6868 കോടി തിരിച്ചടയ്ക്കാമെന്ന് മല്യ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കു നല്‍കാനുള്ള വായ്പ കുടിശ്ശികയില്‍ 6868 കോടി രൂപ തിരിച്ചടയ്ക്കാമെന്ന പുതിയ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി മദ്യരാജാവ് വിജയ് മല്യ സുപ്രിംകോടതിയില്‍. പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വായ്പ കുടിശ്ശികയില്‍ 2468 കോടി രൂപ കൂടി അധികം നല്‍കാമെന്ന് മല്യ സമ്മതിച്ചത്.
തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നറിയിച്ച മല്യ ഇന്ത്യയിലേക്കു തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിനു മറുപടി നല്‍കിയില്ല. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കനത്ത നഷ്ടത്തിലാണ് അടച്ചുപൂട്ടിയതെന്നും അമിത നികുതിയും ഇന്ധനവിലയിലുണ്ടായ വര്‍ധനയുംമൂലം 6107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇത്രയും തുക മാത്രമാണ് തന്നെക്കൊണ്ട് മടക്കി അടയ്ക്കാന്‍ സാധിക്കുകയെന്നാണ് മല്യയുടെ വാദം.
നേരത്തെ 9000 കോടി വായ്പത്തുകയ്ക്കു പകരം 4400 കോടി തിരിച്ചടയ്ക്കാമെന്ന മല്യയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു. പൂര്‍ണ ഒത്തുതീര്‍പ്പെന്ന നിലയിലാണ് പുതിയ വാഗ്ദാനമെങ്കിലും വ്യക്തിപരമായും യുബി ഗ്രൂപ്പ് എന്ന നിലയിലും വിജയ് മല്യയുടെ ഗാരന്റി ബോംബെ ഹൈക്കോടതിക്കു മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് ഇദ്ദേഹത്തിനു തിരിച്ചടിയാവും.
മക്കളായ സിദ്ധാര്‍ഥ്, ലീന, ടാനിയ എന്നിവര്‍ യു എസ് പൗരത്വമുള്ളവരാണ്. വേര്‍പിരിഞ്ഞ ഭാര്യയാവട്ടെ 1996 മുതല്‍ കാലഫോര്‍ണിയയിലാണു സ്ഥിരതാമസം. അതിനാല്‍ ഇവര്‍ ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ പരിധിയില്‍ വരില്ലെന്നും വിജയ് മല്യ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവച്ച കവറില്‍ ഇന്ത്യയിലെയും പുറത്തെയും സ്വത്തുവിവരങ്ങളും കോടതിക്കു കൈമാറി. വിദേശ ഇന്ത്യക്കാരന്‍ എന്നു സ്വയം വിശേഷിപ്പിച്ച മല്യ രാജ്യത്തു താമസിക്കാത്ത ഇന്ത്യക്കാരന്‍ രാജ്യത്തിനു വെളിയിലുള്ള സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ ബാധ്യതയുള്ള ആളല്ലെന്നും വ്യക്തമാക്കി. കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്നും എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തിയുള്ള നിലപാട് ശരിയല്ലെന്നും മല്യ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it