|    Jul 27 Thu, 2017 8:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

64 ദിവസം വ്രതമെടുത്ത 13കാരി മരിച്ചു

Published : 9th October 2016 | Posted By: SMR

ഹൈദരാബാദ്: ചന്ദ്രമാസ വ്രതത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തുടര്‍ച്ചയായി 68 ദിവസം ഉപവാസമിരുന്നതാണ് 13കാരിയായ ആരാധന മരിക്കാന്‍ കാരണമായത്. വ്രതത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരുടെ റിപോര്‍ട്ട്.
ജൈന മതാചാര പ്രകാരം നാലുമാസം നീണ്ടുനില്‍ക്കുന്നതാണ് ചന്ദ്രമാസവ്രതം. പ്രായമേറിയവര്‍ അനുഷ്ഠിച്ചുവരുന്ന ചടങ്ങാണ് ഇത്. വ്രതം പൂര്‍ത്തിയാക്കി രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണം. വീട്ടില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ്വല്ലറി നടത്തിപ്പുകാരായ ആരാധനയുടെ കുടുംബം സെക്കന്തരാബാദിനടുത്ത് പോര്‍ട്ട്ബസാറിലാണ് താമസിക്കുന്നത്. ഇത്രയുംകാലം നീണ്ടുനില്‍ക്കുന്ന ഉപവാസം നടത്താന്‍ പെണ്‍കുട്ടിക്ക് കുടുംബം എന്തുകൊണ്ടാണ് അനുമതി നല്‍കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്‌കൂളില്‍ പോലും പോവാതെയായിരുന്നു പെണ്‍കുട്ടിയുടെ ഉപവാസം.
ഇതിനു മുമ്പും ആരാധന 41 ദിവസം നീണ്ട ഉപവാസം അനുഷ്ഠിച്ചുവെന്നും അന്ന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ആരാധന ഉപവാസമനുഷ്ഠിക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
പലരും ഇവിടെ വന്ന് സെല്‍ഫി എടുത്ത് പോയി. പക്ഷേ, ഇപ്പോള്‍ ചിലര്‍ തങ്ങള്‍ക്ക് നേരെ തിരിയുകയാണെന്നും ആരാധനയുടെ മുത്തച്ഛന്‍ മനേക് ചന്ദ് സംധാരിയ പറഞ്ഞു.
വിവാഹ വേളകളിലെ പെണ്‍കുട്ടികളുടേതുപോലെ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള ആരാധനയുടെ ചിത്രങ്ങള്‍ ഇതിനുമുമ്പേ പുറത്തുവന്നിരുന്നു.
ആരാധനയുടെ ഉപവാസം 68 ദിവസം തികച്ചതിന്റെ ആഘോഷങ്ങളില്‍ തെലങ്കാന മന്ത്രി പത്മ റാവുവും സെക്കന്തരാബാദ് എംഎല്‍എ ബി ബി പട്ടീലും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.അതേസമയം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുകാരും സമുദായത്തിലെ മുതിര്‍ന്നവരും വ്രതമെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ബാലാവകാശ സംഘടനയായ ബലാലഹക്കുള സംഘം ആരോപിക്കുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആവശ്യപ്പെട്ട് സംഘടന ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ക്കു കത്തയച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക