65 ഇന്‍ഡിഗോ, ഗോ എയര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

മുംബൈ: സാങ്കേതിക തകരാറുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിയോ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ പറക്കുന്നത് വിലക്കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ)ഉത്തരവ്. ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്.
ഇതോടെ ഇരു വിമാനക്കമ്പനികളുടെയും 65 സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോ 47 വിമാന സര്‍വീസുകളും ഗോ എയര്‍ 18 സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ബസ് എ 320 നിയോ സീരിസില്‍ പെടുന്ന വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി വിനയായത്.
വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രയ്ക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ആഭ്യന്തര സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിപക്ഷവും. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ വരെയാണ് നടത്തുന്നത്. കണക്ഷന്‍ ഫ്‌ളൈറ്റ് സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
സര്‍വീസ് നിര്‍ത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റില്ലാതെ മറ്റു വിമാനങ്ങളില്‍ യാത്രചെയ്യാന്‍ അവസരമൊരുക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എന്നാല്‍, പകരം സംവിധാനങ്ങള്‍ വിജയിച്ചില്ലെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്. ബംഗലൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍കത്ത ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാന വിലക്ക് യാത്രക്കാരെ ബാധിച്ചു.
Next Story

RELATED STORIES

Share it