മൊറാഴ 75

മൊറാഴ 75
X
.
Azychavattam

എം.പി. അബ്ദുല്‍ സമദ്

മൊറാഴ- ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഗതി മാറ്റിയ വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് ഗ്രാമം. നാടുവാഴിത്തത്തിനും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന വിപ്ലവഭൂമി. 1940 സപ്തംബര്‍ 15നായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ 'മൊറാഴ' എന്ന സ്ഥലം രക്തശോഭയാല്‍ അടയാളപ്പെടുത്തപ്പെട്ടത്. ഗാന്ധിജി, നെഹ്‌റു ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭം. കൊളോണിയല്‍ അധികാരികളെ പിടിച്ചുലച്ച പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചതും ഇവിടെ നിന്നായിരുന്നു. അറാക്കല്‍: മകന്റെ ഓര്‍മകളില്‍മൊറാഴ സംഭവത്തിലെ 'യഥാര്‍ഥ നായകന്‍' എന്ന് കെ.പി.ആര്‍. ഗോപാലന്‍ വിശേഷിപ്പിച്ചത് അറാക്കല്‍ കുഞ്ഞിരാമനെയാണ്. അച്ഛന്റെ ജീവിതം സമഗ്രരൂപത്തില്‍ ക്രോഡീകരിക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ മകന്‍ ജയറാം. പെരളശ്ശേരിക്കടുത്ത മൂന്നുപെരിയയിലെ വീട്ടിലെ സ്വീകരണമുറിയില്‍ അറാക്കലിന്റെ ഛായാചിത്രമുണ്ട്.

ആര്‍ക്കുമുന്നിലും തലകുനിക്കാത്ത അപാര ധൈര്യശാലിയായിരുന്നു അച്ഛന്‍. മയ്യില്‍ പഞ്ചായത്തിലെ കയരളത്താണ് അച്ഛന്റെ വീട്. ഇടത്തരം കര്‍ഷക കുടുംബത്തിലെ മൂന്നുമക്കളില്‍ രണ്ടാമന്‍. എതിരാളികളില്‍ ഭയം ജനിപ്പിക്കുന്ന ആജാനുബാഹു. എന്നാല്‍, മനസ്സുനിറയെ സ്‌നേഹമാണ്.  മൊറാഴ സമരം നടക്കുമ്പോള്‍ അച്ഛന് പ്രായം 22. ഞാന്‍ ജനിച്ചിട്ടുപോലുമില്ല. എന്നാല്‍, സമരത്തെക്കുറിച്ച് പില്‍ക്കാലത്ത് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്'- ജയറാമിന്റെ മനസ്സിലെ അച്ഛന്‍ ഇങ്ങനെയൊക്കെയാണ്. അന്ന് മദിരാശി സംസ്ഥാനത്തിന്റെ കീഴിലായിരുന്നു മലബാര്‍. കര്‍ഷകരുടെ ചെറുകൂട്ടായ്മകള്‍  പോലും എവിടെയും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത പ്രദേശമായ കരിങ്കല്‍ക്കുഴി നണിയൂരിലാണ് വിഷ്ണുഭാരതീയന്റെ വീട്. അവിടെവച്ചാണ് കമ്മ്യൂണിസ്റ്റ് ആശയക്കാരായ നേതാക്കള്‍ ചേര്‍ന്ന് ആദ്യത്തെ കര്‍ഷകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണായിരുന്നു ഇരിക്കൂര്‍ ഫര്‍ക്ക. ഇതിനു കീഴിലായിരുന്നു കൊളച്ചേരി, മയ്യില്‍, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍. അറാക്കലിന്റെ പ്രവര്‍ത്തനമേഖലയാണ് കൊളച്ചേരി. ചിറക്കല്‍ താലൂക്കിലെ വോളന്റിയര്‍ ക്യാപ്റ്റനും അദ്ദേഹം തന്നെ.

