World

68 തടവുകാര്‍ക്ക് ദാരുണാന്ത്യം

കരാക്കസ്: വെനിസ്വേലയില്‍ പോലിസ് സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തില്‍ 68 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും തടവുപുള്ളികളാണ്. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അപകടകാരണം വ്യക്തമല്ലെന്നു ചില പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ബുധനാഴ്ച വൈകീട്ടോടെ കരാബോബോ സംസ്ഥാനത്തെ വലെന്‍ഷ്യ നഗരത്തി—ലായിരുന്നു തീപ്പിടിത്തം. ചിലര്‍ പൊള്ളലേറ്റും മറ്റുചിലര്‍ ശ്വാസതടസ്സവും കാരണമാണ് മരിച്ചതെന്നു പോലിസ് അറിയിച്ചു. ജയിലില്‍ വച്ച് ഒരു തടവുപുള്ളി പോലിസുകാരനെ വെടിവച്ചെന്ന് റിപോര്‍ട്ടുണ്ട്. തുടര്‍ന്നാണ് കിടക്കകള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങിയതെന്നും പറയപ്പെടുന്നു. തീപ്പിടിത്തമുണ്ടായപ്പോള്‍ പരസ്പരം സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലിയൊരു വിഭാഗം തടവുകാരും മരിച്ചത്. തടവുകാരെ സന്ദര്‍ശിക്കാനെത്തിയ രണ്ടു സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു.
സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. അപകട വിവരമറിഞ്ഞു സ്റ്റേഷനു ചുറ്റും തടവുപുള്ളികളുടെ ബന്ധുക്കള്‍ തടിച്ചുകൂടി. മരിച്ചവര്‍ ആരൊക്കെയാണെന്ന വിവരം അറിയിക്കാതെ ഇവരോട് പോലിസ് അപമര്യാദയോടെ പെരുമാറുകയും ചെയ്തിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ നഗരത്തിലിറങ്ങി പോലിസിനെതിരേ ആക്രമണം ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ ശാന്തമായതായി സര്‍ക്കാര്‍ വക്താവ് ജീസസ് സാന്റാന്‍ഡര്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടാരെക് സാബ് അറിയിച്ചു.
തടവുകാരെ താമസിപ്പിക്കുന്നതിനായുള്ള താല്‍ക്കാലിക കേന്ദ്രമാണ് വെലന്‍സിയ പോലിസ് സ്‌റ്റേഷനിലേത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലയില്‍ തടവുപുള്ളികളെ പാര്‍പ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്.
Next Story

RELATED STORIES

Share it