Flash News

63 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി ; ചരിത്ര നേട്ടവുമായി സര്‍ക്കാര്‍



തിരുവനന്തപുരം: സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം പൂര്‍ത്തിയാവുമ്പോള്‍ സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 63 ശതമാനം വരുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി ചരിത്രനേട്ടവുമായി സര്‍ക്കാര്‍. 27 വരെ 2017-18 സാമ്പത്തികവര്‍ഷത്തെ 63 ശതമാനം പദ്ധതികള്‍ക്കാണു ഭരണാനുമതി നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 95 ശതമാനം പദ്ധതികള്‍ക്കും ഇതിനകം ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. നബാര്‍ഡിന് സമര്‍പ്പിക്കേണ്ട ഗ്രാമീണ പശ്ചാത്തലസൗകര്യ വികസന ഫണ്ട് (ആര്‍ഐഡിഎഫ്) പദ്ധതികളില്‍ 99 ശതമാനത്തിനും അംഗീകാരം ലഭ്യമായി. കഴിഞ്ഞകാലങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതു ചരിത്രനേട്ടമാണ്. ഇതുവഴി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പതു മാസം ലഭിക്കുകയും ചെയ്യും.സാധാരണ നിലയില്‍ ജൂണ്‍ മാസമാവുമ്പോള്‍ വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം വരുന്ന പ്രവൃത്തികള്‍ക്കോ പദ്ധതികള്‍ക്കോ പോലും ഭരണാനുമതി കിട്ടാറില്ല. ആ സ്ഥാനത്താണ് 63 ശതമാനമെന്ന നേട്ടം സംസ്ഥാനം കൈവരിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൃത്യമായ ഇടവേളകളില്‍ പദ്ധതി പ്രവര്‍ത്തനം അവലോകനം ചെയ്യുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുകയും തടസ്സങ്ങള്‍ അപ്പപ്പോള്‍ മാറ്റുകയും ചെയ്തത് നേട്ടം കൈവരിക്കാന്‍ കാരണമായി. ഉല്‍പാദനം, സേവനം, പശ്ചാത്തല വികസനം എന്നീ മൂന്നു മേഖലകളിലാണു തദ്ദേശ സ്ഥാപനങ്ങള്‍ മുഖ്യമായും പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞ 15ന് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും പദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജൂണ്‍ 30ന് മുമ്പ് 60 ശതമാനം പദ്ധതികള്‍ക്കും പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി നിര്‍വഹണത്തില്‍ കേന്ദ്രീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതതുവര്‍ഷത്തെ പ്രധാന പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it