രണ്ടാംലോക യുദ്ധ കാലഘട്ടം. മലബാര്‍, തിരുകൊച്ചി പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടെയാണ് ബ്രിട്ടിഷ് ഭരണകൂടം ഇന്ത്യയെ ഏകപക്ഷീയമായി യുദ്ധപങ്കാളിയാക്കിയത്. പ്രതിഷേധവുമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. അന്ന് ഇടതുപക്ഷ നേതൃത്വത്തിലായിരുന്ന കെ.പി.സി.സിയും സപ്തംബര്‍ 15ന് പ്രതിഷേധദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, മലബാര്‍ കലക്ടര്‍ വില്യംസ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിക്കാന്‍ കെ.പി.സി.സി. ആഹ്വാനം ചെയ്തു. പണിമുടക്കിന്റെ നാളുകള്‍ആയിടയ്ക്കാണ് ആറോണ്‍ മില്ലിലെ മാണി കോരന്‍ എന്ന തൊഴിലാളിയെ വീവിങ് മാസ്റ്റര്‍ മര്‍ദ്ദിച്ചവശനാക്കിയത്. കമ്പനിയുടമ സാമുവല്‍ ആറോണിന്റെ കണ്ണും കാതും വെട്ടിച്ച് രഹസ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചു. തുടര്‍ന്ന്, പണിമുടക്കിന്റെ നാളുകളായിരുന്നു. മൊറാഴ സംഭവത്തിന് അഞ്ചുമാസം മുമ്പായിരുന്നു ഇത്.

സഖാക്കള്‍ക്ക് ധൈര്യം പകരാന്‍ പി. കൃഷ്ണപിള്ള, എ.കെ.ജി. തുടങ്ങിയവരെത്തി. കലിപൂണ്ട കമ്പനിയുടമ സമരം പൊളിക്കാന്‍ പണി പലതും പയറ്റി. മലബാര്‍ കലാപവേളയില്‍ മര്‍ദ്ദകവീരനെന്ന വിശേഷണം ചാര്‍ത്തപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണ മേനോനെ വളപട്ടണം സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. തൊഴിലാളികളില്‍ പലരെയും മില്ലില്‍നിന്ന് പിരിച്ചുവിട്ടു.  പ്രതിഷേധ ദിനാചരണത്തിന് പുറമെ സപ്തംബര്‍ 15ന് ചിറക്കല്‍ താലൂക്കില്‍ കൃഷിക്കാരുടെ വിശേഷാല്‍ സമ്മേളനവും നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ആറോണ്‍ കമ്പനിക്കടുത്ത കീച്ചേരിയാണ് ഇതിനായി തിരഞ്ഞെടുത്തത്. എന്നാല്‍, നിരോധന ഉത്തരവ് മറികടക്കാനുള്ള തന്ത്രമായി സമ്മേളന നടത്തിപ്പിനെ പോലിസ് വ്യാഖ്യാനിച്ചു. രാവിലെ മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കീച്ചേരിയിലേക്ക് ജനമൊഴുകി. ഒപ്പം കര്‍ഷകസംഘം വോളന്റിയര്‍മാരും. ഉടനെ എസ്.ഐ. കുട്ടികൃഷ്ണ മേനോനും സംഘവുമെത്തി നിരോധന ഉത്തരവ് മുഖ്യസംഘാടകനായ കെ.പി.ആര്‍. ഗോപാലന് കൈമാറി.

ഇതേത്തുടര്‍ന്ന് നിരോധന ഉത്തരവ് ബാധകമല്ലാത്ത തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനതിര്‍ത്തിയിലുള്ള മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് യോഗം മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ജാഥകളെല്ലാം അഞ്ചാംപീടികയിലേക്ക്. അവസാനമായി കയരളത്തുനിന്ന് അറാക്കലിന്റെ നേതൃത്വത്തിലുള്ള ജാഥയുമെത്തി. യോഗനടപടികള്‍ ആരംഭിച്ചു. സാധാരണ കോണ്‍ഗ്രസ് യോഗങ്ങളില്‍ ഉയര്‍ത്താറുള്ള ത്രിവര്‍ണ പതാകയ്ക്ക് പകരം ചെങ്കൊടി ഉയര്‍ന്നു. എസ്.ഐ. കുട്ടികൃഷ്ണ മേനോന്‍ അവിടെയുമെത്തി. തളിപ്പറമ്പ് പോലിസ് ഇന്‍സ്‌പെക്ടര്‍ ബീരാന്‍ മൊയ്തീനും സബ് മജിസ്‌ട്രേറ്റ് ഗോപാലന്‍ നായരും ഒപ്പമുണ്ട്. അകമ്പടിയായി സായുധപോലിസും. വിഷ്ണു ഭാരതീയനായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍. മജിസ്‌ട്രേറ്റ് നിരോധന ഉത്തരവ് വായിച്ചു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോവാന്‍ ആജ്ഞാപിച്ചു. സമ്മേളനം അവസാനിച്ചാല്‍ പിരിഞ്ഞുപോകുമെന്നായിരുന്നു ഭാരതീയന്റെ മറുപടി. കുപിതനായ എസ്.ഐ. നേതാക്കള്‍ക്കുനേരെ ലാത്തിയുമായി കുതറിയടുത്തു. ജനം കടന്നല്‍ക്കൂട്ടം പോലെ ഇളകി. കൂട്ടപ്പൊരിച്ചിലിനിടയില്‍ ഭാരതീയന്‍ നിലത്തുവീണു. അറാക്കല്‍ കുഞ്ഞിരാമന്‍ ലാത്തി പിടിച്ചുവാങ്ങി കുട്ടികൃഷ്ണ മേനോനെ പൊതിരെ തല്ലി. ഒപ്പം നാലുപാടുനിന്നും തുരുതുരാ കല്ലേറും. പിന്നാലെ വെടിവയ്ക്കാന്‍ എസ്.ഐ. ബീരാന്‍ മൊയ്തീന്റെ ഉത്തരവ്.

