|    Oct 21 Sun, 2018 4:46 am
FLASH NEWS

62 ാം വയസ്സില്‍ കുഞ്ഞിന് ജന്മം നല്‍കിയ ഭവാനിയമ്മ ഇനി ഓര്‍മ്മ

Published : 12th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: 62 ാം വയസ്സില്‍ കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ഭവാനിയമ്മ ഇനി ഓര്‍മ്മ. മൂവാറ്റുപുഴ കാവുങ്കര സ്വദേശിനിയും റിട്ട. അധ്യാപികയുമായിരുന്ന ഭവാനിയമ്മ (ബേബി ടീച്ചര്‍) ഇന്നലെ പുലര്‍ച്ച 1.30 ഓടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടെസ്്റ്റിയൂബ് ശിശുവിലൂടെ ഭവാനിയമ്മ കുഞ്ഞിന് ജന്മം നല്‍കിയത്. 2004 ഏപ്രില്‍ 14 നാണ്് ഭവാനിയമ്മ  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ബീജസങ്കലത്തിലൂടെയാണ് ഭവാനിയമ്മ ഗര്‍ഭിണിയായത്. കുഞ്ഞ് ജനിച്ചതോടെ ഏറെ ആഹ്ലാദവതിയായിരുന്ന ഭവാനിയമ്മയുടെ ജീവിതം മാറ്റിമറിച്ചത് അധികംനാള്‍ കഴിയും മുമ്പാണ്. കണ്ണന്‍ എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന കുട്ടി ഒന്നര വയസ്സ് തികയുന്നതിനിടെയാണ് ബക്കറ്റിലെ വെള്ളത്തല്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ദാരുണ മരണം ബേബി ടീച്ചര്‍ക്ക് മാത്രമല്ല, പ്രദേശത്തെ ആകെ ദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. കുഞ്ഞ് മരിച്ചതിന് ശേഷം പലയിടങ്ങളിലായി താമസിച്ചിരുന്ന ഭവാനിയമ്മ 8 വര്‍ഷത്തോളമായി വയനാട്ടിലാണ് താമസം. മാനന്തവാടിയില്‍ വാടകയ്്ക്ക് താമസിച്ചിരുന്ന ഇവര്‍ വീണ്ടും അധ്യാപനരംഗത്ത് സജീവമായി. ഇതിനിടെ അസുഖങ്ങളും ഭവാനിയമ്മെ തളര്‍ത്തിയിരുന്നു. 8 മാസം മുമ്പ് മാനന്തവാടിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടീച്ചറിന്റെ ചികില്‍സാ ചെലവുകളും മറ്റും വഹിച്ചിരുന്ന വയനാട് പിണങ്ങോട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായിരുന്നു. ആദ്യം പത്ര ഏജന്റിനെ വിവാഹം കഴിച്ച ശേഷം കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ട് രജിസ്റ്റര്‍ വിവാഹം കൂടി ടീച്ചര്‍ കഴിച്ചെങ്കിലും കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. തുടര്‍ന്നാണ് ടെസ്റ്റ്യൂബ് ശിശു എന്ന ആശയത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. 30 വര്‍ഷത്തോളം കാവുങ്കര മുസ്്‌ലിം എല്‍പി സ്‌കൂളില്‍ അധ്യാപികയായും 3 വര്‍ഷം പ്രധാന അധ്യാപികയായും പ്രവര്‍ത്തിച്ച ബേബി ടീച്ചര്‍ക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. ഒരായുസ്സില്‍ നേരിടാവുന്നതിലധികം വെല്ലുവിളികളെ അതിജീവിച്ച ഭവാനിടീച്ചര്‍ ലാളിച്ച് കൊതിതീരും മുമ്പ് തന്നെ വിട്ടുപോയ കണ്ണന്റെ ലോകത്തിലേക്ക് യാത്ര ആയതോടെ മൂവാറ്റുപുഴയിലും അതിന്റെ ദു:ഖത്തിലാണ്.മൃതദേഹം ഇന്നലെ വൈകീട്ട് വയനാട്ടിലുള്ള സ്വകാര്യ ക്ഷേത്രം വക സ്ഥലത്ത് സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മൂവാറ്റുപുഴയില്‍ നിന്നും ടീച്ചറുടെ ശിഷ്യരുള്‍പ്പടെ നിരവധിപേര്‍ എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss