65കാരന്‍ മര്‍ദനമേറ്റു മരിച്ചു; മകനും കൂട്ടുകാരും സംശയത്തില്‍

കൂത്തുപറമ്പ്: മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65കാരന്‍ മരിച്ചു. മകന്റെ മര്‍ദനത്തില്‍ പരിക്കേറ്റാണു മരണമെന്ന സംശയത്തെ തുടര്‍ന്നു പോലിസ് അന്വേഷണമാരംഭിച്ചു. വേങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ചാമയുള്ള പറമ്പ് വീട്ടില്‍ വളയങ്ങാടന്‍ ചന്ദ്രനാണു ചൊവ്വാഴ്ച രാത്രി മരിച്ചത്.
ഇദ്ദേഹവും മകന്‍ നിജിലും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചുവന്നത്. തലയ്ക്കും കാലിനും മുറിവേറ്റ നിലയിലായിരുന്നു ചന്ദ്രനെ മകനും സുഹൃത്തുക്കളായ ചിലരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ മരിക്കുകയായിരുന്നു. പിതാവിനു വീട്ടില്‍ നിന്നു വീണു പരിക്കേറ്റതാണെന്നായിരുന്നു ഇതു സംബന്ധിച്ചു മകന്‍ പോലിസില്‍ നല്‍കിയ മൊഴി. എന്നാല്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവും മറ്റും സംശയമുയര്‍ത്തിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവത്തില്‍ നിജിലിന്റെ കൂടെ ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു മൊഴി രേഖപ്പെടുത്തി. ഇവരുടെ വീടിന് അടുത്തായി മറ്റു വീടുകളൊന്നുമില്ല. ചന്ദ്രന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വേങ്ങാട് സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു. വിവരമറിഞ്ഞു തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, കുത്തുപറമ്പ് സിഐ ജോഷി ജോസ്, എസ്‌ഐ കെ വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധിച്ചു.
Next Story

RELATED STORIES

Share it