അറാക്കലിന് പുറമെ കെ.ടി. രാമന്‍വൈദ്യര്‍, പി. നുറുമ്പ് എന്നീ തൊഴിലാളികള്‍ക്കും വെടിവയ്പില്‍ പരിക്കേറ്റു. കല്ലേറിന്റെ മാരകപ്രഹരത്തില്‍ കുട്ടികൃഷ്ണ മേനോന്‍ പിടഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടറും മജിസ്‌ട്രേറ്റും ജീവനും കൊണ്ടോടി. ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ അന്നുരാത്രി മരിച്ചു. തൊട്ടടുത്ത കടയിലെ നിരപ്പലക കൊണ്ടുള്ള അടിയേറ്റ് അറാക്കല്‍ ബോധരഹിതനായി. ചിലര്‍ താങ്ങിയെടുത്ത് ചാക്കിലാക്കിയാണ് അര്‍ധരാത്രി കയരളത്തേക്കു കടത്തിയത്. നാടുനീളെ മലബാര്‍ സ്‌പെഷ്യല്‍ പോലിസിന്റെ കിരാതവാഴ്ചയായിരുന്നു പിന്നീട്. 38 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കെ.പി.ആര്‍, വിഷ്ണുഭാരതീയന്‍, അറാക്കല്‍ കുഞ്ഞിരാമന്‍, സുബ്രഹ്മണ്യ ഷേണായി തുടങ്ങിയവരെല്ലാം പ്രധാന പ്രതികള്‍. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവര്‍ കൂടി പ്രതിപ്പട്ടികയില്‍. എല്ലാവരും ഒളിവില്‍ പോയി. തോക്കും ലാത്തിയുമായി പോലിസ് വീടുകള്‍ കയറിയിറങ്ങി. കണ്ണില്‍ക്കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീകളെയും വെറുതെ വിട്ടില്ല. കുറ്റിയാട്ടൂരിലായിരുന്നു അറാക്കലിന്റെ ഒളിവുജീവിതം.

