അമ്പലപ്പുഴയില്‍ ജി സുധാകരനെ നേരിടാന്‍ ഷേക്ക് പി ഹാരിസ്

എന്‍ എ ഷിഹാബ്

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരനെ നേരിടാന്‍ യുഡിഎഫ് ഷേക്ക് പി ഹാരിസിനെ രംഗത്തിറക്കി. ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഷേക്ക് പി ഹാരിസ് അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെ പ്രചാരണവും ആരംഭിച്ചു.
ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ ഹാരിസിന്റെ പുത്രനായ ഷേക്ക് പി ഹാരിസ്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അമ്പലപ്പുഴയില്‍ ജനവിധി തേടുന്നത്. കേരള വിദ്യാര്‍ഥി ജനത സംസ്ഥാന പ്രസിഡന്റ്, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം കായംകുളം നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥിത്വം തര്‍ക്കത്തിലായതോടെ കോണ്‍ഗ്രസ്സിന് അമ്പലപ്പുഴ നഷ്ടമാവുകയായിരുന്നു. കോണ്‍ഗ്രസ്സിലെ തമ്മിലടിമൂലം ഇത്തവണ മണ്ഡലം ഘടകകക്ഷിയായ ജനതാദള്‍ സ്വന്തമാക്കി. കായംകുളം സീറ്റിനായി ആവശ്യമുന്നയിച്ചിരുന്ന ജനതാദളി (യു)ന് ഇതു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അമ്പലപ്പുഴയ്ക്കായി ജനതാദള്‍ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ അരഡസനിലധികം പേര്‍ സ്ഥാനാര്‍ഥിക്കുപ്പായമിട്ട് തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരുടെ പേരുകളാണു തുടക്കംമുതല്‍ സജീവമായി ഉയര്‍ന്നിരുന്നത്. ചര്‍ച്ച മുറുകിയതോടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരും ഉയര്‍ന്നു. അവസാനനിമിഷം എം എം ഹസന്റെ പേരും പരിഗണനയിലായി. ഘടകകക്ഷിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് അവസാനവട്ടവും ശ്രമം നടത്തുകയുണ്ടായി.
ചില മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഏതാനും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൊണ്ട് ഘടകകക്ഷിക്ക് സീറ്റ് നല്‍കുന്നതിനെതിരേ പ്രതിഷേധപ്രകടനവും നടത്തി.
ഒടുവില്‍ എം പി വീരേന്ദ്രകുമാറിനെ തൃപ്തിപ്പെടുത്താനായി ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഷേക്ക് പി ഹാരിസിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. എന്നാല്‍ യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് ബിഎഎല്‍ ബിരുദം നേടിയ ഷേക്ക് പി ഹാരിസ് ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍, കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച പൊതുപ്രവര്‍ത്തകനുള്ള എസ് എം നൂഹ് ഫൗണ്ടേഷന്‍ പുരസ്‌കാരം, കുവൈത്ത് ജെസിസി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ മല്‍സരരംഗത്തെത്തിയതോടെ ജനതാദളിന് ഈ മല്‍സരം ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് മല്‍സരിച്ചുവന്ന മണ്ഡലം ഉറപ്പിക്കാനുള്ള നീക്കത്തിലാണു ജനതാദള്‍ നേതൃത്വം.
Next Story

RELATED STORIES

Share it