കാലഫോര്‍ണിയ: വനിതാ ടെന്നിസ് താരങ്ങള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റിന്റെ ഡയറക്ടര്‍ റെയ്മണ്ട് മൂര്‍സ് രാജിവച്ചു. താനൊരു വനിതാ താരമായിരുന്നെങ്കില്‍ എല്ലാ ദിവസവും രാത്രി റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുമെന്നും ടെന്നിസില്‍ വനിതകള്‍ പുരുഷന്‍മാരുടെ വാലില്‍ തൂങ്ങുന്നവരാണെന്നുമുള്ള വിവാദ പ്രസ്താവനയാണ് മൂര്‍സിനെ കുടുക്കിയത്. കൂടാതെ പുരുഷ താരങ്ങളാണ് ടെന്നിസിനെ മുന്നോട്ട് നയിക്കുന്നതെന്നും വനിതാ ടെന്നിസ് അസോസിയേഷന് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അധികം വൈകാതെ സംഭവത്തില്‍ മൂര്‍സ് മാപ്പുപറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.   ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ വനിതാ താരം സെറീന വില്യംസ്, മുന്‍ ചെക്, അമേരിക്കന്‍ ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങള്‍ മൂര്‍സിനെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ഡയറക്ടര്‍ സ്ഥാനത്തു മൂര്‍സ് തുടര്‍ന്നാല്‍ വനിതാ താരങ്ങള്‍ ഇന്ത്യന്‍വെല്‍സ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്ന് നവരത്തിലോവ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it