എന്നാല്‍, രോഗപീഡയാല്‍ പിടിച്ചുനില്‍ക്കാനായില്ല. ഒപ്പം ഒറ്റുകാരുടെ ചതിയും. പോലിസില്‍ കീഴടങ്ങാനായിരുന്നു നിയോഗം. 'അറസ്റ്റിലായ അച്ഛനെ കൊണ്ടുപോയത് തളിപ്പറമ്പ് സ്റ്റേഷനിലേക്ക്. പിന്നെ പോലിസ് വക മര്‍ദ്ദനസല്‍ക്കാരം'-ജയറാം കേട്ട കാര്യങ്ങള്‍ വിശദീകരിച്ചു. 'മദിരാശി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരുവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. അവിടെനിന്ന് രാജമുന്ധ്രി ജയിലിലേക്ക്. 1946 ഒക്ടോബറില്‍ ജയില്‍മോചിതനായി. രാഷ്ട്രീയപ്രവര്‍ത്തനവുമായി നാട്ടില്‍ വീണ്ടും സജീവമായി. മൊറാഴ സംഭവത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.വി. അച്യുതന്‍ നമ്പ്യാരുടെ സഹോദരി ജാനകിയുമായി വിവാഹം. ഇതിനിടെ, കാവുമ്പായിയില്‍ കരക്കാട്ടിടം നായരുടെ ആനക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ അച്ഛനെ പ്രതിചേര്‍ത്തു. വീട് പോലിസ് ആക്രമിച്ചു. നാടുവിട്ട അച്ഛന്‍ ആലപ്പുഴയിലെത്തി പ്രവര്‍ത്തനം സജീവമാക്കി. 1948ല്‍ മാവിച്ചേരി കേസിലും അച്ഛനെ പ്രതിയാക്കിയിരുന്നു. 1950 ജൂണില്‍ അറസ്റ്റിലായി. തുടര്‍ന്നു ജീവപര്യന്തം ജയില്‍വാസം. ഇ.എം.എസ്. മന്ത്രിസഭ അധികാരത്തിലെത്തിയതോടെ അച്ഛനെ വിട്ടയച്ചു.'ആര്‍ക്കും വേണ്ടാത്ത ഭാരതീയന്‍ മൊറാഴ സമരനേതാക്കളില്‍ പ്രമുഖനായിരുന്നു വിഷ്ണു നമ്പീശന്‍ എന്ന വിഷ്ണുഭാരതീയന്‍. ചന്ദനക്കുറിയിട്ട്, ഭാഗവതപാരായണവുമായി സാധാരണക്കാരെ കര്‍ഷകപ്രസ്ഥാനത്തിലേക്കും അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ഭാരതീയന്‍ ആകര്‍ഷിച്ചിരുന്നതായി എ.കെ.ജി. ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാരതീയന്‍ മൊറാഴയില്‍ പ്രസംഗിക്കവെയാണ് പോലിസെത്തി യോഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതും ചോരപ്പുഴ ഒഴുകിയതും. എന്നാല്‍, പില്‍ക്കാലത്ത് കഷ്ടപ്പാടും അവഗണനയും മാത്രമാണ് അച്ഛന്റെ സമ്പാദ്യമെന്ന് മകന്‍ ഗോപാലകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.

'മൊറാഴ സംഭവത്തോടെ അച്ഛന്‍ ഒളിവില്‍ പോയി. അഭയം നല്‍കാന്‍ ആരും തയ്യാറായില്ല. രക്തം പുരണ്ട വേഷവുമായി നട്ടപ്പാതിരയ്ക്ക് കുഞ്ഞിമംഗലത്തേക്ക് പോയി. അന്നു താമസം തരപ്പെട്ടില്ല. പിന്നീട് മണിയറയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെത്തി. അയാള്‍ ഭാര്യപോലും അറിയാതെ ഭാരതീയനെ അട്ടത്ത് ഒളിപ്പിച്ചു. കൂനിക്കൂടിയുള്ള ഇരുത്തം. കാലു നിവര്‍ത്താന്‍ പോലും പ്രയാസം. നീരുവന്ന് വീര്‍ത്ത് വേദന കലശലായി. കാല് നീട്ടിവയ്ക്കാനുള്ള ശ്രമത്തിനിടെ അട്ടത്തുണ്ടായിരുന്ന പൊട്ടക്കലങ്ങള്‍ താഴെ വീണ് പൊട്ടിച്ചിതറി. അപരിചതനെ കണ്ട ഭയത്തില്‍ അയാളുടെ ഭാര്യ നിലവിളിച്ചു. എന്നാല്‍, പതിയെ അവരോട് നിജസ്ഥിതി ബോധ്യപ്പെടുത്തി.'ഗത്യന്തരമില്ലാതെ പോലിസില്‍ കീഴടങ്ങാനായിരുന്നു തീരുമാനം. തളിപ്പറമ്പിലെത്താന്‍ മംഗലശ്ശേരി പുഴ കടക്കണം. അപരിചിതനെ തോണിയില്‍ കയറ്റാന്‍ കടത്തുകാരന്‍ വിസമ്മതിച്ചു. ഒടുവില്‍ കടത്തുകാരന്‍ തന്നെ കെട്ടിയുണ്ടാക്കിയ പാഴ്ത്തണ്ട് തുഴഞ്ഞ് പുഴ കടന്നു. ഊടുവഴികളിലൂടെ പിന്നെയും നടന്നു. ദാഹിച്ച് തൊണ്ട വറ്റിയ ഭാരതീയന്‍ വഴിയോരത്തെ പീടികയില്‍ കാപ്പി കുടിക്കാന്‍ കയറി. പന്തികേട് തോന്നിയ കടക്കാരന്‍ കാര്യം തിരക്കി.

