന്നിലേക്ക് ഒ രാജഗോപാല്‍ മാറും.

അല്ലെങ്കില്‍ സംസ്ഥാന വക്താവ് വി വി രാജേഷ് വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കും. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആറന്മുള, ചെങ്ങന്നൂര്‍ സീറ്റുകളിലൊന്നില്‍ എം ടി രമേശ് മല്‍സരിക്കും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്ന് കാസര്‍കോട് സീറ്റിലേക്കോ തൃശൂരിലെ പുതുക്കാട്, മണലൂര്‍ മണ്ഡലങ്ങളിലേക്കോ മാറിയേക്കും. പാലക്കാട് സീറ്റില്‍ ശോഭാ സുരേന്ദ്രനാണ് പരിഗണന. പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് നോര്‍ത്തിലും കെ പി ശ്രീശന്‍ ബേപ്പൂരിലും മല്‍സരിച്ചേക്കും.
Next Story

RELATED STORIES

Share it