അച്ഛന്‍ തുറന്നുപറഞ്ഞു. ഇതിനിടെ, അപരിചിതനെത്തി നിങ്ങളെ ഒരാള്‍ വിളിക്കുന്നുവെന്ന് അറിയിച്ചു. കടയുടെ ചായ്പ്പിലെ അട്ടത്ത് ഇരുട്ടില്‍ ഒരു രൂപം. സൂക്ഷിച്ചുനോക്കിയപ്പോള്‍  സുബ്രഹ്മണ്യ ഷേണായി. പോലിസില്‍ കീഴടങ്ങുന്നത് മണ്ടത്തരമാണെന്നും പിന്നീട് ആരെങ്കിലും പിടിയിലായാല്‍ നിങ്ങളാണ് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തതെന്ന തെറ്റിദ്ധാരണ പരക്കാന്‍ ഇടയുണ്ടെന്നും ഷേണായി ഉപദേശിച്ചു. ഒടുവില്‍ മറ്റു നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭാരതീയന്‍ കീഴടങ്ങിയത്. സെന്‍ട്രല്‍ ജയില്‍, തൃശിനാപ്പള്ളി, ആലിപ്പുറം ജയിലുകളില്‍ മൂന്നരവര്‍ഷത്തെ തടവുജീവിതം. ഇതിനിടെ, ഭാരതീയന്‍ എഴുതിത്തയ്യാറാക്കിയ 22 പേജുള്ള സ്റ്റേറ്റ്‌മെന്റ് പോലിസ് കോടതിയില്‍ ഹാജരാക്കി. സ്വാതന്ത്ര്യത്തിന്റെ അരുണോദയം ഉടന്‍ വന്നണയുമെന്നും മൊറാഴ സംഭവത്തില്‍ തെല്ലും കുറ്റബോധമില്ലെന്നുമായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം. ഇതിന്റെ പേരില്‍ രണ്ടുമാസം അധികതടവും അനുഭവിക്കേണ്ടി വന്നു. വെറുമൊരു വീടല്ല നണിയൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിനടുത്ത ഭാരതീയ മന്ദിരമെന്ന വയക്കോത്ത് മൂലക്കല്‍ മഠം.

സംരക്ഷിക്കാന്‍ ആരുമില്ലാതെ നശിക്കുകയാണ് ഈ ചരിത്രവസതി. മഴയും വെയിലുമേറ്റ് മേല്‍ക്കൂരയുടെയും ചുവരിന്റെയും നല്ലൊരു ഭാഗം നിലംപൊത്തി. മക്കള്‍ നാലുപേരും നാലിടത്ത്. ദേശീയപ്രസ്ഥാനത്തില്‍ ആവേശം ഉള്‍ക്കൊണ്ട് ആണ്‍മക്കള്‍ക്ക് രണ്ടുപേര്‍ക്കും നേതാക്കളുടെ പേര് നല്‍കി ഭാരതീയന്‍. ജ്യേഷ്ഠന്‍ ബാലഗംഗാധര തിലകനും അനുജന്‍ ഗോപാലകൃഷ്ണ ഗോഖലെയും. തറവാട്ടിന് തൊട്ടടുത്ത വീട്ടിലാണ് ഭിന്നശേഷിക്കാരന്‍ കൂടിയായ ഗോപാലകൃഷ്ണന്റെ താമസം. അവിവാഹിതന്‍. ഭാരതീയ മന്ദിരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗോപാലകൃഷ്ണന്‍ വേദനയോടെ പറയുന്നു. 'രോഗങ്ങളും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അച്ഛന്റെ അവസാനകാലം. ദാരിദ്ര്യത്തിനും പട്ടിണിക്കും മുന്നില്‍ പരുങ്ങി. ആത്മഹത്യാചിന്ത പോലും മനസ്സിലുണ്ടായി. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് അമ്മയുടെയും മക്കളുടെയും ശീതം മാറ്റാന്‍ പാടുപെട്ട ദുരനുഭവവും അച്ഛനുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. വീടിനടുത്ത കുളക്കരയില്‍  അവഗണനയുടെ ആഴത്തെ സാക്ഷ്യപ്പെടുത്തുകയാണ് ഭാരതീയന്റെ ശവക്കല്ലറ.'   സുബ്രഹ്മണ്യ ഷേണായി എന്ന ജനകീയ നേതാവ്ഒളിവില്‍ പോയ സുബ്രഹ്മണ്യ ഷേണായി 1946ലാണ് പിന്നെ വെളിച്ചത്തുവരുന്നത്. കൊച്ചി, പറശ്ശിനിക്കടവ്, എരുവേശ്ശി, ബ്ലാത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ഒളിവുജീവിതം; ഭാസ്‌കരന്‍ മാഷ് എന്ന പേരില്‍. കോറോത്തെ പല്ലേരി മഠത്തിലും രഹസ്യമായി പാര്‍ത്തിട്ടുണ്ട്. 1947ല്‍ പയ്യന്നൂരില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അറസ്റ്റിലായി. അച്ഛനെന്നും സാധാരണക്കാരന്റെ കൂടെയായിരുന്നുവെന്ന് മൂത്തമകള്‍ എസ്. ജ്യോതി സാക്ഷ്യപ്പെടുത്തുന്നു. 'ചിലപ്പോള്‍ നേരത്തെ വീട്ടിലെത്തിയാല്‍ കഥ പറഞ്ഞുതരും. ജാതി-മത ഭേദമന്യെ ജീവിക്കാന്‍ ഉപദേശിക്കും. എ.കെ.ജി. പയ്യന്നൂരില്‍ വരുമ്പോഴെല്ലാം വീട്ടിലുമെത്തും.

25 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു അച്ഛന്‍. അച്ഛന്‍ മുന്‍കൈയെടുത്ത് വസൂരിക്കെതിരേ നാട്ടുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത് ഇന്നും ഓര്‍മയിലുണ്ട് -പയ്യന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജ്യോതി പറയുന്നു. കെ.പി.ആറും ശ്രദ്ധേയമായ ശിക്ഷാവിധിയും മൊറാഴ സമരത്തിന്റെ തിളങ്ങുന്ന താരകമാണ് കെ.പി.ആര്‍. ഗോപാലന്‍.  കല്യാശ്ശേരിയിലെ കെ.പി.ആറിന്റെ വസതിയുടെ പേര് തന്നെ മൊറാഴ വീട് എന്നാണ്. സഹോദരങ്ങളായ കെ.പി.ആര്‍. ത്രയങ്ങളില്‍ ഗോപാലനും രയപ്പനും ഇന്നില്ല. മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന അനുജന്‍ കെ.പി.ആര്‍. കൃഷ്ണന്‍ വാര്‍ധക്യജീവിതം നയിക്കുന്നു. 1940 ഡിസംബര്‍ മാസമായതോടെ ഇനിയും പിടികിട്ടാത്ത അഞ്ചുപേരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം ഊര്‍ജിതമാക്കി. കെ.പി.ആറിനെയും സുബ്രഹ്മണ്യ ഷേണായിയെയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. കടമ്പേരിയിലായിരുന്നു കെ.പി.ആറിന്റെ ഒളിവുജീവിതം. പക്ഷേ, മാസങ്ങള്‍ക്ക് ശേഷം രോഗബാധിതനായി. ചികില്‍സയില്‍ കഴിയവെ പോലിസ് പിടികൂടി.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ മറ്റൊരധ്യായം കുറിച്ച വിചാരണയും വിധിന്യായവുമായിരുന്നു മൊറാഴ കേസിന്റേതെന്ന് ചരിത്രഗവേഷകനായ ഡോ. പി. മോഹന്‍ദാസ് പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതി കെ.പി.ആറിനെയും മറ്റു പ്രതികളില്‍ ചിലരെയും ഏഴുവര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചത്. എന്നാല്‍, പോലിസ് മദിരാശി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കെ.പി.ആറിനെ വധശിക്ഷയ്ക്കും അറാക്കല്‍ കുഞ്ഞിരാമന്‍, വി.പി. നാരായണന്‍, പി. ഗോവിന്ദന്‍ നായര്‍ എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വധശിക്ഷാ വിധിക്കെതിരേ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. നെഹ്‌റു ഉറച്ചസ്വരത്തില്‍ ബ്രിട്ടിഷ് ഭരണകൂടത്തെ താക്കീത് ചെയ്തപ്പോള്‍ ഗാന്ധിജി ഹരിജനില്‍  എഴുതി: തെളിവുകള്‍ വിധിയെ ന്യായീകരിക്കുന്നുണ്ടാവാം. എങ്കിലുമിത് ശിക്ഷായിളവ് അര്‍ഹിക്കുന്ന ഒന്നാണ്. ഈ വിധി നീതിയുടെ പ്രഹസനമാണ്. കടുത്ത പ്രതിഷേധത്തിന് മുന്നില്‍ ബ്രിട്ടിഷ് ഭരണകൂടം മുട്ടുമടക്കി. 1942 മാര്‍ച്ച് 24ന് ആഭ്യന്തര വകുപ്പ് കെ. പി.ആറിന്റെ വധശിക്ഷ ഇളവ് ചെയ്തതായി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it